എ.ഐയെക്കുറിച്ച് സർവവിജ്ഞാനകോശത്തിൽ തിരയാം
text_fieldsതിരുവനന്തപുരം: നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് -എ.ഐ) കടന്നുവരാത്ത മേഖല ഇന്നില്ല. അതിവേഗം വളരുന്ന എ.ഐ മേഖലയുമായി ബന്ധപ്പെട്ട് വിജ്ഞാനകോശം ഒരുക്കുന്ന തിരക്കിലാണ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ളോപീഡിയ പബ്ലിക്കേഷൻ (എസ്.ഐ.ഇ.പി), അതും മലയാളത്തിൽ. ഇത്തരത്തിൽ ആദ്യമായാണ് എ.ഐക്കായി മലയാളത്തിൽ എൻസൈക്ളോപീഡിയ വരുന്നത്. 120ലേറെ വിഷയങ്ങൾ ഉൾക്കൊള്ളുന്ന 240ലധികം പേജുകളുള്ള നിർമിത ബുദ്ധി ലഘുവിജ്ഞാന കോശം എന്ന എ.ഐ എൻസൈക്ളോപീഡിയ ജനുവരിയിൽ പുറത്തിറങ്ങും.
2025 ജനുവരി ഏഴ് മുതൽ 13 വരെ നടക്കുന്ന നിയമസഭ പുസ്തകോത്സവത്തിലാണ് പ്രകാശനം. എൻസൈക്ലോപീഡിയയുടെ രൂപകൽപനയാണ് പൂർത്തിയാകാനുള്ളത്. നിർമിത ബുദ്ധിയുടെ ചരിത്രം, പരിണാമം, അൽഗോരിതം, സ്വാഭാവിക ഭാഷാ പ്രോസസിങ്, വിവിധ മേഖലകളിലുള്ള ഉപയോഗം, സുരക്ഷ സംവിധാനങ്ങൾ, ആശങ്കകൾ തുടങ്ങി നിരവധി മേഖലകളിലെ വിഷയങ്ങൾ എൻസൈക്ളോപീഡിയയിലുണ്ട്. അഞ്ച് വിഷയങ്ങളെ അടിസ്ഥാനമാക്കി ലഘുവിജ്ഞാനകോശങ്ങൾ നിർമിക്കാൻ എസ്.ഐ.ഇ.പി ഈ വർഷം ആദ്യം തീരുമാനിച്ചു. അതിൽ ഒന്നായിരുന്നു എ.ഐ. അഞ്ചു വിഷയങ്ങളിൽ ഒന്നായ മഹാകവി കുമാരനാശാനെ സംബന്ധിച്ചുള്ള കുമാരനാശാൻ ലഘുവിജ്ഞാനകോശം അടുത്തിടെയാണ് പ്രകാശനം ചെയ്തത്.
നിയമസഭ പുസ്തകോത്സവത്തിൽവെച്ച് എ.ഐക്കൊപ്പം വൈക്കം സത്യാഗ്രഹം ലഘുവിജ്ഞാനകോശവും പ്രകാശനം ചെയ്യും. മറ്റ് രണ്ട് വിഷയങ്ങളായ സമുദ്ര ജൈവവൈവിദ്ധ്യവും സമുദ്ര സമ്പദ്വ്യവസ്ഥയും, ഇന്ത്യൻ- ഇംഗ്ലിഷ് സാഹിത്യം എന്നിവയുടെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഡീപ് ഫേക്ക്, ചാറ്റ്ബോട്ട് തുടങ്ങിയവയെക്കുറിച്ചും എ.ഐ ലഘുവിജ്ഞാനകോശത്തിന്റെ പദസൂചികയിൽ തിരയാം. കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജിയിലെ പ്രഫ. ലീനാ മേരിയുടെ നേതൃത്വത്തിലുള്ള 12 അംഗ ഉപദേശക സമിതിയാണ് വിഷയങ്ങൾ തെരഞ്ഞെടുക്കുന്നതിനായി മേൽനോട്ടം വഹിച്ചത്. നിർമിത ബുദ്ധിയുടെ നല്ല വശവും മോശം വശവും അറിയാൻ ഈ ലഘു വിജ്ഞാനകോശം സഹായിക്കുമെന്ന് എസ്.ഐ.ഇ.പി ഡയറക്ടർ പ്രഫ. മ്യൂസ് മേരി ജോർജ് പറഞ്ഞു.
പുസ്തകം പൂർണമായും മലയാളത്തിലായിരിക്കും. ഇതിന്റെ ഇംഗ്ളിഷ് പതിപ്പുണ്ടാകുമോയെന്ന് തിരക്കുന്നവരുമുണ്ട്. സാങ്കേതിക പദങ്ങൾ പരമാവധി ലളിതമായ മലയാളത്തിലാക്കിയാണ് പുസ്തകത്തിലുള്ളതെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
പല വാക്കുകളുടെയും മലയാളം കണ്ടെത്താൻ ബുദ്ധിമുട്ടിയെങ്കിലും കൂട്ടായ പരിശ്രമം വിജയത്തിലെത്തിക്കുകയായിരുന്നു. ലഘുവിജ്ഞാനകോശത്തിലുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ എസ്.ഐ.ഇ.പിയുടെ 'അറിവ്’ എന്ന യൂട്യൂബ് ചാനലിൽ ബന്ധപ്പെട്ട വിഷയത്തെക്കുറിച്ചുള്ള വീഡിയോയും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.