വിഴിഞ്ഞം തുറമുഖം; ഉദ്ഘാടനത്തിന് കനത്ത കാവൽ
text_fieldsവിഴിഞ്ഞം: രാജ്യാന്തര തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് കനത്ത കാവൽ ഒരുക്കി പൊലീസ്. ആയുധധാരികളായ കമാൻഡോകൾ അടങ്ങുന്ന സംഘം കരയിൽ എന്നപോലെതന്നെ കടലിലും റോന്ത് ചുറ്റുന്നു. ഞായറാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്.
സിറ്റി പൊലീസ് കമീഷണർ നാഗരാജുവിന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി സിറ്റി പൊലീസ് കമീഷണർ നിതിൻ രാജ് ഉൾപ്പെടെ മൂന്ന് എസ്.പിമാർക്കാണ് സുരക്ഷ ചുമതല. ഇവർക്ക് കീഴിൽ എട്ട് ഡിവൈ.എസ്.പി, 27 ഇൻസ്പെക്ടർ, 137 എസ്.ഐ ഉൾപ്പെടെ വനിത പൊലീസ് അടങ്ങുന്ന രണ്ടായിരത്തോളം ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്.
സംസ്ഥാന പൊലീസിന്റെ തണ്ടർബോൾട്ട് ഉൾപ്പെടുന്ന ആയുധധാരികളായ കമാൻഡോ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്. പ്രതിഷേധങ്ങൾ ഉണ്ടായാൽ അത് ചെറുക്കാൻ വേണ്ടിയും സുരക്ഷാ ശക്തമാക്കുന്നതിന്റെ ഭാഗമായുമാണ് കനത്ത പൊലീസ് കാവൽ. പ്രതിഷേധ പരിപാടികൾ ചെറുക്കാൻ രണ്ട് ജലപീരങ്കികളും സ്ഥലത്തെത്തിച്ചിട്ടുണ്ട്. തുറമുഖത്തെ പൊലീസിന്റെ സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിന് കൺട്രോൾ റൂമും ആരംഭിച്ചിട്ടുണ്ട്.
ആഹ്ലാദത്തേരിൽ സി.പി.എം
കോവളം: വിഴിഞ്ഞം തുറമുഖം യാഥാർഥ്യമാകുന്നതുമായി ബന്ധപ്പെട്ട് സി.പി.എം കോവളം ഏരിയ കമ്മിറ്റി നടത്തിയ ആഹ്ലാദ പ്രകടനം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.
മുക്കോല മുതൽ മുല്ലൂർ തുറമുഖ കവാടം വരെയാണ് പ്രകടനം നടത്തിയത്. ചെണ്ടമേളം, നാസിക് ധോൾ, സ്കേറ്റിങ്, തെയ്യം അടക്കമുള്ള കലാരൂപങ്ങൾ അണിനിരന്നു. പ്ലക്കാർഡുകളും ബലൂണുകളും മുത്തുക്കുടകളും പിടിച്ച് പാർട്ടി പ്രവർത്തകരും അണിനിരന്നു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനാവൂർ നാഗപ്പൻ, ജില്ല സെക്രട്ടറി വി. ജോയി, മന്ത്രി വി. ശിവൻകുട്ടി, രാജ്യസഭാംഗം എ.എ. റഹിം, സി.പി.എം കോവളം ഏരിയ സെക്രട്ടറി പി.എസ്. ഹരികുമാർ, ജില്ല കമ്മിറ്റിയംഗം പി. രാജേന്ദ്രകുമാർ എന്നിവർ നേതൃത്വം നൽകി.
തുടക്കം മുതൽ എൽ.ഡി.എഫിന് പങ്ക് -എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ തുടക്കംമുതലുള്ള എല്ലാ പ്രവർത്തനങ്ങളിലും ഇടതുപക്ഷത്തിന്റെ പങ്കുണ്ടെന്ന് എം.വി. ഗോവിന്ദൻ മാസ്റ്റർ. സി.പി.എം കോവളം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ആഹ്ലാദപ്രകടനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
പദ്ധതി പൂർത്തീകരണത്തിലേക്ക് അടുത്തതോടെ പിതൃത്വം അവകാശപ്പെട്ട് പലരും രംഗത്തെത്തിയിട്ടുണ്ട്. പദ്ധതിക്ക് തുടക്കംകുറിച്ചത് മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരാണ്. വി.എസ്. അച്യുതാനന്ദന്റെ കാലത്ത് ടെൻഡർ നടപടികളിലേക്ക് വരെ കടന്നതാണ്. അന്ന് കേന്ദ്രത്തിലെ കോൺഗ്രസ് സർക്കാർ അനുമതി നിഷേധിച്ചു. അന്ന് സർക്കാറിന്റെ പൂർണ പങ്കാളിത്തത്തിൽ നടത്താൻ തീരുമാനിച്ച പദ്ധതി ഉമ്മൻ ചാണ്ടി സർക്കാർ വന്നതോടെ പൂർണമായും സ്വകാര്യ പങ്കാളിത്തത്തോടെ ആക്കുകയാണ് ചെയ്തത്.
ഇതിലെ അഴിമതിയാണ് തങ്ങൾ ചൂണ്ടിക്കാട്ടിയത്. അതിൽ ഇപ്പോഴും കേസ് നടക്കുന്നുണ്ട്. പിണറായി സർക്കാർ അധികാരത്തിൽ വന്നപ്പോൾ, പദ്ധതി നിർത്തിയാൽ തുറമുഖമെന്ന സ്വപ്നത്തിനുതന്നെ തിരശ്ശീല വീഴ്ത്തുമെന്നത്തുകൊണ്ടാണ് എല്ലാ പിന്തുണയും നൽകി പൂർത്തീകരണത്തിലേക്ക് എത്തിച്ചത്.
പദ്ധതി നിർത്തിവെക്കാൻ സമരം ചെയ്തവരാണ് ഇപ്പോൾ ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്നൊക്കെ പറയുന്നത്. അതൊക്കെ ജനം മനസ്സിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.