കടലിൽ കുടുങ്ങിയ നീരാവിയന്ത്രങ്ങൾ കൂടങ്കുളം ആണവ നിലയത്തിലെത്തിച്ചു
text_fieldsനാഗർകോവിൽ: കൂടങ്കുളം കടലിൽ പാറയിടുക്കിൽ കുടുങ്ങിയ 310 ടൺ വീതമുള്ള രണ്ട് നീരാവി ഉല്പാദന യന്ത്രങ്ങളെ ആണവനിലയത്തിലെത്തിച്ചു. കരയിൽ നിന്ന് 300 മീറ്റർ അകലെയാണ് യന്ത്രങ്ങൾ കുടുങ്ങിയത്. 19 ദിവസത്തെ കഠിന പ്രയത്നത്തിനൊടുവിൽ വ്യാഴാഴ്ച വൈകീട്ടോടെ കടലിലേക്ക് പണിത താൽക്കാലിക റോഡിൽകൂടി കൂറ്റൻ ട്രക്ക് ഉപയോഗിച്ചാണ് യന്ത്രങ്ങളെ കരക്കെത്തിച്ചത്.
സെപ്റ്റംബർ ഏഴിന് റഷ്യയിൽ നിന്ന് തൂത്തുക്കുടി വി.ഒ.സി പോർട്ടിൽ എത്തിച്ച രണ്ട് നീരാവി ഉല്പാദനയന്ത്രങ്ങൾ ബാർജിൽ കൊണ്ടുവരുന്നതിനിടയിലാണ് പാറയിടുക്കിൽ കുടുങ്ങിയത്. തുടർന്ന്, കൊളംബോയിൽ നിന്ന് ടഗ്ഗ് ബോട്ട് കൊണ്ടുവന്ന് വലിച്ചെടുക്കാനുള്ള ശ്രമവും ഫലിച്ചില്ല.
മുംബൈയിൽ നിന്നും മുങ്ങൽ വിദഗ്ധർ എത്തി നടത്തിയ പരിശോധനയിൽ ബാർജിന് കേട്പാട് സംഭവിച്ചത് മനസ്സിലായതിനെ തുടർന്നാണ് ശ്രമം ഉപേക്ഷിച്ചത്. തുടർന്ന്, കരയിൽ നിന്ന് കടലിലേക്ക് റോഡ് പണിതു. ഇതിനായി കിഴക്കൻ മേഖല നാവികസേനയുടെ സഹായവും ലഭ്യമാക്കിയിരുന്നു.
കൂടങ്കുളം ആണവനിലയത്തിലെ അഞ്ചും ആറും റിയാക്ടറുകൾക്ക് ആവശ്യമായ നീരാവി ഉല്പാദനയന്ത്രങ്ങളിൽ രണ്ടെണ്ണം ആഗസ്റ്റ് മാസം അവസാനം ബാർജ് ഉപയോഗിച്ച് കടൽമാർഗം ആണവ നിലയത്തിൽ സുരക്ഷിതമായി എത്തിച്ചിരുന്നു. മറ്റ് രണ്ടെണ്ണം കൂടി ബാർജിൽ കൊണ്ട് വരുന്നതിനിടയിലാണ് പാറയിടുക്കിൽ കുടുങ്ങിയത്.
കൂടങ്കുളം ആണവനിലയത്തിൽ ആറ് റിയാക്ടറുകളിൽ രണ്ടെണ്ണത്തിൽ നിന്ന് 2000 മെഗാവാട്ട് വൈദ്യുതിയാണ് ഉല്പാദിപ്പിക്കുന്നത്. മൂന്നും നാലും റിയാക്ടറുകളുടെ പണികൾ ഏകദേശം തീർന്നു വരികയാണ്. കൂടാതെ, അഞ്ചും ആറും റിയാക്ടറുകളുടെ പണികൾ നടന്നു വരുന്നു. റഷ്യയിൽ നിന്നും തൂത്തുക്കുടി തുറമുഖത്തിൽ വരുന്ന ഉപകരണങ്ങളിൽ വലിപ്പം കുറഞ്ഞവ റോഡ് മാർഗ്ഗം ആണവനിലയത്തിലെത്തിക്കും. വലിപ്പം കൂടിയവ കടൽമാർഗമാണ് എത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.