യുവതിയെ കാണാതായി; വീടിനു പിന്നിൽ 'രക്തക്കറയും' കീറിയ വസ്ത്രങ്ങളും
text_fieldsവിഴിഞ്ഞം: ഭർത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ യുവതി വീട്ടുകാരെ വിറപ്പിക്കാൻ കാണിച്ച അതിബുദ്ധി പൊലീസുകാരെയും നാട്ടുകാരെയും മുഴുവൻ വെള്ളംകുടിപ്പിച്ചു. സ്വന്തം വസ്ത്രങ്ങൾ കീറി വീടിനു പിറകിലെ കുറ്റിക്കാട്ടിൽ എറിഞ്ഞ ശേഷം അപായപ്പെടുത്തിയതെന്ന് വരുത്താൻ പരിസരത്ത് ചുവന്ന ക്യൂട്ടക്സും ഒഴിച്ച ശേഷം സ്ഥലം വിട്ട പോത്തൻകോട് സ്വദേശിയായ യുവതിയാണ് അധികൃതരെ മുൾമുനയിൽ നിർത്തിയത്. ഉച്ചയോടെ വലിയതുറ സ്റ്റേഷൻ പരിധിയിൽനിന്ന് യുവതിയെ കണ്ടെത്തിയതോടെ ഒരുദിവസം നീണ്ട നാടകത്തിന് തിരശ്ശീല വീണു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ചൊവ്വര അടിമലത്തുറ സ്വദേശിയായ 20കാരനൊപ്പം പോത്തൻകോട് സ്വദേശിനിയായ 19കാരി മാർച്ചിലാണ് വീടുവിട്ടത്. ബന്ധുക്കളുടെ പരാതിയെ തുടർന്ന് അന്ന് കേസെടുത്ത പോത്തൻകോട് പോലീസ് ഇരുവരെയും കണ്ടെത്തിയിരുന്നു. എന്നാൽ, യുവതിയുടെ നിർബന്ധത്തെ തുടർന്ന് യുവാവിനൊപ്പം വിട്ടയക്കുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ച ആറോടെ യുവാവിെൻറ വീട്ടിൽനിന്നും പുറത്തിറങ്ങിയ യുവതി തിരിച്ചെത്താതെ വന്നതോടെ വീട്ടുകാർ തിരക്കിയിറങ്ങി. വീടിൻെറ പിന്നിൽ കീറിയ വസ്ത്രങ്ങളും 'രക്തക്കറ'യും കണ്ടതോടെ വീട്ടുകാർ ഞെട്ടി. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിച്ചു. ഫോർട്ട് അസിസ്റ്റൻറ് കമീഷണർ ഷാജി, കോവളം സി.ഐ. പ്രൈജുകുമാർ എന്നിവരുടെ നേതൃത്വത്തിലെ വൻ പൊലീസ് സംഘവും ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും, സയൻറിഫിക് എക്സ്െപർട്ടും സ്ഥലത്തെത്തി. പരിസരത്തെ കുറ്റിക്കാടുകളും തെങ്ങിൽ തോപ്പ് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പൊലീസും നാട്ടുകാരും അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താനായില്ല.
ഒടുവിൽ സി.സി ടി.വികൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ യുവതി നടന്നു പോകുന്ന ദൃശ്യം ലഭിച്ചു. പൊലീസ് തിരയുന്നതിനിടയിൽ യുവതി വാഹനത്തിൽ കയറി വലിയതുറയിലെ ഒരു പള്ളിയിൽ എത്തി. സംശയം തോന്നിയ നാട്ടുകാരുടെ വിവരമനുസരിച്ച് പൊലീസ് എത്തി തിരിച്ചറിഞ്ഞതോടെ മണിക്കൂറുകൾ നീണ്ട ആശങ്കകൾക്ക് വിരാമമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.