പൊലീസിന്‍റെ സ്ത്രീസുരക്ഷ പദ്ധതികള്‍ അവതാളത്തില്‍
text_fieldsഅമ്പലത്തറ: സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വർധിക്കുമ്പോഴും പൊലീസിന്‍റെ സ്ത്രീ സുരക്ഷ പദ്ധതികള്‍ നഗരത്തിൽ അവതാളത്തില്‍. സ്ത്രീകളുടെ സുരക്ഷക്ക് പൊലീസിന്‍റെ മൂന്നാം കണ്ണ് എന്ന വിശേഷണത്തോടെ 2020ല്‍ പ്രഖ്യാപിച്ച റെഡ്ബട്ടണ്‍ പദ്ധതി ഇനിയും യാഥാർഥ്യമായിട്ടില്ല. തുടക്കത്തില്‍ കവടിയാർ, കഴക്കൂട്ടം എന്നിവിടങ്ങളിലും പിന്നീട് മറ്റ് സ്ഥലങ്ങളിലേക്കും റെഡ്ബട്ടണ്‍ പദ്ധതി സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം.
കഴക്കൂട്ടത്തും കവടിയാറും റെഡ്ബട്ടണ്‍ എന്ന പേരില്‍ മെഷീനുകള്‍ സ്ഥാപിച്ചുണ്ടെങ്കിലും ഇത് പ്രയോജനപ്പെടുന്നില്ല. പകലോ രാത്രിയിലോ സ്ത്രീകള്‍ക്ക് അതിക്രമങ്ങള്‍ നേരിട്ടാല്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്ന റെഡ്ബട്ടണ്‍ അമര്‍ത്തി കണ്‍ട്രോള്‍ റൂമിലെ പൊലീസുമായി സംസാരിക്കാൻ കഴിയുന്നതായിരുന്നു പദ്ധതി.
ഇത് സ്ഥാപിച്ച് കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് രണ്ട് സ്ത്രീകള്‍ തങ്ങളുടെ പരാതി പറയാന്‍ കവടിയാറില്‍ സ്ഥാപിച്ചിരുന്ന റെഡ്ബട്ടണ്‍ അമര്‍ത്തി മണിക്കൂറോളം കാത്തിരുന്നിട്ടും മറുപടിയില്ലായിരുന്നു. തുടർന്ന് സമീപത്തെ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് റെഡ്ബട്ടണ്‍ മെഷീന്‍ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് അറിയുന്നത്. ഈ ആവസ്ഥക്ക് ഇപ്പോഴും മാറ്റം വന്നിട്ടില്ല.
തലസ്ഥാന ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിലെ വനിത ഹെല്‍പ് ഡെസ്ക് സംവിധാനങ്ങളും നോക്കുകുത്തികളാണ്. മിക്ക പൊലീസ് സ്റ്റേഷനുകളിലും ആവശ്യത്തിന് വനിത പൊലീസുകാരില്ലാത്തതാണ് ഹെൽപ് ഡെസ്കുകൾ നല്ല നിലയിൽ പ്രവർത്തിക്കുന്നതിന് തടസ്സമായി പറയുന്നത്.
കൂടുതല്‍ വനിത പൊലീസുകാരുടെ സേവനം സ്റ്റേഷനുകളില്‍ ആവശ്യമാണെന്ന് ഹൗസ് ഓഫിസര്‍മാര്‍ ഉന്നതങ്ങളില്‍ അറിയിക്കാറുണ്ടെങ്കിലും നടപടി ഉണ്ടാകാറില്ല. ലോക്കല്‍ സ്റ്റേഷനുകളോട് താൽപര്യമില്ലാത്ത പല വനിത പൊലീസുകാരും സ്പെഷല്‍ യൂനിറ്റുകളിലേക്ക് മാറ്റം വാങ്ങിപ്പോകുന്ന സാഹചര്യവുമുണ്ട്.
അതേസമയം സ്ത്രീകള്‍ക്കും കൂട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളുടെ വിവരങ്ങള്‍ കണ്ടത്തുന്നതിനും ജനങ്ങളുമായി ബന്ധപ്പെടാനും രൂപംകൊടുത്ത ജനമൈത്രി സമിതികള്‍പോലും പല പൊലീസ് സ്റ്റേഷനുകളും നിര്‍ജീവാവസ്ഥയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.