വിഴിഞ്ഞം കൊലപാതകം: പ്രതികളെ പിടികൂടിയത് ഒരു മണിക്കൂറിനകം
text_fieldsവിഴിഞ്ഞം: ആസൂത്രിത കൊലപാതകത്തിനു ശേഷം സ്വർണവുമായി കടന്ന പ്രതികളെ വിഴിഞ്ഞം പൊലീസ് പിടികൂടിയത് ഒരു മണിക്കൂറിനകം. മൊബൈൽ ഫോണാണ് ഇവരെ കുരുക്കിയത്. കൊലപാതകം തനിച്ചാണ് ചെയ്തതെന്ന് പിടിയിലായവരിൽ ഒരാളായ അൽഅമീൻ പറയുന്നുണ്ടെങ്കിലും പൊലീസ് മുഖവിലയ്െക്കടുത്തിട്ടില്ല. വെള്ളിയാഴ്ച രാത്രിയോടെയാണ് വിഴിഞ്ഞം മുല്ലൂർ കലുങ്ക് നട സ്വദേശിനി ശാന്തകുമാരിയെ (75) അയൽവാസിയുടെ വീട്ടിലെ മച്ചിനു മുകളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
കൊല്ലപ്പെട്ട ശാന്തകുമാരിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അയൽവീട്ടിൽ വാടകക്ക് താമസിച്ചിരുന്ന വിഴിഞ്ഞം ടൗൺ ഷിപ് സ്വദേശിനി റഫീഖ ബീവി(48), മകൻ ഷഫീഖ് (25), റഫീഖയുടെ സുഹൃത്ത് പാലക്കാട് പട്ടാമ്പി സ്വദേശി അൽഅമീൻ (26) എന്നിവരാണ് വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിൽ ഉള്ളത്. പൊലീസ് എത്തി നടത്തിയ പരിശോധനയിൽ പ്രഥമദൃഷ്ട്യാതന്നെ കൊലപാതകം ആണെന്ന് മനസ്സിലായതിനെ തുടർന്ന് വാടക വീട്ടിൽ ഉണ്ടായിരുന്നവരുടെ മൊബൈൽ വിവരങ്ങൾ സൈബർ സെല്ലിന് കൈമാറി. സൈബർ സെൽ പരിശോധനയിൽ മൊബൈൽ ടവർ ലൊക്കേഷൻ സംഗീത കോളജിന്റെ ഭാഗത്ത് ഏറെ നേരം ഉണ്ടായിരുന്നതായി കണ്ടെത്തി.
തുടർന്ന് ഇവിടെനിന്ന് പുറപ്പെടുന്ന സ്വകാര്യ ബസുകളിൽ ടിക്കറ്റ് എടുത്തവരുടെ വിവരങ്ങൾ പരിശോധിക്കുമ്പോൾ അതിൽ അൽഅമീൻ എന്ന പേര് ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ബസിന്റെ ഡ്രൈവറെ ബന്ധപ്പെട്ട് ബസ് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ എത്തിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മോഷ്ടിച്ച സ്വർണം വിഴിഞ്ഞത്തെ ജ്വല്ലറിയിൽ വിറ്റ ശേഷമാണ് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.