വനിത ദിനം: ജില്ലയിൽ വിപുലമായ പരിപാടികൾ
text_fieldsതിരുവനന്തപുരം: അന്താരാഷ്ട്ര വനിത ദിനാഘോഷ ഭാഗമായി ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ശിശുക്ഷേമസമിതിയുടെ ദത്തെടുക്കൽ കേന്ദ്രങ്ങളിൽ ജോലിചെയ്ത് വരുന്ന ഏറ്റവും മുതിർന്ന അമ്മമാരെ ആദരിച്ചു. 15നും 25നും വർഷത്തിനിടയിൽ ജോലി ചെയ്യുന്നവരെയാണ് ആദരിച്ചത്. തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിലെ എസ്. മായാകുമാരി, പി.ജി. ബിന്ദുമോൾ, ബി. പത്മകുമാരി, എൽ. ജയ, എം. സെലീന, കെ.എസ്. രാജി, മലപ്പുറം ദത്തെടുക്കൽ കേന്ദ്രത്തിലെ ആയമാരായ എൻ.കെ. റാഫിയ, കെ.പി. നിർമല, കെ. ഹബ്സത്ത്, പി.കെ. പ്രേമലത എന്നിവരെയാണ് ആദരിച്ചത്. നവ കേരളം മിഷൻ കോഓഡിനേറ്റർ ഡോ. ടി.എൻ. സീമ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി അധ്യക്ഷത വഹിച്ചു.
സാമൂഹികശുശ്രൂഷയുടെ നേതൃത്വത്തിൽ വനിത ദിനം സംഘടിപ്പിച്ചു. ലത്തീൻ അതിരൂപത ആർച്ച് ബിഷപ് തോമസ് ജെ. നെറ്റോ മുഖ്യപ്രഭാഷണം നടത്തി. ഈ ലോകം പുരോഗതി കൈവരിക്കുന്നത് സ്ത്രീശാക്തീകരണം യാഥാർഥ്യമാകുമ്പോഴാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനം റെയിൽവേ അത്ലറ്റ് ലത നിക്കോളാസ് ഉദ്ഘാടനം ചെയ്തു. എസ്.എച്ച്.ജി ഫെഡറേഷൻ അതിരൂപത പ്രസിഡന്റ് സുശീല ജോ അധ്യക്ഷത വഹിച്ചു. പാളയം ഫൊറോന പ്രസിഡന്റ് ഡോളി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
വനിത ദിനത്തിൽ സർക്കാറിന്റെ ട്രോമ കെയർ പദ്ധതി കനിവ് 108 ആംബുലൻസ് സർവിസിന്റെ കൺട്രോൾ റൂം നിയന്ത്രണം ഏറ്റെടുത്തത് വനിതകൾ. കൺട്രോൾ റൂം മാനേജറുടെ ചുമതല ഉൾപ്പെടെ എമർജൻസി റെസ്പോൺസ് സെന്ററിന്റെ പൂർണ നിയന്ത്രണം വനിത എമർജൻസി ഓഫിസർമാർക്കായിരുന്നു. ടീം ലീഡർ എസ്.എസ്. ധന്യ കൺട്രോൾ റൂം മാനേജറുടെ താൽക്കാലിക ചുമതല ഏറ്റെടുത്തു. എമർജൻസി റെസ്പോൺസ് ഓഫിസർമാരായ സി.എസ്. അർച്ചന, ജി.യു. വിജി എന്നിവർ ടീം ലീഡറിന്റെ ചുമതല നിർവഹിച്ചു. 36 വനിത എമർജൻസി റെസ്പോൺസ് ഓഫിസർമാരാണ് വെള്ളിയാഴ്ച രാവിലെ ഏഴുമുതൽ രാത്രി 10 വരെ രണ്ട് ഷിഫ്റ്റുകളിലായി നിയന്ത്രിച്ചത്.
