മ്യൂസിയത്തിന് സമീപം സ്ത്രീയെ ആക്രമിച്ച സംഭവം: അന്വേഷണം മറ്റ് ജില്ലകളിലേക്കും
text_fieldsതിരുവനന്തപുരം: മ്യൂസിയത്തിന് സമീപം പ്രഭാതസവാരിക്കെത്തിയ വനിതാഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിലെ പ്രതിക്കായുള്ള പൊലീസ് അന്വേഷണം ജില്ലക്ക് പുറത്തേക്കും വ്യാപിപ്പിക്കുന്നു. രേഖാചിത്രം തയാറാക്കിയിട്ടും പ്രതിയെക്കുറിച്ച് കാര്യമായ സൂചനകൾ ലഭിക്കാത്തതിനാലാണ് പുതിയ നീക്കം.
കന്റോൺമെന്റ് എ.സി ദിനരാജിന്റെ നേതൃത്വത്തിൽ പുതിയ അന്വേഷണസംഘത്തിന് രൂപം നൽകി. ഇതുവരെയുള്ള പുരോഗതി സംഘം വിലയിരുത്തി.
സ്ഥിരം കുറ്റവാളിയാണെങ്കിൽ ഒളിവിൽ പോയിട്ടുണ്ടാകാമെന്ന വിലയിരുത്തലിലാണ് പൊലീസ്. കാറിന്റെ നമ്പർ കണ്ടെത്താനും ശ്രമം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങൾ ഇല്ലാത്തതാണ് പൊലീസിനെ കുഴക്കുന്നത്. കഴിഞ്ഞദിവസം ഏഴ് പേരെ കസ്റ്റഡിയിലെടുത്ത് തിരിച്ചറിയൽ പരേഡ് നടത്തിയെങ്കിലും പരാതിക്കാരി ആരെയും തിരിച്ചറിഞ്ഞില്ല.
ശാരീരിക ക്ഷമതയുള്ള, ഉയരമുള്ള ആളാണ് അക്രമം നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രേഖാചിത്രം പുറത്ത് വന്നതോടെ അക്രമി രൂപമാറ്റം വരുത്തിയിട്ടുണ്ടാകാമെന്ന വിലയിരുത്തലും പൊലീസിനുണ്ട്. സംഭവത്തിന്‍റെ സമീപദിവസങ്ങളിൽ സമീപത്തെ വീടുകളിലെത്തിയ അജ്ഞാതൻ ഇപ്പോഴും ഈ പ്രദേശത്തുണ്ടെന്ന് സ്ഥിരീകരിച്ചു.
സ്ത്രീയെ ആക്രമിച്ച ആളും ഈ അജ്ഞാതനും രണ്ടുപേരാണെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ചയും കുറവൻകോണത്ത് ഈ അജ്ഞാതനെത്തി. വനിതാ ഹോസ്റ്റലിലാണ് വീണ്ടും അജ്ഞാതന്റെ സാന്നിധ്യമുണ്ടായത്. പേരൂർക്കട സി.ഐയും സംഘവും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.