കോർപറഷേൻ മാസ്റ്റർ പ്ലാൻ എന്നു പ്രസിദ്ധീകരിക്കും?; കെട്ടിടനിർമാണ അപേക്ഷകൾ കുരുക്കിൽ
text_fieldsതിരുവനന്തപുരം: കോർപറേഷന്റെ പുതിയ മാസ്റ്റർപ്ലാൻ പ്രസിദ്ധീകരണം അനിശ്ചിതത്വത്തിലായതോടെ, താൽക്കാലികമായി ഇറക്കിയ മാസ്റ്റർപ്ലാനിൽ കുരുങ്ങി കെട്ടിടനിർമാണ അപേക്ഷകളും നിർമാണങ്ങളും. നിയമപ്രാബല്യമില്ലാത്തതും താൽക്കാലികമായി കോർപറേഷൻ തയാക്കിയതുമായ ഇന്ററിം ഡെവലപ്മെന്റ് ഓർഡർ (ഐ.ഡി.ഒ) പ്രകാരമുള്ള മാസ്റ്റർ പ്ലാനാണ് ജനങ്ങൾക്ക് ഇരുട്ടടിയായത്.
പുതിയ മാസ്റ്റർപ്ലാൻ വരുന്നതുവരെ മാത്രം അംഗീകാരമുള്ള ഐ.ഡി.ഒയിൽ നഗരത്തിലെ പല ജനവാസമേഖലകളും നിർമാണനുമതി കിട്ടാത്ത മേഖലകളായി. അതേസമയം നിയന്ത്രണങ്ങളുള്ള മേഖലകൾ പലതും ഒഴുവാക്കുകയും ചെയ്തിട്ടുണ്ട്. ഫ്ലാറ്റുകാർക്കും റിയൽ എസ്റ്റേറ്റുകാർക്കും നിർബാധം നിർമാണം നടത്താനുള്ള സാധ്യതകളും ഇത് തുറന്ന് നൽകുന്നു.
ഐ.ഡി.ഒയിലെ കുരുക്ക് കാരണം പുതിയ കെട്ടിടനിർമാണം, കൂട്ടിച്ചേർക്കൽ അടക്കം അപേക്ഷകൾ തള്ളുകയാണ്. നിർമാണം പൂർത്തീകരിച്ച കെട്ടിടങ്ങളുടെ നികുതിനിർണയവും നടക്കുന്നില്ല. കോർപറേഷന്റെ അംഗീകൃതമായ മാസ്റ്റർപ്ലാൻ, അതായത് 1971ലെ സാങ്ഷന്റ് മാസ്റ്റർപ്ലാൻ കാലാനുസൃതമായി ഇപ്പോൾ പുതുക്കുകയാണ്. അമൃപദ്ധതിയിൽ പെടുത്തിയാണ് അത് നടന്നുവരുന്നത്. കരട് പ്രസിദ്ധപ്പെടുത്തി പൊതുജനാഭിപ്രായങ്ങളും കേട്ട് അന്തിമ മാസ്റ്റർപ്ലാൻ ഉടൻ വരുമെന്നാണ് കോർപറേഷൻ പറയുന്നത്.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും പുതിയ മാസ്റ്റർപ്ലാൻ വെളിച്ചത്തുവന്നിട്ടില്ല. ഇനിയും രണ്ടുമാസം കാക്കണമെന്നാണ് സെക്രട്ടറിയുടെ വിശദീകരണം. 2014ൽ ആദ്യമായി എസ്.ഒ.പി പുതുക്കാൻ തീരുമാനിച്ചെങ്കിലും അന്നത്തെ കരടിൽ ഉടക്കി അത് നിലച്ചു.
അതേസമയം, പുതിയ മാസ്റ്റർപ്ലാൻ ചർച്ച ആരംഭിക്കുമ്പോൾ തന്നെ ബദൽ എന്ന നിലയിൽ ഐ.ഡി.ഒ പ്രസിദ്ധപ്പെടുത്താറുണ്ട്. അപ്രകാരം 2014ൽ ആണ് ഐ.ഡി.ഒ നിലവിൽ വന്നത്. സാധാരണ നിലയിൽ എസ്.ഒ.പിയിൽ നിന്ന് കാര്യമായ മാറ്റം ഇതിൽ ഉണ്ടാകാറില്ല. എന്നാൽ ബദലിലാണ് കുരുക്കുകൾ കടന്നുകൂടിയത്.
നിരവധി പരാതികൾ ഉയർന്നതിന്റെ അടിസ്ഥാനത്തിൽ പരിഹാരമായി ഐ.ഡി.ഒക്കൊപ്പം എസ്.ഒ.പി കൂടി പരിശോധിക്കാൻ സർക്കാർ നിർദ്ദേശം നൽകി. അതനുസരിച്ചാണ് ഇതുവരെ നിർമാണവുമായി ബന്ധപ്പെട്ട അപേക്ഷകൾ പരിഗണിച്ചുവന്നത്. എന്നാൽ അമൃതിന്റെ നടപടികൾ ആരംഭിച്ചതോടെ കോർപറേഷൻ 100 വാർഡുകളിലും ഐ.ഡി.ഒ മാത്രം പരിശോധിച്ചാൽ മതിയെന്ന് കോറപറേഷൻ സെക്രട്ടറി പുതിയ ഉത്തരവിറക്കി.
അതാണിപ്പോൾ ജനത്തിന് കുരുക്കായിരിക്കുന്നത്. റസിഡൻഷ്യൽ മേഖലകളിൽ പലതും നിർമണാനുമതി നിഷേധിക്കുകയാണ്. അത്തരം അപേക്ഷകർ റീജനൽ ടൗൺപ്ലാനറുടെ (ആർ.ടി.പി) അനുമതി വാങ്ങണമെന്നാണ് പറയുന്നത്. എന്നാൽ പുതിയ മാസ്റ്റർപ്ലാൻ വരാത്തതിനാൽ തീരുമാനം എടുക്കാൻ കഴിയില്ലെന്നും ചീഫ് ടൗൺ പ്ലാനറുടെ (സി.ടി.പി) അനുമതി വാങ്ങണമെന്നുമാണ് ആർ.ടി.പി നിർദ്ദേശിക്കുന്നത്.
കോർപറേഷൻ സെക്രട്ടറി ഇറക്കിയ ഉത്തരവിൽ കുരുങ്ങി നൂറുകണക്കിന് അപേക്ഷകളാണ് സി.ടി.പിയിൽ പരിഹാരം കാത്ത് കിടക്കുന്നത്. ഇക്കാര്യത്തിൽ വ്യക്തമായൊരു പരിഹാരം നിർദ്ദേശിക്കാനും സെക്രട്ടറിക്ക് ആകുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.