ഫാം നടത്താനെടുത്ത സ്ഥലത്ത് മാലിന്യ നിക്ഷേപം; പ്രതിഷേധവുമായി നാട്ടുകാർ
text_fieldsപോത്തൻകോട്: ഫാം നടത്താനായി കരാറിനെടുത്ത സൊസൈറ്റി സ്ഥലത്ത് മാലിന്യ നിക്ഷേപം നടത്തിയതിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. കണിയാപുരം കയർ വ്യവസായ സംഘത്തിന്റെ സ്ഥലത്താണ് കരാറിന്റെ മറവിൽ സ്വകാര്യ വ്യക്തി ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും ചൊവ്വാഴ്ച കൊണ്ട് തള്ളിയത്.
ഇതോടെ, ജനവാസ കേന്ദ്രമായ പ്രദേശത്ത് ദുർഗന്ധമുയർന്നു. തുടർന്ന് നാട്ടുകാർ അനധികൃത മാലിന്യ നിക്ഷേപത്തിനെതിരെ പരാതിയുമായി എത്തുകയും മാലിന്യ നിക്ഷേപം തടയുകയും ചെയ്തു. മംഗലപുരം പൊലീസിനും നാട്ടുകാർ പരാതി നൽകി. പരാതിയെ തുടർന്ന് പഞ്ചായത്ത് അധികൃതരും മംഗലപുരം പൊലീസും സ്ഥലത്തെത്തി മാലിന്യം അടിയന്തരമായി നീക്കം ചെയ്യാൻ സ്ഥലമുടമക്ക് നോട്ടീസ് നൽകി.
കണിയാപുരം യു.പി.എസിന് 100 മീറ്റർ മാത്രം അകലത്തിലാണ് മാലിന്യം നിക്ഷേപിച്ചത്. ആരാധനാലയങ്ങളും സമീപത്തുണ്ട്. കണിയാപുരം കയർ സഹകരണ സംഘത്തിന്റെ രണ്ടര ഏക്കർ സ്ഥലം 8000 രൂപ വാടകക്ക് രണ്ടുമാസം മുമ്പാണ് സ്വകാര്യ വ്യക്തിക്ക് നൽകിയത്. കന്നുകാലി ഫാമിനാണ് സഹകരണ സംഘത്തിന്റെ സ്ഥലം വാടകക്ക് നൽകിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.