Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 11:59 PM GMT Updated On
date_range 9 May 2022 11:59 PM GMTപഴമയുടെ പത്തായപ്പുരയുമായി 'വൃഹി ധരണി'
text_fieldsbookmark_border
കൽപറ്റ: നൂറ്റാണ്ടുകളായി ഉഴുതുമറിച്ച പാടത്തേക്ക് വിത്തെറിഞ്ഞ് നാടിന്‍റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്ന പാരമ്പര്യ കര്‍ഷകർക്കുള്ള ആദരവായി വൃഹി ധരണി സ്റ്റാള്‍. കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ മൈതാനിയിലെ എന്‍റെ കേരളം പ്രദര്‍ശന നഗരിയില്‍ മാനന്തവാടി ബ്ലോക്ക് കൃഷി വകുപ്പിന്‍റെ നേതൃത്വത്തിലാണ് സ്റ്റാള്‍ ഒരുക്കിയത്. വൃഹി ധരണി എന്നാല്‍ നെൽപാടം. പ്രകൃതിയുടെ പാനപാത്രമായ നെല്‍വയലുകളില്‍നിന്ന് നാടിന്‍റെ പത്തായപ്പുരകള്‍ നിറച്ച നെല്‍വിത്തുകളുടെ ബൃഹദ് ശേഖരമാണ് ഇവിടെ പുതുതലമുറകള്‍ക്കായി പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ സമൃദ്ധമായി വിളഞ്ഞതും ഇപ്പോഴും കൃഷിചെയ്യുന്നതുമായ അമൂല്യ വിത്തുകളും പ്രദര്‍ശനത്തിനായി തയാറാക്കിയിട്ടുണ്ട്. ജില്ലയിലെ കര്‍ഷകരുടെ ശേഖരത്തില്‍നിന്നാണ് ഇവര്‍ മേളയില്‍ ഈ വിത്തുകള്‍ എത്തിച്ചത്. വയനാട്ടിലെ അന്യംനിന്നുപോയ നൂറിൽപരം നെല്‍വിത്തുകളില്‍ ഇപ്പോഴും കാലത്തെ അതിജീവിക്കുന്ന മുപ്പതോളം വിത്തുകൾ ഇവിടെ പരിചയപ്പെടാം. അതിരാവിലെ കതിരുവിരിഞ്ഞാല്‍ വൈകീട്ട് കൊയ്‌തെടുക്കാന്‍ കഴിയുന്ന അന്നൂരി, മാജിക് റൈസ് എന്നറിയപ്പെടുന്ന അകോനി ബോറ, വയലറ്റ് നിറത്തിലുള്ള കൃഷ്ണ കൗമോദ് തുടങ്ങിയ വടക്കെ ഇന്ത്യന്‍ നെല്‍വിത്തുകളും പാല്‍തൊണ്ടി, വെളിയന്‍, ചോമാല, മുള്ളന്‍ കയമ, ഗന്ധകശാല തുടങ്ങിയ വയനാടന്‍ സ്വന്തം നെല്‍വിത്തുകളും വൃഹി ധരണിയുടെ വിത്തുപുരയിലുണ്ട്. വൃഹി ധരണി സന്ദര്‍ശിക്കുന്നവരെ ചെറുപുഞ്ചിരിയോടെ വരവേല്‍ക്കാന്‍ സംസ്ഥാന സര്‍ക്കാറിന്‍റെ 'ഞങ്ങളും കൃഷിയിലേക്ക്' ഭാഗ്യചിഹ്നമായ ചില്ലു അണ്ണാനുമുണ്ട്. ആയിരത്തിലധികം വിവിധയിനം നെല്‍വിത്തുകള്‍കൊണ്ടാണ് ചില്ലു അണ്ണാനെ നിർമിച്ചത്. രാംലി, കാലജീര, രക്തശാലി, അസം ബ്ലാക്ക് തുടങ്ങിയ എട്ടോളം നെല്‍വിത്തിനങ്ങളാണ് ഇതിനായി ഉപയോഗിച്ചത്. പാഡി ആര്‍ട്ടില്‍ ഇതിനകം ശ്രദ്ധേയനായ തൃശ്ശിലേരിയിലെ നെല്‍കര്‍ഷകൻ ജോണ്‍സനാണ് ദിവസങ്ങളോളം