തിരുവനന്തപുരം ജില്ലയിൽ വിപുല പരിസ്ഥിതി ദിന പരിപാടികൾ
text_fieldsതിരുവനന്തപുരം: പരിസ്ഥിതി ദിനമായ തിങ്കളാഴ്ച വിപുലമായ പരിപാടികൾ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മോഡൽ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നടും. ലോകത്ത് നിന്ന് അപ്രത്യക്ഷമായെന്ന് കരുതിയ ആയിരവല്ലി ഇലിപ്പ തൈയാണ് മുഖ്യമന്ത്രി നടുന്നത്.
184 വർഷത്തെ ഇടവേളയ്ക്ക് ശേഷം, പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിലെ ഗവേഷകർ കൊല്ലം ജില്ലയിലെ പരവൂർ കൂനയിൽ ആയിരവില്ലി ശിവ ക്ഷേത്രക്കാവിൽ നിന്നാണ് ആയിരവല്ലി ഇലിപ്പ കണ്ടെത്തിയത്. 2019 -2020ൽ ശേഖരിച്ച വിത്തിൽ നിന്നാണ് തൈ ഉത്പാദിപ്പിച്ചത്.
മൂന്ന് വർഷത്തിനുള്ളിൽ 40 തൈകൾ ഉൽപാദിപ്പിച്ച് അനുയോജ്യമായ ആവാസ വ്യവസ്ഥയിൽ വളർത്തിയെടുക്കുക എന്നതാണ് ഗവേഷകർ ലക്ഷ്യമിടുന്നത്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ഹരിത സംരംഭ പദ്ധതിക്ക് മുഖ്യമന്ത്രി തുടക്കം കുറിക്കും.
ജലസസ്യങ്ങളെ കുറിച്ചുള്ള ഗൈഡ് മുഖ്യമന്ത്രി പ്രകാശനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. ഈ വർഷത്തെ പരിസ്ഥിതി ദിനത്തിന്റെ മുഖ്യവിഷയമായ പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരങ്ങൾ എന്ന വിഷയത്തിൽ പദ്മശ്രീ ജേതാവായ പ്രഫ.രാജഗോപാലൻ വാസുദേവൻ മുഖ്യ പ്രഭാഷണം നടത്തും.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും, പരിസ്ഥിതി വകുപ്പും, കേരള മലിനീകരണ നിയന്ത്രണ ബോർഡും, പരിസ്ഥിതി വിവരണ ബോധവത്കരണ കേന്ദ്രവും, പരിസ്ഥിതി വിദ്യാഭാസ പദ്ധതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
തൈക്കാട് ഗവ. മോഡൽ എച്ച്.എസ്.എൽ.പി.എസിൽ നടക്കുന്ന പരിപാടി മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ തിങ്കളാഴ്ച മിഷൻ ലൈഫ് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും.
തിരുവനന്തപുരം ഐ.സി.ഡി.എസുമായി ചേർന്നുനടത്തുന്ന പരിപാടികൾക്ക് വൈ.എം.എ ഹാളിൽ രാവിലെ 10ന് തുടക്കമാകും. സാംസ്കാരിക വകുപ്പ് ഡയറക്ടർ എൻ. മായ ഉദ്ഘാടനം ചെയ്യും. കേരള, ലക്ഷദ്വീപ് റീജൻ അഡീഷനൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി അധ്യക്ഷത വഹിക്കും.
ഡോ. ജോൺ സി. മാത്യു, ഡോ. സുവർണാദേവി എന്നിവർ ക്ലാസുകൾ നയിക്കും. വൃക്ഷത്തെ വിതരണം, ക്വിസ് മത്സരം, പാവനാടകം, സമ്മാനവിതരണം എന്നിവയും നടക്കും. രാവിലെ 11 ന് സത്യാന്വേഷണ ചാരിറ്റബിൾ സൊസൈറ്റിയുടെ ഉറിയാക്കോട് നെടിവിള വയോജന കേന്ദ്രത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേയാട് യൂനിറ്റ് വനിത വിങ് സന്ദർശനം നടത്തും. അമ്മമാരോടൊപ്പം ചേർന്ന് ഫലവൃക്ഷത്തൈകൾ നടും.
ഡിഫറന്റ് ആര്‍ട് സെന്ററിലെ പരിസ്ഥിതി ദിനാഘോഷം ചൊവ്വാഴ്ച വൈകുന്നേരം നാലിന് കൃഷിമന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഭിന്നശേഷിക്കാരനായ പ്രണവ് യേശുദാസിന് മന്ത്രി അവാർഡ് സമ്മാനിക്കും.300 ഭിന്നശേഷിക്കുട്ടികള്‍ക്ക് ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്യും. മികച്ച പരിസ്ഥിതി പ്രവര്‍ത്തകരെ ആദരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.