വേനൽചൂടിൽ വാടാതെ കലാമികവിന്റെ മാറ്റുരക്കൽ
text_fieldsതിരുവനന്തപുരം: പൊള്ളുന്ന വേനൽചൂടിലും കലാകാരികളും കലാകാരന്മാരും വേദികളിലേക്ക് ആവേശത്തോടെയെത്തി. നിരന്തര പരിശീലനത്തിലൂടെ ആർജിച്ചെടുത്ത വൈഭവങ്ങളുടെ ആസ്വാദനം സദസ്സിലേക്ക് പകർന്നു. ഒരു വേദിയിൽനിന്ന് മറ്റൊരിടത്തേക്ക് കൈയടിയും പ്രോത്സാഹനങ്ങളുമായി കാഴ്ചക്കാരും. പഠനവിഷയങ്ങൾക്ക് അവധി നൽകി കലക്കും സംഗീതത്തിനും വേണ്ടി മാത്രം നീക്കിവെച്ച പകലിരവുകൾ. പ്രധാന വേദിയായ സർവകലാശാല സെനറ്റ് ഹാളിലും പുറത്തും മത്സരങ്ങൾ കാണാൻ വിദ്യാർഥികളുടെ വലിയ പങ്കാളിത്തമുണ്ടായിരുന്നു.
എട്ട് വേദികളിലായാണ് മത്സരം നടക്കുന്നതെങ്കിലും പ്രസംഗ, രചനമത്സരങ്ങൾ നടക്കുന്ന കോളജുകളിൽ പൊതുവെ, കാണികൾ കുറവാണ്. ജനപ്രിയ ഇനമായിരുന്നിട്ടും കഥാപ്രസംഗ വേദിയായ ഗവ.ആർട്സ് കോളജിൽ പങ്കാളിത്തം പ്രതീക്ഷിച്ചയത്രയുണ്ടായില്ല. രചനമത്സരങ്ങൾ നടന്ന യൂനിവേഴ്സിറ്റി കോളജിലെ കെമിസ്ട്രി വിഭാഗത്തിലും കാർട്ടൂൺ മത്സരങ്ങൾ നടന്ന പി.എം.ജിയിലെ സ്റ്റുഡൻറ്സ് സെന്ററിലും സ്ഥിതി സമാനമായിരുന്നു. വിധിനിർണയത്തിലെ അപാകങ്ങളെ ചൊല്ലിയുള്ള തർക്കങ്ങളും പ്രതിഷേധങ്ങളുമൊക്കെ പതിവുപോലെ ഉയർന്നെങ്കിലും പ്രശ്നങ്ങൾ ഏറക്കുറെ പരിഹരിച്ച് മത്സരങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ സംഘാടകർക്കായി.
തിരുവാതിരയിലും പ്രതിഷേധത്തിര
തിരുവനന്തപുരം: തിരുവാതിര മത്സരത്തിന്റെ വിധി നിർണയം സുതാര്യമല്ലെന്നാരോപിച്ച് പ്രതിഷേധം. വിദ്യാർഥിനികൾ വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രധാന വേദിയിലാണ് വ്യാഴാഴ്ച രാത്രി നടന്ന തിരുവാതിരയുടെ വിധി നിർണയത്തിനെതിരെ പ്രതിഷേധമുയർന്നത്. വിധി നിർണയത്തിനിടെ, വിധികർത്താക്കള് ഉറങ്ങിയെന്നും മത്സരാർഥിയുടെ വസ്ത്രം അഴിഞ്ഞുവീണ ടീമിനുപോലും സമ്മാനം നൽകിയെന്നും അവർ ആരോപിച്ചു. യൂനിവേഴ്സിറ്റി കോളജ്, ഗവ. വിമൻസ് കോളജ്, കൊല്ലം എസ്.എൻ. കോളജ് എന്നിവിടങ്ങളിലെ മത്സരാർഥികളാണ് പ്രതിഷേധിച്ചത്. സംഘാടകരുമായി പിന്നീട് നടത്തിയ ചർച്ചയിൽ, പരാതിയിൽ പരിഹാരമുണ്ടാകുന്നതുവരെ തിരുവാതിരയുടെ ഫലം മരവിപ്പിക്കാമെന്ന് ഉറപ്പുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.