നെയ്യാറ്റിൻകര, പള്ളിച്ചൽ പഞ്ചായത്തുകളിൽ വ്യാപക നാശനഷ്ടം
text_fieldsനെയ്യാറ്റിൻകര: ശനിയാഴ്ച രാത്രിയിൽ പെയ്ത കനത്ത മഴയിൽ നെയ്യാറ്റിൻകര, പള്ളിച്ചൽ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. നെയ്യാറ്റിൻകര ദേശീയപാതയിൽ മരം വീണ് മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. നെയ്യാർ കരകവിഞ്ഞതോടെ വിവിധ പ്രദേശങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ഞായറാഴ്ച പകൽ മഴ കുറഞ്ഞത് ആശ്വാസമായി.
പ്രാവച്ചമ്പലത്ത് ദേശീയപാതയോട് ചേർന്ന വീടുകളിൽ വെള്ളം കയറി. ഒരു വീട് പൂർണമായും മുങ്ങി. പത്തോളം വീടുകളിൽ വെള്ളം കയറി. പഞ്ചായത്ത് പ്രസിഡൻറ് ടി. മല്ലികയുടെ നേതൃത്വത്തിൽ നരുവാമൂട് പൊലീസും റവന്യൂ, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തി.
ഇടപ്പുഴ രോഹിണിയിൽ യമുന റാണിയുടെ വീട്ടിലേക്ക് മതിലിടിഞ്ഞു വീണു. നടുവത്തുവിള ഭാഗത്ത് പത്തോളം വീടുകളിൽ വെള്ളം കയറി. വെള്ളപ്പാച്ചിലിൽ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ ഒലിച്ചുപോയി.
പ്രളയ ബാധിത പ്രദേശങ്ങൾ ഐ.ബി. സതീഷ് എം.എൽ.എ സന്ദർശിച്ചു. റവന്യൂ, റെയിൽവേ, തദ്ദേശ സ്വയംഭരണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.
17 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
കോവളം: പൂങ്കുളം-കാർഷിക കോളജ് കായൽക്കര കോളനിയിൽ വെള്ളം കയറിയതിനെ തുടർന്ന് 17 കുടുംബങ്ങളെ പൂങ്കുളം ഗവ.എൽ.പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. കാർഷിക കോളജ് കോളനി സ്വദേശികളായ സ്റ്റീഫൻ, വിജയൻ, ഷാജി, രാജേഷ്, ശോഭ, പ്രസന്ന, രമണി, കുഞ്ഞുമോൻ, രമണി, മുരുകൻ, ശാന്ത, സന്ദീപ്, രാജു എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. കാർഷികകോളജ്-കാക്കാമൂല ഭാഗത്തെ വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് പലരും ബന്ധു വിടുകളിലേക്കും താമസം മാറ്റി.
പാച്ചല്ലൂർ കുമിളി ഭാഗങ്ങളിൽ റോഡുകളിൽ വെള്ളം കെട്ടിയതിനെ തുടർന്ന് പലർക്കും വീടുകളിൽ നിന്നും പുറത്തിറങ്ങാൻ സാധിച്ചില്ല. തിരുവല്ലം പടയരകം ഭാഗങ്ങളിൽ മഴ വെള്ളം കെട്ടിനിൽക്കുന്നതുകാരണം ഗതാഗതം തടസ്സപ്പെട്ടു. കോവളം, വെള്ളാർ, നെടുമം കണ്ണൻകോട് ഭാഗങ്ങളിൽ റോഡ് തകർന്നു. പനത്തുറയിലും നിരവധി വീടുകളിൽ വെള്ളം കയറി.