പരിശ്രമിച്ച് നെല്‍വിത്തുകളില്‍ ചില്ലുവിനെ അണിയിച്ചൊരുക്കിയത്. സ്റ്റാള്‍ സന്ദര്‍ശിക്കുന്നവര്‍ കൗതുകത്തോടെയാണ് ചില്ലു അണ്ണാനെ വീക്ഷിക്കുന്നത്. ജില്ലയിലെ പ്രധാന പാരമ്പര്യ നെല്‍കര്‍ഷകരുടെയും നെല്‍കൃഷിയില്‍ നൂതന പരീക്ഷണങ്ങള്‍ നടത്തുന്നവരുടെയും പിന്തുണയോടെയാണ് ഈ പ്രദര്‍ശന സ്റ്റാളുകള്‍ വിത്തുകളുടെ ശേഖരണംകൊണ്ട് വേറിട്ടുനില്‍ക്കുന്നത്. പ്രസീദ് തയ്യിലിന്‍റെ ശേഖരത്തിലുള്ള നെല്‍ വിത്തിനങ്ങളും വ്യത്യസ്ത അരി ഉൽപന്നങ്ങളും വൃഹി ധരണിയെ സമ്പുഷ്ടമാക്കുന്നു. അസി. കൃഷി ഡയറക്ടര്‍ കെ.കെ. രാമുണ്ണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് വൃഹി ധരണിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. MONWDL8 വൃഹി ധരണി സ്റ്റാളിൽ നെല്ലു കൊണ്ടുണ്ടാക്കിയ ചില്ലു അണ്ണാനെ വീക്ഷിക്കുന്നവർ കെട്ടുകള്‍ പലവിധം; അഴിക്കാന്‍ ഒറ്റവഴി രക്ഷകരും പരിശീലകരുമായി അഗ്‌നിരക്ഷസേന കൽപറ്റ: ജീവിത പരിസരങ്ങളില്‍ അപായപ്പെടുമ്പോഴും അല്ലാത്തപ്പോഴും ആവശ്യഘട്ടങ്ങളില്‍ എളുപ്പത്തിലുള്ള രക്ഷാപ്രവര്‍ത്തനത്തിന് തുണയാകുന്ന 23 കെട്ടുകളെ പരിചയപ്പെടുത്തുകയാണ് അഗ്‌നിരക്ഷസേന. എന്‍റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിലാണ് അഗ്‌നിരക്ഷസേനയുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള കെട്ടുകള്‍ അറിവിനൊപ്പം കൗതുകവുമാകുന്നത്. ഹാഫ് ഹിച്ച്, ക്ലോ ഹിച്ച്, ഫിഗര്‍ ഓഫ് എയ്റ്റ്, റീഫ് നോട്ട്, സ്ലീപ്പറി ഹിച്ച്, കാരിക്ക് ബെന്‍ഡ്, ഇയര്‍ നോട്ട്, സിംഗിള്‍ ഷീറ്റ് ബെന്‍ഡ്, ഡെബിള്‍ ഷീറ്റ് ബെന്‍ഡ്, കാറ്റ്‌സ് പോ, റണ്ണിങ് ബോലൈന്‍, ഡ്രേ ഹിച്ച് എന്നിങ്ങനെ 23തരം കെട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി അഗ്നിരക്ഷസേന ഉപയോഗിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് ഇതുസംബന്ധിച്ചുള്ള അവബോധം നല്‍കാനും നിത്യജീവിതത്തില്‍ ആവശ്യമുള്ളപ്പോള്‍ പ്രായോഗികമാക്കാനും മേളയില്‍ പരിശീലനം നല്‍കുന്നു. ഒരേസമയം നാടിന്‍റെ രക്ഷകരും സൗജന്യ പരിശീലകരുമായി മാറുന്ന അഗ്നിരക്ഷസേനയുടെ ഈ സ്റ്റാളും പുതുമകൊണ്ട് ശ്രദ്ധേയമാണ്. ഇത്തരം അറിവുകള്‍ക്കൊപ്പം അത്യാധുനിക ജീവന്‍രക്ഷ ഉപകരണങ്ങളും സ്റ്റാളില്‍ പരിചയപ്പെടുത്തുന്നുണ്ട്. കെട്ടിടങ്ങളിലോ വാഹനങ്ങളിലോ അപകടങ്ങള്‍ ഉണ്ടായാല്‍ ഉടൻ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ഹൈഡ്രോളിക് കട്ടര്‍, സ്പെഡര്‍, വിഷവാതകം നിറഞ്ഞ കിണറുകളിലും കെട്ടിടങ്ങളിലും മറ്റും പ്രവര്‍ത്തനം നടത്തേണ്ട സാഹചര്യത്തില്‍ അവ പുറന്തള്ളാന്‍ ഉപയോഗിക്കുന്ന ബ്ലോവര്‍, തീയണക്കുന്ന വിവിധതരം ഫയര്‍ ഫൈറ്റിങ് ബ്രാഞ്ചുകള്‍, അപകടത്തിൽപെട്ട വാഹനങ്ങള്‍ ഉയര്‍ത്തുന്നതിനും അപകടത്തിൽപെട്ട കെട്ടിടങ്ങള്‍ ഉയര്‍ത്തി കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനും ഉപയോഗിക്കുന്ന ന്യൂമാറ്റിക് എയര്‍ ബാഗ്, അത്യാധുനിക സ്വയംരക്ഷ ഉപകരണങ്ങള്‍, കോണ്‍ക്രീറ്റ് കട്ടിങ്ങിനുള്ള ഡിമോളിഷിങ് ഹാമ്മര്‍, വാഹനങ്ങള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത ഇടങ്ങളിലെ ജലാശയങ്ങളില്‍ പ്രവര്‍ത്തിപ്പിച്ച് തീയണക്കാന്‍ ഉപയോഗിക്കുന്ന ഫ്ലോട്ടിങ് പമ്പ്, അപകടത്തിൽപെട്ടവർ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്ന ഉപകരണമായ ലൈഫ് ഡിക്ടറ്റര്‍, തീയണക്കുന്ന പൗഡര്‍ ബാള്‍, ഫയര്‍ ബാള്‍, ജലരക്ഷ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന സ്‌കൂബ, അഗ്നിരക്ഷ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന പി.പി.ഇ കിറ്റ്, രാസവസ്തു ചോര്‍ച്ച വേളയില്‍ ഉപയോഗിക്കുന്ന കെമിക്കല്‍ സ്യൂട്ട്, തുടങ്ങിയവ സ്റ്റാളില്‍ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കുന്നു. അപകടങ്ങളില്‍ എങ്ങനെ പ്രഥമ ചികിത്സ നല്‍കാമെന്നും ബോധവത്കരണവും നല്‍കുന്നുണ്ട്. മോതിരം കൈയില്‍ കുടുങ്ങിയുണ്ടാകുന്ന സാഹചര്യങ്ങളെ മറികടക്കാനും പാചകവാതക ഗ്യാസ് ചോര്‍ച്ചയുണ്ടായാല്‍ അവ എങ്ങനെ കൈകാര്യം ചെയ്യാമെന്നും ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയുണ്ടാകുന്ന അപകടങ്ങളില്‍ നല്‍കേണ്ട പ്രഥമ ചികിത്സകളെപ്പറ്റിയും സേനാംഗങ്ങള്‍ വിശദീകരിക്കുന്നു. സുൽത്താൻ ബത്തേരി, കല്‍പറ്റ, മാനന്തവാടി അഗ്‌നിരക്ഷ കേന്ദ്രങ്ങളിലെ അംഗങ്ങളാണ് സ്റ്റാളിന് നേതൃത്വം നല്‍കുന്നത്. MONWDL9 എന്‍റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിലെ അഗ്നിരക്ഷ സേനയുടെ സ്റ്റാൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story