ടെറസിൽ സൗരോര്‍ജ വിപ്ലവം; ജില്ലയില്‍ 100 പ്ലാന്റുകള്‍
text_fieldsകൽപറ്റ: ഊര്‍ജ കേരള മിഷന്റെ ഭാഗമായി കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പുരപ്പുറ സൗരോര്‍ജ പദ്ധതിയുടെ ഭാഗമായി 100 പ്ലാന്റുകൾ ജില്ലയിലെ സര്‍ക്കാര്‍-സര്‍ക്കാറിതര കെട്ടിടങ്ങളില്‍ പ്രവര്‍ത്തനസജ്ജമാകുന്നു. 100 സൗരോര്‍ജ പ്ലാന്റുകളിലൂടെ 2.025 മെഗാവാട്ട് വൈദ്യുതി ഉൽപാദനമാണ് കെ.എസ്.ഇ.ബി ലക്ഷ്യമിടുന്നത്. പദ്ധതി ചെലവ് പൂർണമായും കെ.എസ്.ഇ.ബിയാണ് വഹിക്കുന്നത്. 100 സൗരോര്‍ജ പ്ലാന്റുകള്‍ യാഥാർഥ്യമാക്കാന്‍ ഏകദേശം എട്ട് കോടി രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 0.6 മെഗാ വാട്ട് ശേഷിയില്‍ 40 സോളാര്‍ നിലയങ്ങളുടെ നിർമാണം ഇതിനകം പൂര്‍ത്തീകരിച്ചു. കൂടുതലായും വിദ്യാലയങ്ങളിലാണ് പ്ലാന്റുകള്‍ സ്ഥാപിച്ചത്. വിദ്യാലയങ്ങള്‍ക്ക് പുറമെ മാനന്തവാടി ഡിവൈ.എസ്.പി ഓഫിസ്, പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ്, ഒഴുക്കന്മൂല ഹോമിയോ ഡിസ്പെന്‍സറി, കാട്ടിക്കുളം ബേഗൂര്‍ പി.എച്ച്.സി, നല്ലൂര്‍നാട് ട്രൈബല്‍ ഹോസ്റ്റല്‍ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സര്‍ക്കാറിതര സ്ഥാപനങ്ങളിലും പ്ലാന്റുകള്‍ സ്ഥാപിച്ചു. പ്ലാന്റുകളില്‍ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയില്‍ 90 ശതമാനം വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്കും 10 ശതമാനം അതത് സ്ഥാപനങ്ങളിലേക്കും നല്‍കും. ഇതുവരെ കമീഷന് ചെയ്ത 40 പ്ലാന്റുകളിലൂടെ പ്രതിമാസം 72,000 യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.
നിർമാണം പൂര്‍ത്തീകരിച്ച സോളാര്‍ നിലയങ്ങളില്‍ ഏറ്റവും വലിയ നിലയം സ്ഥിതി ചെയ്യുന്നത് സുല്‍ത്താന്‍ ബത്തേരി ഗവ. ഹോസ്പിറ്റലിലാണ്. 166 കിലോവാട്ട് വൈദ്യുതിയാണ് നിലയത്തിലൂടെ ഉൽപാദിപ്പിക്കാന് കഴിയുന്നത്. ബാക്കിയുള്ള 60 സോളാര്‍ നിലയങ്ങളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്. മാനന്തവാടിയില്‍ ഒ.ആര്. കേളു എം.എല്‍.എയും സുൽത്താൻ ബത്തേരിയില്‍ ഐ.സി. ബാലകൃഷ്ണന് എം.എല്‍.എയും കല്പറ്റയില് ടി. സിദ്ദീഖ് എം.എല്‍.എയുമാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
പദ്ധതി രണ്ടാം ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സബ്സിഡിയോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. പദ്ധതിച്ചെലവിന്റെ 60 ശതമാനം ഉപഭോക്താക്കള്‍ വഹിക്കണം. 40 ശതമാനം കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി നല്‍കും. ഉപഭോക്താക്കള്‍ക്ക് ഇ-കിരണ്‍ വെബ് പോര്‍ട്ടലിലൂടെ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. പദ്ധതിക്കായി ഇഷ്ടമുള്ള കരാറുകാരനെ തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. ജില്ലയിലെ സര്‍ക്കാര്‍, സര്‍ക്കാറിതര സ്ഥാപനങ്ങളിലെല്ലാം സൗരോര്‍ജ നിലയങ്ങള്‍ സ്ഥാപിച്ച് പദ്ധതിയിലൂടെ വൈദ്യുതി ഉൽപാദനത്തില് വിപ്ലവം സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് കെ.എസ്.ഇ.ബി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.