ചേങ്കോട്ടുകോണത്ത് കിണർ ഇടിഞ്ഞുവീണ് അപകടത്തിൽപ്പെട്ട തൊഴിലാളിയെ രക്ഷപ്പെടുത്തി
text_fieldsപോത്തൻകോട് : ചേങ്കോട്ടുകോണം മടവൂർപ്പാറക്ക് സമീപം കിണർ വൃത്തിയാക്കുന്നതിനിടെ കിണർ ഇടിഞ്ഞ് വീണ് തൊഴിലാളി അപകടത്തിൽപ്പെട്ടു. സ്വാമിയാർ മഠം നാറാണത്ത് വീട്ടിൽ സന്തോഷ് ആണ് (45) അപകടത്തിൽപ്പെട്ടത്. കിണറ്റിൽ ഇറങ്ങി വൃത്തിയാക്കുന്നതിനിടെ കിണറ്റിന്റെ ഉൾഭാഗം ഇടിഞ്ഞ് സന്തോഷിന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.
കഴുത്തറ്റം മണ്ണ് മൂടി അപകടാവസ്ഥയിലായതിനെ തുടർന്ന് കഴക്കൂട്ടം, ചെങ്കൽചൂള എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്നി ശമന സേന രക്ഷപ്പെടുത്തുകയായിരുന്നു. ട്രൈപോഡിന്റെയും റോപ്പിന്റെയും സേഫ്റ്റിബെൽറ്റിന്റെയും സഹായത്തോടെ അപകടം നിറഞ്ഞ കിണറ്റിനുള്ളിൽ ഇറങ്ങി മൺവെട്ടി, പിക്കാസ്, ചിരട്ട, മേസ്തിരികരണ്ടി തുടങ്ങിയവ ഉപയോഗിച്ച് ഒരു മണിക്കൂർകൊണ്ട് സന്തോഷിന്റെ ദേഹത്ത് മൂടിക്കിടന്ന മണ്ണ് മാറ്റി അയാളെ രക്ഷപ്പെടുത്തി കിണറിന് പുറത്തെത്തിക്കുകയായിരുന്നു. സ്വാമിയാർമഠം കുളക്കോട്ടുകോണം സുനിൽ കുമാറിന്റെ വീട്ടിലെ 38 അടിയുള്ള കിണർ വൃത്തിയാക്കുന്നതിടെയായിരുന്നു അപകടം. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഉമേഷ് യു.ടിയാണ് കിണറ്റിൽ ഇറങ്ങിയത്.
സ്റ്റേഷൻ ഓഫിസർമാരായ ഗോപകുമാർ, നിതിൻരാജ്, അസി. സ്റ്റേഷൻ ഓഫിസർമാരായ രാജേഷ് കുമാർ, ജി.എസ്. ഷാജി, ബൈജു ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഷൈൻ ബോസ്, രാഹുൽ, ജിതിൻ, സന്തോഷ്, അജേഷ്, രതീഷ്, ജീവൻ, സജിത്ത്, ബിജു, ഷഫീഖ് ഇ, ശിവകുമാർ, ഷഫീഖ്, സുരേഷ്, ശ്യാമളകുമാർ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.