വിദ്യാർഥികൾക്ക് ഛർദിയും വയറിളക്കവും; ഭക്ഷ്യവിഷബാധയെന്ന് സംശയം
text_fieldsവിഴിഞ്ഞം: വെങ്ങാനൂർ ഉച്ചക്കട എൽ.എം.എസ്.എൽ.പി സ്കൂളിലെ 25ഓളം കുട്ടികൾക്ക് ഛർദിയും വയറിളക്കവും പനിയടക്കമുള്ള അസ്വസ്ഥതകളും; ഭക്ഷ്യവിഷബാധയെന്ന് സംശയം. കുട്ടികളെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികൾ ഇപ്പോഴും ചികിത്സയിലാണ്. അഞ്ചുദിവസം സ്‌കൂളടച്ചിടാൻ വിഭ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ നിർദേശിച്ചു.
സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച് വീട്ടിലെത്തിയ കുട്ടികൾക്കാണ് രാത്രിയോടെ ഛർദിയും വയറിളക്കവുമുണ്ടായത്. ഉടൻ വീട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 15ലധികം വിദ്യാർഥികളെ പ്രവേശിപ്പിച്ചിരുന്നു. ഇവർക്ക് ആവശ്യമായ ചികിത്സ നൽകി വൈകീട്ടോടെ ഡിസ്ചാർജ് ചെയ്തു. ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി ഭക്ഷ്യ സാമ്പിളുകൾ ശേഖരിച്ചു.
അതേസമയം, ഭക്ഷണം കഴിച്ചവരും അല്ലാത്തവരുമായ കുട്ടികൾക്കും പനിയും ചർദിയും വയറിളക്കവുമുൾപ്പെട്ട അസ്വസ്ഥകളുണ്ടായിരുന്നുവെന്ന് ഹെഡ്മിസ്ട്രസ് വൈ.എസ്. സജി പറഞ്ഞു. കുട്ടികളിലുണ്ടായത് ഭക്ഷ്യ വിഷബാധയല്ലെന്നും വൈറസ് ബാധ ആണെന്നും ബാലരാമപുരം എ.ഇ.ഒ ലീനയും പറഞ്ഞു.
നാനൂറോളം കുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. കൂടുതൽ കുട്ടികളിലേക്ക് വൈറൽ പനി പടരാതിരിക്കാനുള്ള മുൻകരുതൽ എന്ന നിലക്കാണ് സ്കൂൾ താൽക്കാലികമായി അടച്ചതെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.