വീണ്ടും വലയിൽകുടുങ്ങി തിമിംഗില ഛർദി
text_fieldsകോവളം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ ആറുകിലോയോളം തൂക്കമുള്ള വസ്തു എണ്ണത്തിമിംഗിലത്തിന്റെ ഛർദി അഥവ ആംബർഗ്രീസ് എന്ന് സംശയം. ആംബർഗ്രീസിന് വിപണിയിൽ കോടിക്കണക്കിന് രൂപ വിലയുണ്ട്. വിഴിഞ്ഞം മുഹ്യുദ്ദീൻ പള്ളിക്കു സമീപം ഹസനാർ കണ്ണിന്റെ വള്ളത്തിൽ മീൻപിടിത്തത്തിനുപോയ അഹമ്മദ് കണ്ണ്, ഹസൻ കണ്ണ്, ഇമാമുദീൻ, അബ്ദുൽ മനാഫ്, ഹസൻ കണ്ണ് എന്നിവർക്കാണ് വലയിൽ കുടുങ്ങിയ നിലയിൽ ഇത് ലഭിച്ചത്.
തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം. മീൻപിടിത്തത്തിനുശേഷം ഇവർ തീരത്തേക്ക് വരുന്ന നേരത്ത് കോവളം ലൈറ്റ്ഹൗസ് ബീച്ചിലെ കടലിൽ നിന്നാണ് വിസർജ്യവസ്തു ലഭിച്ചതെന്ന് തൊഴിലാളികൾ പറഞ്ഞു. വിഴിഞ്ഞം കോസ്റ്റൽ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് എസ്.എച്ച്.ഒ. പ്രദീപിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ ഗിരീഷ് കുമാർ, ജിതിൻ മാത്യു, എ.എസ്.ഐ. വേണു എന്നിവരെത്തി മത്സ്യത്തൊഴിലാളികളിൽനിന്ന് വസ്തു ഏറ്റുവാങ്ങി വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു.
വനം വകുപ്പിന്റെ പരുത്തിപ്പള്ളി റെയിഞ്ചിൽ നിന്നെത്തിയ ഓഫിസർ ബിന്ദു, ബീറ്റ് ഓഫിസർ റോഷ്നി, ആർ.ആർ.ടി അംഗങ്ങളായ ശരത്, രാഹുൽ, സുഭാഷ് എന്നിവരെത്തി തിമിംഗില ഛർദി പരിശോധനക്കായി കൊണ്ടുപോയി. പരിശോധന ഫലം ലഭിച്ചാലേ ഇത് ആംബർ ഗ്രീസാണോയെന്ന് ഉറപ്പുവരുത്താനാകൂവെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ജൂലൈ 22ന് വിഴിഞ്ഞം തെന്നൂർക്കോണം സ്വദേശി ലോറൻസിന്റെ വള്ളത്തിൽ മീൻപിടിത്തത്തിനുപോയ തൊഴിലാളികൾക്കും ഏകദേശം 28 കിലോ തൂക്കമുള്ള ആംബർഗ്രീസിന് സമാനമായ വിസർജ്യ വസ്തു ലഭിച്ചിരുന്നു. രാജീവ് ഗാന്ധി ബയോടെക്നോളജിയിൽ നടത്തിയ ഡി.എൻ.എ പരിശോധനയിൽ ഇത് ആംബർഗ്രീസ് അല്ലെന്ന് തെളിഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.