വിമാനമാർഗം എം.ഡി.എം.എ കടത്ത്: യുവാവ് പിടിയിൽ
text_fieldsപിടിയിലായ ഷിജുവുമായി പൊലീസ് സംഘം
ഇരവിപുരം: വിമാനമാർഗം എം.ഡി.എം.എ എത്തിച്ച് മൊത്തവിൽപന നടത്തിയിരുന്ന അന്തർസംസ്ഥാന ബന്ധമുള്ള യുവാവ് പൊലീസ് പിടിയിലായി. ഇയാളിൽനിന്ന് അഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന 90 ഗ്രാമോളം എം.ഡി.എം.എ പിടിച്ചെടുത്തു. ഉമയനല്ലൂർ വടക്കുംകര റിജി നിവാസിൽ എ. ഷിജുവിനെയാണ് (34) കൊല്ലം സിറ്റി പൊലീസ് കമീഷണറുടെയും അസി. കമീഷണറുടെയും നേതൃത്വത്തിൽ സിറ്റി ഡാൻസാഫ് ടീമും ഇരവിപുരം പൊലീസും ചേർന്ന് പിടികൂടിയത്.
ഡൽഹിയിൽനിന്ന് വിമാനമാർഗം തിരുവനന്തപുരത്ത് എത്തിയ ശേഷം ടാക്സിയിൽ കൊട്ടിയത്തും അവിടെനിന്ന് ഓട്ടോയിൽ മാടൻനടയിൽ വന്നിറങ്ങിയപ്പോഴാണ് ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിയോടെ ഇയാൾ പിടിയിലായത്. ആന്ധ്രയിൽ 60 കിലോ കഞ്ചാവുമായി ഇയാൾ നേരത്തേ പിടിയിലായിട്ടുണ്ട്. ഏതാനും മാസം മുമ്പ് എം.ഡി.എം.എ കേസുമായി ബന്ധെപ്പട്ട് കൊല്ലം ഈസ്റ്റ് പൊലീസ് ഇയാളെ പിടികൂടിയെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടില്ലെന്നുകണ്ട് വിട്ടയച്ചിരുന്നു.
അന്നുമുതൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. മാസത്തിൽ രണ്ട് പ്രാവശ്യം ഇയാൾ വിമാനമാർഗം എം.ഡി.എം.എ കടത്തിയിരുന്നു. ഈസ്റ്റ് പൊലീസിന്റെ കൈവശമുണ്ടായിരുന്ന ഇയാളുടെ ഫോട്ടോ വെച്ചാണ് തിരിച്ചറിഞ്ഞത്. ചെറുകിട കച്ചവടക്കാർക്കാണ് ഇയാൾ മയക്കുമരുന്ന് നൽകിയിരുന്നത്. പൈസ അപ്പോൾ വാങ്ങിയിരുന്നില്ല. ഇയാളുമായി ബന്ധമുള്ള പലരും പൊലീസ് നിരീക്ഷണത്തിലാണ്.
ഇയാളിൽനിന്ന് ലഭിച്ച വിവരമനുസരിച്ച് നിരവധി മയക്കുമരുന്ന് കച്ചവടക്കാർ ഉടൻ പിടിയിലായേക്കും. ഡൽഹിയിൽനിന്ന് കുറഞ്ഞ വിലക്ക് വാങ്ങുന്ന മയക്കുമരുന്ന് മൂന്നിരട്ടി വിലക്കാണ് ഇയാൾ വിറ്റിരുന്നത്. ജില്ലയിൽ മയക്കുമരുന്നെത്തിച്ച് വിതരണം നടത്തുന്ന പ്രധാനപ്പെട്ട സംഘത്തിന്റെ തലവനാണ് ഇയാളെന്നാണ് വിവരം. ഇയാൾ വിമാനമാർഗം എങ്ങനെയാണ് മയക്കുമരുന്ന് കടത്തിയിരുന്നത് എന്നതിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഈ വർഷം പൊലീസ് പിടികൂടിയ ഏറ്റവും വലിയ എം.ഡി.എം.എ കേസാണിത്.
ജനം തടിച്ചുകൂടി; പൊലീസ് ബലം പ്രയോഗിച്ച് പിരിച്ചുവിട്ടു
ഇരവിപുരം: 90 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായെന്ന വാർത്ത പരന്നതോടെ മാടൻനടക്കും വെണ്ടർമുക്കിനും ഇടയിൽ ദേശീയപാതയും പരിസരവും ജനങ്ങളെകൊണ്ടുനിറഞ്ഞു. സിറ്റി പൊലീസ് കമീഷണർ കിരൺ നാരായണൻ, എ.സി.പി എസ്. ഷെരീഫ് എന്നിവരുടെ നേതൃത്വത്തിൽ വലിയ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.
കമീഷണറും അസി കമീഷണറും ഡാൻസാഫ് ടീമും രാത്രിയിൽ ഉറക്കമൊഴിഞ്ഞ് കാത്തിരുന്നാണ് ഷിജുവിനെ പിടികൂടിയത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് പലതവണ ബലം പ്രയോഗിക്കേണ്ടിവന്നു. കഴിഞ്ഞദിവസം മയക്കുമരുന്നു വിൽപന സംഘത്തിൽപ്പെട്ട കോതമംഗലം സ്വദേശിയെ ഇരവിപുരം പൊലീസ് പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും മയക്കുമരുന്ന് വേട്ട തുടരുമെന്ന് സിറ്റി പൊലീസ് കമീഷണറും അസി. കമീഷണറും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.