വിഴിഞ്ഞം: ഉമ്മൻ ചാണ്ടിയുടെ കാഴ്ചപ്പാട് പതിഞ്ഞ പദ്ധതി
text_fieldsവിഴിഞ്ഞം: നിർമാണം പൂർത്തിയായി നാടിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ നങ്കൂരമിടുമ്പോൾ അതിന്റെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ആരും മറക്കില്ല. പല തരത്തിൽ വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറി ശ്രമം നടന്നപ്പോഴും അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ് ടെൻഡർ നടപടികൾ ദ്രുതഗതിയിൽ ആയത്. തുറമുഖ നിർമാണത്തിനായി ആഗോള ടെൻഡർ ക്ഷണിച്ച വേളയിൽ ടെൻഡർ ഫോറം വാങ്ങിയ കമ്പനികളിൽ ഒന്നുപോലും പങ്കെടുക്കാതിരുന്നിട്ടും സ്വപ്നപദ്ധതി യാഥാർഥ്യമാക്കാനുള്ള തീരുമാനത്തിൽ നിന്ന് ഒരിഞ്ച്പോലും പിന്നോട്ട് പോകാൻ അദ്ദേഹം തയാറായില്ല.
വീണ്ടും ടെൻഡർ ക്ഷണിച്ചതിൽ പങ്കെടുത്ത രണ്ട് കമ്പനികളിൽ യോഗ്യമായ അദാനി ഗ്രൂപ്പുമായി കരാർ ഒപ്പിട്ട് നിർമാണ ഉദ്ഘാടനം 2015 ഡിസംബർ അഞ്ചിന് നടത്തി. അതോടെയാണ് സർക്കാർ-സ്വകാര്യ സംരംഭമായ ഇന്ത്യയിലെ ആദ്യ തുറമുഖമായ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് ജീവൻവെച്ചത്. നിർമാണം തുടങ്ങി 1000 ദിവസങ്ങൾക്കുള്ളിൽ ഒന്നാം ഘട്ടം പൂർത്തിയാക്കി കപ്പൽ അടുപ്പിക്കുമെന്ന് അദാനി ഗ്രൂപ് ഉദ്ഘാടനവേദിയിൽ ഉറപ്പുനൽകിയതാണ്. 250 ഏക്കർ ഭൂമി ആണ് ഉമ്മൻ ചാണ്ടി സർക്കാർ അന്ന് അനായാസം ഏറ്റെടുത്ത് തുറമുഖ നിർമാണത്തിനായി കൈമാറിയത്. സർക്കാർ മാറിയതോടെ നിർമാണപ്രവർത്തനങ്ങൾ ഇഴഞ്ഞു. അവശേഷിക്കുന്ന പത്ത് ഏക്കർ ഭൂമി ഏറ്റെടുക്കുന്നത് ഇപ്പോഴും നീളുകയാണ്.
രാഷ്ട്രീയ വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഒരു സ്ഥലത്ത് വിവിധ വിഭാഗങ്ങളുടെ വ്യക്തിഗത താൽപര്യങ്ങൾക്കപ്പുറം നാടിന്റെ വികസനത്തിനായി എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കാനും അവരെ വിശ്വാസത്തിലെടുത്ത് ഒരു ചെറിയ പ്രതിഷേധത്തിന് പോലും ഇട നൽകാതെ പദ്ധതി നടപ്പാക്കാൻ അദ്ദേഹം കാണിച്ച ആർജവവും വൈദഗ്ധ്യവും മറ്റാർക്കും അവകാശപ്പെടാനാകാത്തതാണ്. പദ്ധതിക്കായി വിളിച്ചുചേർത്ത അഭിപ്രായ രൂപവത്കരണ സമ്മേളനത്തിലും വിഴിഞ്ഞത്തെ ജനങ്ങൾ ഒന്നടങ്കം അദ്ദേഹത്തോടൊപ്പം നിന്നു. നിക്ഷിപ്ത താൽപര്യങ്ങളുമായി പദ്ധതിക്കെതിരെ തിരിയാൻ ശ്രമിച്ചവർ ജനവികാരം തങ്ങൾക്കെതിരാണെന്ന് മനസ്സിലാക്കി പിൻവാങ്ങിയതിലും ഉമ്മൻ ചാണ്ടിയെന്ന ജനകീയ നേതാവിന്റെ കൈയൊപ്പ് കാണാം. അന്താരാഷ്ട്ര ജലപാതയോട് തൊട്ട് ചേർന്ന് പ്രകൃതിദത്തവും ആഴമേറിയതുമായ വിഴിഞ്ഞംതീരത്ത് വികസനത്തിനുതകുന്ന വമ്പൻ തുറമുഖത്തിനായുള്ള പാരിസ്ഥിതിക അനുമതി ലഭിക്കാതിരിക്കാൻ ഹരിത ൈട്രബ്യൂണലിൽ കേസ് ഫയൽ ചെയ്ത് തളർത്താൻ ശ്രമിച്ചവരും അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിന് മുന്നിൽ പരാജിതരായി പിന്മാറി. വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പാക്കണമെന്ന ആവശ്യവുമായി 2005 േമയിൽ നാട്ടുകാരടക്കം കടലിലൂടെ വള്ളങ്ങൾ കെട്ടി നടത്തിയ തുറമുഖ അനുകൂല സമരത്തിന് ചെലവായ തുക സർക്കാർ ഫണ്ടിൽ നിന്ന് നൽകാനും അദ്ദേഹം തയാറായി.
രണ്ട് മാസം കഴിഞ്ഞാൽ ചൈനയിൽ നിന്നുള്ള ആദ്യ ചരക്ക് കപ്പൽ വിഴിഞ്ഞത്ത് നങ്കൂരമിടും എന്നാണ് പ്രതീക്ഷ. നാടിന്റെ സ്വപ്ന പദ്ധതി യാഥാർഥ്യമാകുമ്പോൾ അത് കാണാൻ പദ്ധതിയുടെ നിർമാണ ഉദ്ഘാടനം നടത്തിയ ഉമ്മൻ ചാണ്ടിയെന്ന ജനനേതാവ് മാത്രം ഉണ്ടാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.