യു.എസ്.ടി കേന്ദ്രത്തിൽ ഐക്യരാഷ്ട്ര സഭയുടെ ‘സ്ത്രീകളിൽ നിക്ഷേപിക്കുക, പുരോഗതി ത്വരിതപ്പെടുത്തുക’ എന്ന വനിത ദിന ആശയത്തോട് ചേർന്നുനിന്ന വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. റൂറൽ ജില്ല പൊലീസ് മേധാവി കിരൺ നാരായണൻ, വനിത സംരംഭക ഷീല ജെയിംസ്, ദേശീയ അവാർഡ് ജേതാവും പ്രോജക്ട് വിഷൻ കേരള അംബാസഡറുമായ ഫാത്തിമ അൻഷി എന്നിവർ മുഖ്യാതിഥികളായി. സംഘനൃത്തം, സംഗീതപരിപാടികൾ തുടങ്ങിയവയും അരങ്ങേറി. ഇൻസ്പെയറിങ് വിമൻ പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഇംഗ്ലീഷ്, മലയാളം ഭാഷകളിൽ കവിത രചന, ചെറുകഥ രചന, ലേഖന രചന എന്നിവ കൂടാതെ ചിത്ര രചന, പെൻസിൽ സ്കെച്ച് തുടങ്ങിയ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. സ്റ്റേജ് പരിപാടികൾ, പാനൽ ചർച്ചകൾ, ഗ്രൂമിങ് സെഷനുകൾ, വനിത സംരംഭകരുടെ ഉൽപന്നങ്ങളുടെ പ്രദർശനം, വിൽപന എന്നിവ നടന്നു. ജില്ല നിയമ സേവന അതോറിറ്റിയുടെ വനിത ദിനാഘോഷം നടത്തി. വെള്ളയമ്പലം മാനവീയം വീഥി മുതൽ പാളയം അയ്യങ്കാളി ഹാൾ വരെ നടന്ന കൂട്ട നടത്തം മന്ത്രി വീണ ജോർജും ജില്ല ജഡ്ജി ആർ. സുദർശനനും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. അയ്യങ്കാളി ഹാളിൽ നടന്ന ദിനാചരണം ജില്ല ജഡ്ജി സുദർശനൻ ഉദ്ഘാടനം ചെയ്തു. ക്വിസ് പരിപാടി, നിയമ ബോധവത്കരണ ക്ലാസുകൾ, കലാസാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിച്ചു.
മാർ ബസേലിയോസ് എൻജിനീയറിങ് കോളജ് നാഷനൽ സർവിസ് സ്കീം യൂനിറ്റും ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെന്റും ചേർന്ന് വനിത ദിനാഘോഷ ഭാഗമായി സൈക്കിൾ റാലി നടത്തി. മന്ത്രി വീണാ ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു. സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. എബ്രഹാം മാത്യു, പ്രോഗാം ഓഫിസർ ജെ.എസ്. പ്രവീൺ, ഫാ. ജോൺ വർഗീസ് എന്നിവർ സംസാരിച്ചു. ചെറുരശ്മി സെന്ററും ജൻശിക്ഷൺ സൻസ്ഥനും സംയുക്തമായി ചെറിയതുറയിൽ വനിത ദിനാഘോഷം സംഘടിപ്പിച്ചു. സ്ത്രീകൾ തങ്ങൾ സ്വതന്ത്രരാണെന്ന ആശയം മുൻനിർത്തി കടൽതീരത്ത് 100 പട്ടങ്ങളും പറത്തി. സെന്റ് റോക്സ് കോൺവെൻറ് സുപ്പീരിയർ സിസ്റ്റർ സേവ്യർ ഉദ്ഘാടനം ചെയ്തു. ഡോ. കെ.ജി. താര, ജൻസിക്ഷൺ ഡയറക്ടർ കെ. ബി. സതീഷ്, കൗൺസിലർമാരായ മിലാനി പെരേര, അയറിൻ ദാസ്, മേരി ജിപ്സി എന്നിവർ പങ്കെടുത്തു.
തിരുവനന്തപുരം: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് നവകേരളം കൾചറൽ ഫോറം സംഘടിപ്പിച്ച സെമിനാർ പ്രസിഡൻറ് എം. ഖുത്തുബ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മടവൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവാർന്ന പ്രകടനം കാഴ്ചവെച്ച വനിതകളെ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.