സ്ത്രീയെ ആക്രമിച്ച സംഭവം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു
text_fieldsതിരുവനന്തപുരം: മ്യൂസിയത്തിന് സമീപം സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ പ്രതിയുടെ രേഖാ ചിത്രം പുറത്തുവിട്ടു. ബുധനാഴ്ച പുലർച്ചെ അഞ്ചോടെ മ്യൂസിയത്ത് നടക്കാനെത്തിയ സ്ത്രീക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കാറിലെത്തിയയാൾ സ്ത്രീക്കുനേരെ അതിക്രമം കാട്ടുകയായിരുന്നു.
എൽ.എം.എസിന് സമീപം കാർ പാർക്ക് ചെയ്തശേഷം എത്തിയായിരുന്നു അതിക്രമം. സ്ത്രീ അവർ ബഹളം വെച്ചതിനെ തുടർന്ന് അക്രമി മ്യൂസിയം വളപ്പിനുള്ളിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു. മ്യൂസിയം പൊലീസിൽ വിവരം അറിയിച്ചുവെങ്കിലും ഉടൻ പരിശോധന നടത്താൻ പൊലീസ് ശ്രമിച്ചില്ല.
ഇതാണ് പ്രതിക്ക് രക്ഷപ്പെടാൻ അവസരമൊരുക്കിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ കാർ നമ്പർവെച്ച് പ്രതിയെ കണ്ടെത്താനാകില്ലേ എന്ന് പരാതിക്കാരി ചോദിച്ചപ്പോൾ മ്യൂസിയത്തിലെ പല ക്യാമറകളും പ്രവർത്തിക്കുന്നില്ലെന്നും ചിലതിൽ ലൈവ് മാത്രമേയുള്ളൂവെന്നുമായിരുന്നു പൊലീസ് വിശദീകരണം.
മൂന്ന് വർഷം മുമ്പ് ഈ സ്ഥലത്തിന് വിളിപ്പാടകലെ മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയപ്പോഴും ഇതേ പല്ലവിയായിരുന്നു മ്യൂസിയം പൊലീസിന്‍റേത്.
മ്യൂസിയം കോമ്പൗണ്ടിൽ അധികൃതർ സ്ഥാപിച്ച ക്യാമറയിൽ നിന്നാണ് പ്രതിയുടെ ദൃശ്യങ്ങൾ ലഭിച്ചത്. ഈ ദൃശ്യങ്ങൾ പുറത്തുവരികയും പരാതിക്കാരി പൊലീസിനെതിരെ വിമർശനം ഉന്നയിക്കുകയും ചെയ്തതിന് പിന്നാലെ പൊലീസ് രേഖാചിത്രം തയാറാക്കി അന്വേഷണം ഊർജ്ജിതമാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.