കാലിലും ഖൽബിലും കാൽപ്പന്താരവങ്ങളിൽ രാജാജി നഗർ
text_fieldsതിരുവനന്തപുരം: പഴയ ചെങ്കൽച്ചൂളയിൽ ഒന്നാം നമ്പർ ഫ്ലാറ്റ് നിർമിച്ച സ്ഥലത്തെ 'ഒന്നാംഘട്ടം' എന്നാണ് ഇവിടത്തുകാർ വിശേഷിപ്പിക്കുന്നത്. പേരുപോലെ ഒന്നാം നമ്പർ ആവേശം. രാജാജി നഗറിൽ ഇടവഴികളിൽ മതിലുകളിലെല്ലാം ഇഷ്ട ടീമുകളുടെ നിറം. മെസിയും നെയ്മറും ക്രിസ്ത്യാനോ റൊണാൾഡോയുമെല്ലാം തലയുയർത്തി നിൽപ്പുണ്ട്. കട്ടൗട്ട് ഒന്നുകൂടി വെക്കണം.'നെയ്മറിന്‍റേതാണ്... ചെറുപ്പക്കാരിലൊരാൾ മറുപടി പറഞ്ഞു.
കട്ടൗട്ട് കെട്ടാൻ അർജന്‍റീനിയൻ, പോർചുഗൽ ആരാധകരുമുണ്ട്. എല്ലാവരും ചേർന്നാണ് ഇവിടെ ഫുട്ബാൾ വസന്തത്തെ എതിരേൽക്കുന്നത്. ആവേശം കട്ടൗട്ടിലും തോരണങ്ങളിലും പതാകകളിലും ഒതുങ്ങുന്നില്ല. എല്ലാവർക്കും ഒന്നിച്ചിരുന്ന് കളി കാണാനുള്ള ബിഗ് സ്ക്രീനും അരശുംമൂട്ടിലുണ്ട്. കാലിലും ഖൽബിലും കാൽപ്പന്താരവങ്ങൾ നുരയുന്ന കാലത്ത് ആവേശക്കൊടുമുടിയിലാണ് രാജാജി നഗറിലെ മുക്കും മൂലയും.
ക്ലബിന്‍റെ പേരിൽ അറിയപ്പെടുന്ന 'സർഗം' അവിടെയും കൊടിതോരണങ്ങളും കട്ടൗട്ടും. 'ശിവാനന്ദ'യിലും 'ജാളിമുക്കി'ലും 'പാലത്തിനപ്പുറ'ത്തുമെല്ലാം സ്ഥിതി വ്യത്യസ്തമല്ല. കെ.എസ്.ആർ.ടി.സിയുടെ ഡബ്ൾ ഡെക്കർ ബസ് ബുക്ക് ചെയ്ത് നഗരത്തിൽ വിളംബര യാത്ര നടത്തിയാണ് രാജാജി നഗറിലെ ഫുട്ബാൾ പ്രേമികൾ ലോകകപ്പിന്‍റെ വരവറിയിച്ചത്.
ഇഷ്ട ടീമുകളുടെ കുപ്പായമണിഞ്ഞാണ് ആരാധകർ ബസിൽ നിറഞ്ഞത്. ഒപ്പം മുദ്രാവാക്യങ്ങളും. കുഞ്ഞുങ്ങളും വനിതകളുമടക്കം പങ്കെടുത്തു. ഇതിനു പുറമേ നഗരത്തിൽ രാജാജി നഗറിലെ കാൽപ്പന്ത് പ്രേമികളുടെ വക ബൈക്ക് റാലിയും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.