അറ്റകുറ്റപണികൾ പലയിടങ്ങളിൽ; ടാപ്പുകളിൽ വെള്ളമെത്തില്ല
text_fieldsതിരുവനന്തപുരം: പൈപ്പ് ലൈനുകളിലെ ചോർച്ചയും മറ്റ് അറ്റകുറ്റ പണികളും മൂലം നഗരത്തിലെ വലിയൊരു ശതമാനം പ്രദേശത്തും കുടിവെള്ളം മുടങ്ങും. പി.ടി.പി നഗർ ജലസംഭരണിയിൽ നിന്ന് കാലടി ഭാഗത്തേക്ക് ശുദ്ധജലമെത്തിക്കുന്ന 600 എം.എം പൈപ്പ് ലൈനിൽ പാങ്ങോട് ഹനുമാൻ ക്ഷേത്രത്തിനു സമീപം രൂപപ്പെട്ട ചോർച്ച പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണി വെള്ളിയാഴ്ച ആരംഭിച്ചു.
ഇതേത്തുടർന്ന് ഉച്ചക്ക് രണ്ടോടെ നിർത്തിവച്ച ജലവിതരണം ശനിയാഴ്ച വൈകീട്ടോടെ പുനസ്ഥാപിക്കാനിടയുള്ളൂ. നഗരസഭ പരിധിയിലെ പൂജപ്പുര, കരമന, ആറന്നൂർ, മുടവൻമുകൾ, നെടുംകാട്, കാലടി, തൃക്കണ്ണാപുരം, പുന്നയ്ക്കാമുഗൾ, തിരുമല, വലിയവിള, പി.ടി.പി നഗർ, കാഞ്ഞിരംപാറ, പാങ്ങോട്, വാഴോട്ടുകോണം, വട്ടിയൂർക്കാവ് വാർഡുകളിലാണ് ജലവിതരണത്തെ ബാധിച്ചത്. ഉയർന്ന സ്ഥലങ്ങളിൽ ജലവിതരണം പൂർവസ്ഥിതിയിലാകാൻ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ച് 48 മണിക്കൂർ വേണ്ടിവരുമെന്ന മുന്നറിയിപ്പും ജല അതോറിറ്റി നൽകിയിട്ടുണ്ട്. ബദൽക്രമീകരണമൊരുക്കാൻ തയാറാകാതെ ഉപഭോക്താക്കൾ മുൻകരുതലലെടുക്കണമെന്ന നിർദേശം അധികൃതർ ആവർത്തിക്കുന്നതിൽ കനത്ത പ്രതിഷേധമാണുള്ളത്.
പേരൂർക്കട ജലസംഭരണിയിൽനിന്ന് ശുദ്ധജലം വിതരണം ചെയ്യുന്ന പ്രധാന പൈപ്പ് ലൈനിൽ പേരൂർക്കട ജങ്ഷനിൽ രൂപപ്പെട്ട ചോർച്ച പരിഹരിക്കാൻ ശനിയാഴ്ച രാത്രി 10 മുതൽ തിങ്കളാഴ്ച രാവിലെ ആറുവരെ പേരൂർക്കട, ഇന്ദിരാനഗർ, ഊളമ്പാറ, പൈപ്പിന്മൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാർ, നന്ദൻകോട്, കുറവൻകോണം, പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, ഗൗരീശപട്ടം, കുമാരപുരം, മെഡിക്കൽ കോളജ്, ഉള്ളൂർ, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, വയലിക്കട, അമ്പലമുക്ക് എന്നീ പ്രദേശങ്ങളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. പൊതുവെ ജലക്ഷാമം അനുഭവപ്പെടുന്ന നിരവധി ഇടങ്ങൾ ഈ പട്ടികയിലുണ്ട്.
ഓൾ ഇന്ത്യ റേഡിയോ റോഡിലുള്ള പൈപ്പ് ലൈനുകൾ സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് ആൽത്തറ-വഴുതക്കാട് റോഡിൽ പുതിയതായി സ്ഥാപിച്ച ലൈനുമായി ബന്ധിപ്പിക്കുന്നതിനാൽ 23ന് രാവിലെ എട്ടുമുതൽ 24ന് രാവിലെ എട്ടുവരെ പാളയം, സ്റ്റാച്യു, എം.ജി. റോഡ്, സെക്രട്ടേറിയറ്റ്, പുളിമൂട്, എ.കെ.ജി സെന്റർ ഭാഗം, പി.എം.ജി, ലോ കോളജ്, കുന്നുകുഴി, വെള്ളയമ്പലം, ആൽത്തറ, സി.എസ്.എം നഗർ പ്രദേശങ്ങൾ, വഴുതക്കാട്, കോട്ടൺഹിൽ, ഡി.പി.ഐ ജങ്ഷൻ, ഇടപ്പഴിഞ്ഞി, കെ. അനിരുദ്ധൻ റോഡ്, ജഗതി, തൈക്കാട്, മേട്ടുക്കട, വലിയശാല എന്നിടങ്ങളിൽ പൂർണമായും ജനറൽ ആശുപത്രി, തമ്പുരാൻമുക്ക്, വഞ്ചിയൂർ, ഋഷിമംഗലം, ചിറക്കുളം, കുമാരപുരം, അണമുഖം, കണ്ണമ്മൂല എന്നിവിടങ്ങളിലും ഭാഗികമായും കുടിവെള്ളം മുടങ്ങും.
വെള്ളായണി ജലശുദ്ധീകരണ ശാലയിൽ അടിയന്തിരമായി ശുചീകരണ പ്രവർത്തനങ്ങളടക്കം നടത്തേണ്ടതിനാൽ ചൊവ്വാഴ്ച രാവിലെ ആറു മുതൽ ബുധനാഴ്ച രാവിലെ ആറുവരെ നഗരസഭയിലെ വിഴിഞ്ഞം, ഹാർബർ, കോവളം, വെള്ളാർ, പുഞ്ചക്കരി, പൂങ്കുളം, വെങ്ങാനൂർ, കോട്ടപ്പുറം, തിരുവല്ലം വാർഡുകളിലും കല്ലിയൂർ, വെങ്ങാനൂർ പള്ളിച്ചൽ പഞ്ചായത്തുകളിലും കുര്യാത്തി സെക്ഷൻ പരിധിയിലെ 700 എം.എം പൈപ്പ് ലൈനുകളിൽ ഇന്റർകണക്ഷൻ ജോലി നടത്തുന്നതിനാൽ 24ന് രാത്രി എട്ടുമുതൽ 25ന് രാവിലെ എട്ടുവരെ കുര്യാത്തി, ശ്രീകണ്ഠേശ്വരം, ചാല, വലിയശാല, മണക്കാട്, ശ്രീവരാഹം, പെരുന്താന്നി, പാൽക്കുളങ്ങര, ചാക്ക, ഫോർട്ട്, വള്ളക്കടവ്, കമലേശ്വരം, അമ്പലത്തറ, വലിയതുറ, തമ്പാനൂർ, ശംഖുംമുഖം, കളിപ്പാൻകുളം, ആറ്റുകാൽ എന്നിവിടങ്ങളിലു ജലവിതരണം തടസപ്പെടുമെന്ന് ജല അതോറിറ്റിയുടെ വിവിധ ഓഫീസുകൾ അറിയിപ്പ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.