വയനാട്ടിൽ കഴിഞ്ഞ വർഷം വൈദ്യുതി കവർന്നത് 11 ജീവനുകൾ
text_fieldsകൽപറ്റ: ജില്ലയില്‍ കഴിഞ്ഞ വർഷം വൈദ്യുതി അപകടങ്ങളിൽ പൊലിഞ്ഞത് 11 ജീവനുകൾ ചൊവ്വാഴ്ച പനമരത്ത് വേസ്റ്റ് ടാങ്ക് വൃത്തിയാക്കുന്നതിനിടെ യുവാവ് ഷോക്കേറ്റു മരിച്ചതാണ് ഒടുവിലത്തെ സംഭവം.
അപകടമരണങ്ങൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല വൈദ്യുതി അപകട നിവാരണ സമിതി മുന്നറിയിപ്പ് നൽകി. ലൈനിനു സമീപം ഇരുമ്പുതോട്ടി, ഏണി എന്നിവ ഉപയോഗിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം. വിളവെടുപ്പ് കാലമായ ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ വിളകള്‍ പറിച്ചെടുക്കാന്‍ ഇരുമ്പുതോട്ടി, ഇരുമ്പ് ഏണി എന്നിവയുടെ ഉപയോഗം വ്യാപകമാകുമ്പോഴാണ് അപകടങ്ങള്‍ കൂടുന്നത്.
മൂന്നു പേര്‍ക്കാണ് വിളവെടുപ്പ് സമയത്ത് കഴിഞ്ഞ വര്‍ഷം അപകടമുണ്ടായത്. അനധികൃതമായി വൈദ്യുതിവേലിയിലൂടെ വൈദ്യുതി കടത്തിവിട്ട് വേലിയില്‍ തട്ടി മൂന്നു പേരും വയറിങ് ജോലി ചെയ്യുന്നതിനിടെ അഞ്ചു പേരും മരിച്ചു.
വീടുകളിലെ വയറിങ്ങുകളില്നിന്ന് ഷോക്കേറ്റ് മൂന്നു പേരും കഴിഞ്ഞ വര്‍ഷം മരിച്ചിട്ടുണ്ട്. ഇ.എല്‍.സി.ബി (എര്‍ത്ത് ലീക്കേജ് സര്‍ക്യൂട്ട് ബ്രേക്കര്‍) സ്ഥാപിക്കുകയാണെങ്കില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാവുന്നതാണെന്ന് ജില്ല കലക്ടര്‍ എ. ഗീതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ല അപകടനിവാരണ സമിതി ചൂണ്ടിക്കാട്ടി. പുരയിടത്തില്‍ക്കൂടി കടന്നുപോകുന്ന പഴയ ലൈനുകള്‍, ഉടമസ്ഥന് ചെലവ് വഹിക്കുകയാണെങ്കില്‍ റോഡുകളിലേക്ക് മാറ്റിസ്ഥാപിക്കും.
നിലവിലുള്ള കമ്പി മാറ്റി ഇന്‍സുലേറ്റഡായ എ.ബി.സി കണ്ടക്ടറുകള്‍ സ്ഥാപിച്ചാല്‍ ഉപഭോക്താവിനും അവരുടെ പുരയിടത്തില്‍ പണിയെടുക്കുന്നവര്‍ക്കും ജീവഹാനി ഒഴിവാക്കാനാകും. താല്പര്യമുള്ളവര് ടോള്‍ഫ്രീ നമ്പറായ 1912ല്‍ ബന്ധപ്പെട്ടാല്‍ മതിയെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.