കിണറുകളിൽ വെള്ളം ഉയരുന്നു; പെരുമരത്ത് ആശങ്ക
text_fieldsവിഴിഞ്ഞം: മുട്ടയ്ക്കാട് പെരുമരത്ത് കിണറുകളിൽ വെള്ളം ഉയർന്നത് വീട്ടുകാരെയും പ്രദേശവാസികളേയും ആശങ്കയിലാക്കി. വെങ്ങാനൂർ പഞ്ചായത്തിലെ ആഴാകുളം വാർഡിൽ പെരുമരം ഇ.എം.എസ് റോഡിലെ ജയചന്ദ്രൻ, ജ്ഞാനദാസ്, ശാന്ത, ഗിരിജ, പ്രേമ എന്നിവരുടെ കിണറുകളിലാണ് ഇന്നലെ രാവിലെ മുതൽ വെള്ളം ഉയർന്നത്. രാവിലെ ഇത് ചെറിയതോതിലായിരുന്നു. ഉച്ചയോടെ പല കിണറുകളിലും ക്രമാതീതമായി വെള്ളം ഉയർന്നു. ഇതാണ് ആശങ്ക ഉയരാൻ കാരണം.
ജയചന്ദ്രെൻറ 76 അടി താഴ്ചയുള്ള കിണറ്റിൽ നേരേത്ത ആറടി വെള്ളം ഉണ്ടായിരുന്നത് ഉച്ചയോടെ 60 അടിയോളമായി ഉയർന്നു. മറ്റ് കിണറുകളിലും സമാനമായ സാഹചര്യമാണെന്ന് കിണറുകൾ സന്ദർശിച്ച പഞ്ചായത്തംഗം ചിത്രലേഖ പറഞ്ഞു.
കഴിഞ്ഞ മഴക്കാലത്ത് പെരുമരത്ത് രണ്ട് കിണറുകൾ ഇടിഞ്ഞ് താഴ്ന്നിരുന്നു. വെങ്ങാനൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലും കിണറുകളിൽ വെള്ളം ഉയരുകയും വിള്ളൽ വീഴുകയും ചെയ്ത സംഭവങ്ങളുണ്ടായി.
നഗരസഭയുടെ ഹാർബർ, വിഴിഞ്ഞം വാർഡുകളിലും സമീപകാലത്ത് കിണറുകൾ ഇടിഞ്ഞിരുന്നു. ഇതെല്ലാം പ്രദേശവാസികളെ ഭിതിയിലാക്കുന്നു. അപ്രതീക്ഷിതമായി ഇപ്പോൾ അനുഭവപ്പെട്ട പ്രതിഭാസത്തെ തുടർന്ന് കിണറ്റിലെ വെള്ളം കുടിക്കാനുപയോഗിക്കാമോയെന്ന ആശങ്ക വീട്ടുകാർക്കുണ്ട്. ഞായറാഴ്ച അവധി ദിനമായതിനാൽ ഇന്ന് ഭൂഗർഭ ജല വകുപ്പ്, ജിയോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്തധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.