കൊല്ലത്ത് വീണ്ടും ലഹരി വേട്ട; എം.ഡി.എം.എയുമായി യുവാവ്ഓച്ചിറയിൽ പിടിയിൽ
text_fieldsകൊല്ലം: ഓച്ചിറയിൽ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കൊല്ലം സിറ്റി ഡാൻസാഫ് ടീമും ഓച്ചിറ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഓച്ചിറ വരവിള കൊല്ലന്‍റഴികത്ത് കിഴക്കതിൽ നാസർ മകൻ അൽ അമീൻ (22) എം.ഡി.എം.എയുമായി പിടിയിലായത്.
നിരന്തരം ബംഗളൂരു സന്ദർശിക്കുന്ന ഇയാൾ കഴിഞ്ഞ ദിവസം മടങ്ങി വന്ന് ഓച്ചിറയിൽ ബസിറങ്ങി വീട്ടിലേക്ക് പോകുന്ന വഴിക്കാണ് പൊലീസ് സംഘത്തിന്‍റെ പിടിയിലായത്. ഇയാളിൽ നിന്ന് 11.92 ഗ്രാം എം.ഡി.എം.എയും 100 ഗ്രാം കഞ്ചാവും പൊലീസ് പിടികൂടി. വിപണിയിൽ രണ്ട് ലക്ഷം രൂപക്കുമേൽ വിലവരുന്ന എം.ഡി.എം.എയാണ് പൊലീസ് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് തുച്ഛമായ വിലയ്ക്ക് വാങ്ങി മില്ലി ഗ്രാമിന് 2500 മുതൽ 3000 രൂപ വരെ വാങ്ങി ചെറുകിട കച്ചവടക്കാർക്ക് വിൽക്കുന്നതാണ് ഇയാളുടെ രീതി. കച്ചവടത്തിലെ അമിതലാഭമാണ് ഇയാളെ നിരന്തരം ബംഗളൂരുവിലെത്തി എം.ഡി.എം.എ കടത്തിക്കൊണ്ടു വരാൻ പ്രേരണയായത്.
ധരിച്ചിരുന്ന ജീൻസിൽ പ്രത്യേക അറയുണ്ടാക്കി അതിലൊളിപ്പിച്ചാണ് എം.ഡി.എം.എ കടത്തിയത്. ഇയാളുടെ നിരന്തര ബംഗളൂരു സന്ദർശനത്തെ സംബന്ധിച്ച് കൊല്ലം ജില്ല പൊലീസ് മേധാവി നാരായണൻ ടി. ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ സിറ്റി പൊലീസ് മയക്ക്മരുന്ന് വിരുദ്ധ സ്പെഷൽ സ്ക്വാഡിന്‍റെ (ഡാൻസാഫ്) നിരീക്ഷണത്തിലായിരുന്നു. ബംഗളൂരുവിൽ നിന്ന് ഓച്ചിറയിലെത്തിയ ഇയാളെ ഡാൻസാഫ് ടീമും ഓച്ചിറ പൊലീസുമടങ്ങിയ സംയുക്ത സംഘമാണ് പിടികൂടിയത്.
സിറ്റി പൊലീസ് ആൻഡി നർക്കോട്ടിക് എ.സി.പി സോണി ഉമ്മൻ കോശി, സ്പെഷൽ ബ്രാഞ്ച് എ.സി.പി കെ. അശോക കുമാർ, ഓച്ചിറ ഇൻസ്പെക്ടർ പി. വിനോദ്, എസ്.ഐമാരായ ആർ. ജയകുമാർ, നിയാസ്, എ.എസ്.ഐ സന്തോഷ്, സിറ്റി ഡാൻസാഫ് അംഗങ്ങളായ ബൈജു പി ജെറോ, സജു, സീനു, മനു, രിപു, രതീഷ്, ലിനു ലാലൻ എന്നിവരടങ്ങിയ സംഘമാണ് ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ ഇയാളെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.