കന്യാകുമാരിയിലും മഴ
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ ശനിയാഴ്ച വൈകുന്നേരം തുടങ്ങിയ ശക്തമായ മഴ ഞായറാഴ്ച പുലർച്ചവരെ തുടർന്നു. ഡാമുകളിൽ ജലനിരപ്പ് ഉയർന്നു. കുഴിത്തുറ താമ്രപർണി യാറ്, പറളിയാർ, കുറ്റിയാർ, വള്ളിയാർ തുടങ്ങിയവ കരകവിഞ്ഞു. തൃപ്പരപ്പ് അരുവിയിൽ വിനോദ സഞ്ചാരികളെ കടത്തിവിടുന്നത് വിലക്കി.
ആറ്റിങ്ങൽ, ചിറയിൻകീഴ് മേഖലകളിൽ വ്യാപക നാശം
ആറ്റിങ്ങൽ: ശക്തമായ മഴയിൽ ആറ്റിങ്ങൽ, ചിറയിൻകീഴ്, വക്കം മേഖലകളിൽ വ്യാപക നാശനഷ്ടം. ഒരു വീട് പൂർണമായും 10 വീടുകൾ ഭാഗികമായും തകർന്നു. നാലിടത്ത് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 354 ലധികം പേർ ക്യാമ്പിലെത്തി. രാമച്ചംവിള സ്കൂളിൽ 20, പുരവൂർ സ്കൂളിൽ 28, ശാർക്കര സ്കൂളിൽ 200, കടയ്ക്കാവൂർ സ്കൂളിൽ 200 പേരും ജി.വി.ആർ.എം സകൂളിൽ ഇതര സംസ്ഥാന തൊഴിലാളികളായ 98 പേരുമാണ് ക്യാമ്പിലുള്ളത്.
രാമച്ചം കണ്ണങ്കരകോണത്ത് ശിവന്റെ വീട്ടിൽ വെള്ളം കയറി. ആലംകോട് ദേശീയപാതയിൽ അവിക്സ് വീക്ഷണം റോഡിൽ രാത്രിയിൽ മതിൽക്കെട്ട് തകർന്നു. മാമം ശിവക്ഷേത്രം റോഡും പരിസരവും വൻ വെള്ളക്കെട്ടായി. മാമം കിഴക്കുംകര പുത്തൻവീട്ടിൽ സി. ശശിയുടെ വീടിന് മുകളിലൂടെ ഞായറാഴ്ച രാവിലെ അഞ്ചിന് മണ്ണിടിഞ്ഞ് വീണ് അടുക്കളക്ക് നാശമുണ്ടായി. കുടുംബാംഗങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
മാമം പറമ്പിൽ വീട്ടിൽ അശോകന്റെ വീട്ടിൽ വെള്ളം കയറി. കുടുംബാംഗങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചു. ബൈപാസ് നിർമാണത്തിന് നിലവിലുള്ള തോട് മൂടിയതിനാലാണ് വെള്ളം കയറിയത്. മാമം ആറിൽ വെള്ളം പൊങ്ങി ബൈപാസ് ലേബർ ക്യാമ്പിൽ വെള്ളം കയറിയതിനെ തുടർന്ന് തൊഴിലാളികളെ ജി.വി.ആർ.എം യു.പി.എസിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.
കഠിനംകുളം പഞ്ചായത്തിൽ നാലാം വാർഡിൽ മൈവള്ളിയിൽ 12ലധികം വീടുകൾ വെള്ളത്തിനടിയിലാണ്. പുലർച്ചെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. തിരുവനന്തപുരം കൊല്ലം ദേശീയപാതയിൽ തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകത്തിന് സമീപം റോഡിൽ വെള്ളം കയറി.
ദേശീയപാതയിൽ ഗതാഗതം മണിക്കൂറുകളോളം ഭാഗികമായി തടഞ്ഞു. ദേശീയപാത വികസനത്തിന്റെ പണികൾ നടക്കുന്ന ഭാഗത്താണ് വെള്ളക്കെട്ട്. ജെ.സി.ബി ഉപയോഗിച്ച് ചാലുകൾ നിർമിച്ച് വെള്ളം നീക്കി വിട്ടു. ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡിനടിയിലൂടെ ഉണ്ടായിരുന്ന പൈപ്പ് അടച്ചതാണ് വെള്ളം റോഡിൽ കെട്ടാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു.
