മാലിന്യപ്രശ്നം: നടപടികൾ കർശനമാക്കി സർക്കാർ
text_fieldsതിരുവനന്തപുരം: മാലിന്യപ്രശ്നത്തിൽ സർക്കാർ നടപടികൾ കൂടുതൽ കർശനമാക്കിയതായി മന്ത്രി എം.ബി. രാജേഷ്. അനധികൃതമായി മാലിന്യം ശേഖരിച്ച് പൊതുസ്ഥലത്ത് തള്ളുന്ന ഏജൻസികൾക്കെതിരെ സംസ്ഥാന വ്യാപകമായി നടപടി സ്വീകരിക്കും. തിരുവനന്തപുരത്ത് ഇത്തരക്കാരെ യുദ്ധകാലാടിസ്ഥാനത്തിൽ പിടികൂടാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. വൻതോതിൽ മാലിന്യം സൃഷ്ടിക്കുന്ന സ്ഥാപനങ്ങളെ പ്രത്യേകം നിരീക്ഷിക്കും. പൊലീസിന്റെ സഹകരണം കൂടി ഉറപ്പാക്കിയാകും നടപടികൾ. തിരുവനന്തപുരത്ത് രാത്രിയിലുൾപ്പെടെ കോർപറേഷന്റെയും പൊലീസിന്റെയും പ്രത്യേക സംഘങ്ങൾ പട്രോളിങ് നടത്തും. മാലിന്യ പ്രശ്നത്തിലെ കേസുകളിൽ ഒരു വിട്ടുവീഴ്ചയും ആരോടും കാട്ടില്ല. ഒരു സമ്മർദത്തിനും വഴങ്ങുകയുമില്ലെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്ത് മാലിന്യവുമായി വാഹനം പിടികൂടി
തിരുവനന്തപുരം: തലസ്ഥാനത്ത് ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം നിക്ഷേപിക്കാൻ ശ്രമിച്ച ഒമ്പത് വാഹനങ്ങൾ വനിത ഹെൽത്ത് സ്ക്വാഡ് പിടികൂടി. ഇവർക്കെതിരെ 45,090 രൂപ കോർപറേഷൻ പിഴ ചുമത്തി. കേരള മുനിസിപ്പാലിറ്റി/കേരള പഞ്ചായത്തീരാജ് നിയമപ്രകാരം ജലാശയങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് ആറുമാസത്തിൽ കുറയാത്തതും ഒരു വർഷത്തിൽ കവിയാത്തതുമായ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റകൃത്യമാണ്. ജലസംരക്ഷണ നിയമം അനുസരിച്ചും നടപടി സ്വീകരിക്കാം. ഈ നടപടികൾക്കായി പൊലീസിൽ പരാതി നൽകാൻ കോർപറേഷന് മന്ത്രി നിർദേശം നൽകി. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്താൽ ഹൈകോടതിയുടെ അനുമതിയോടെ മാത്രമേ വിട്ടുകൊടുക്കാവൂവെന്നാണ് നിർദേശം. രജിസ്ട്രേഷൻ റദ്ദാക്കുന്നതടക്കം നടപടികൾ സ്വീകരിക്കാൻ ആർ.ടി.ഒക്ക് കത്ത് നൽകും.
ആമയിഴഞ്ചാൻ തോടുൾപ്പെടെ ജലാശയങ്ങളിലേക്ക് മാലിന്യമൊഴുക്കാൻ പല സ്ഥാപനങ്ങളും പൈപ്പ് സ്ഥാപിച്ചത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. അനധികൃത ഏജൻസികൾക്ക് മാലിന്യം കൈമാറുന്നവരെയും തിരിച്ചറിഞ്ഞു. ഇത്തരക്കാർക്കെതിരെയും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
തിരുവല്ല സ്റ്റേഡിയത്തിൽ മാലിന്യം; അടിയന്തര നടപടിക്ക് നിർദേശം
തിരുവനന്തപുരം: തിരുവല്ല നഗരസഭ സ്റ്റേഡിയം പരിസരത്ത് മാലിന്യം കൂട്ടിയിട്ട സംഭവത്തിൽ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാൻ മന്ത്രി എം.ബി. രാജേഷ് കലക്ടർക്ക് നിർദേശം നൽകി. മാലിന്യം ഉടൻ നീക്കംചെയ്യും. തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടർ നേരിട്ടെത്തി പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കണം. മാലിന്യം വേർതിരിക്കാതെ വൻതോതിൽ സൂക്ഷിച്ചതിനെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. നഗരസഭയിൽ മാലിന്യം ശേഖരിക്കുന്നതും സംഭരിക്കുന്നതും സർക്കാർ നിഷ്കർഷിച്ചതനുസരിച്ചാണോ എന്ന് പ്രത്യേകം പരിശോധിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.