ആറ്റിങ്ങൽ, അവനവഞ്ചേരി, തച്ചൂർകുന്ന്, ഊരുപൊയ്ക ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. മതിലുകൾ പൊളിഞ്ഞുവീണു. വീടുകളും കെട്ടിടങ്ങളും അപകടാവസ്ഥയിലാണ്. മരങ്ങൾ കടപുഴകി വീണും കൃഷിനാശവും ഉണ്ടായി. അവനവഞ്ചേരി ഊരുപൊയ്ക റോഡ് വെള്ളത്തിൽ മുങ്ങി. യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയിലായി.
വക്കം പഞ്ചായത്തിലെ ആങ്ങാവിളയിൽ വെള്ളം കയറി അമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ആങ്ങാവിള, ആലുവിളാകം, കുളത്തിൽ ഏരിയ, വാടപ്പുറം എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. ശനിയാഴ്ച രാത്രിയോടെ തന്നെ മിക്ക വീടുകളിലും വെള്ളം കയറിത്തുടങ്ങിയിരുന്നു.
പുലർച്ചയായതോടെ പ്രദേശമാകമാനം വെള്ളത്തിൽ മുങ്ങി. രാത്രിയോടെ തന്നെ ആളുകൾ ബന്ധുവീടുകളിൽ അഭയം തേടി. പ്രദേശത്തെ ഇടവഴിയാകെ വെള്ളം നിറഞ്ഞതോടെ വീടുകൾക്കുള്ളിൽ കയറാനോ വീട്ടുസാധനങ്ങൾ എടുക്കാനോ സാധിക്കാത്ത അവസ്ഥയിലാണ്. പല വീടുകളിലും രണ്ടടിയോളം പൊക്കത്തിൽ വെള്ളം നിൽക്കുന്നുണ്ട്.
വാമനപുരം നദി കരകവിഞ്ഞ് ഇരുകരയിലുമുള്ള വീടുകളിൽ വെള്ളംകയറി. കിഴുവിലം, കൂന്തള്ളൂർ, വലിയ ഏല, വൈദ്യന്റെമുക്ക്, തോട്ടവാരം തുടങ്ങിയ പ്രദേശങ്ങളിലെ 22 വീടുകളിൽ വെള്ളം കയറി. പുലിത്തറ പ്രദേശത്ത് രണ്ട് വീടുകൾ ഇടിഞ്ഞുവീണു. ശിവകൃഷ്ണപുരം ആനന്ദ ഭവനിൽ ബോധാനന്ദന്റെ പുരയിടത്തിലെ കിണർ ഇടിഞ്ഞുതാഴ്ന്നു.
നൈനാംകോണം അണ്ടൂർ പ്രദേശത്ത് അനിൽകുമാറിന്റെ വീടിന്റെ മതിൽ തകർന്നുവീണു. മുടപുരം ജങ്ഷന് സമീപമുള്ള വീടുകളുടെ മതിലുകളും തകർന്നുവീണു. അരികത്തുവാർ വിശാഖത്തിൽ ഹരിയുടെ വീട്ടിൽ വീടിനു സമീപമുള്ള കുന്നിടിഞ്ഞുവീണ് ശൗചാലയവും ഭാഗികമായി തകർന്നു.
അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം വട്ടവിളവീട്ടിൽ ലീലയുടെ പുരയിടത്തിൽ ഒരാഴ്ചമുമ്പ് നിർമിച്ച മതിൽ ഭാഗികമായി തകർന്നുവീണു. സമീപത്തെ വേലായുധം വീട്ടിൽ സുശീലന്റെ വീടിന്റെ മതിലും ഭാഗീകമായി തകർന്നുവീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.