ഹോ...എന്തൊരു ചൂട് ! വയനാട് ജില്ലയിൽ ചൂട് 31.6 ഡിഗ്രി സെൽഷ്യസിൽ
text_fieldsകൽപറ്റ: കനത്ത ചൂടിൽ പൊരിയുകയാണ് വയനാട്. രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ ചുട്ടുപൊള്ളുന്ന അവസ്ഥയാണിപ്പോൾ. വേനൽ മഴ നന്നായി പെയ്തിറങ്ങിയ സമയത്ത് ചൂടിന് കുറവുണ്ടായിരുന്നു.
എന്നാൽ, ഒരാഴ്ചയായി മഴ വിട്ടുനിന്നതോടെയാണ് ചൂട് വീണ്ടും കഠിനമായി അനുഭവപ്പെടുന്നത്. ജില്ലയിലെ അന്തരീക്ഷോഷ്മാവ് 31.6 ഡിഗ്രി സെൽഷ്യസിലെത്തി നിൽക്കുകയാണിപ്പോൾ. വയനാട്ടിൽ ഇതുവരെയുണ്ടായ ഉയർന്ന താപനില 32.6 ഡിഗ്രി സെൽഷ്യസ് ആണെന്ന് അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥാ ശാസ്ത്രജ്ഞൻ പി. സജീഷ് ജാൻ 'മാധ്യമ'ത്തോട് പറഞ്ഞു.
വരൾച്ചയിലേക്ക് ഈ വർഷം ഇതുവരെ എത്തിയിട്ടില്ലെങ്കിലും ചൂടിന് കുറവില്ല. വെയിൽ കൂടിയതിനാൽ പച്ചക്കറികൾ ഉൾപ്പെടെ ചെടികൾക്ക് മഞ്ഞളിപ്പ് ബാധയുണ്ട്. ദിവസവും വെള്ളം നനച്ചില്ലെങ്കിൽ പൂച്ചെടികളും അടുക്കളത്തോട്ടവും ഫലവർഗ ചെടികളുമടക്കം വാടിക്കരിയുന്ന അവസ്ഥയാണുള്ളത്.
'ഏപ്രിൽ, മേയ് മാസങ്ങളിലാണ് വയനാട്ടിൽ വേനൽ രൂക്ഷമാകുന്നത്. ഇക്കുറി ഇരട്ടിയോളം വേനൽമഴ കിട്ടിയതുകൊണ്ടാണ് ചൂട് ഇതുവരെ കുറഞ്ഞത്. മഴ വിട്ടുനിന്നതോടെ ചൂട് വീണ്ടും വർധിക്കുകയായിരുന്നു' -സജീഷ് ജാൻ പറഞ്ഞു. 28-29 ഡിഗ്രി സെൽഷ്യസാണ് സാധാരണഗതിയിൽ വേനലിൽ വയനാട്ടിൽ ഉണ്ടാകുന്ന ചൂടെന്നും വിദഗ്ധർ പറയുന്നു.
വയനാട്ടിൽ യു.വി നിരക്ക് കൂടുതൽ
സമുദ്രനിരപ്പിൽനിന്ന് ഉയർന്നുനിൽക്കുന്നതിനാൽ വയനാട്ടിൽ അൾട്രാ വയലറ്റ് രശ്മികളുടെ നിരക്ക് (യു.വി റേറ്റ്) കൂടുതലാണ്. കൂടുതൽ യു.വി റേറ്റ് വരുമ്പോൾ ചെടികൾക്ക് പച്ചപ്പു നൽകുന്ന ഹരിതകത്തിന്റെ അളവു കുറയും. ഇതാണ് ചെടികൾക്ക് മഞ്ഞളിപ്പ് വരാൻ വഴിയൊരുക്കുന്നത്. വായുവിൽ ഫിൽട്ടറേഷൻ സമുദ്രനിരപ്പിൽ താഴെയുള്ള ജില്ലകളെ അപേക്ഷിച്ച് വയനാട്ടിൽ കുറയും.
വിയർക്കാത്തതിനാൽ 'പൊള്ളുന്നു'
വയനാട്ടിൽ ഈർപ്പം കുറവാണ്. ഈർപ്പം ഉണ്ടെങ്കിൽ ശരീരത്തിലെ ചൂട് വിയർത്തുപോകും. ഈർപ്പമാണ് ശരീരത്തിലെ ചൂടിനെ വിയർപ്പാക്കി മാറ്റുന്നത്. വിയർപ്പ് ബാഷ്പീകരിച്ച് പോകും. ഈർപ്പം കുറഞ്ഞതുകൊണ്ട് വയനാട്ടിൽ വിയർക്കുന്നതും കുറവാണ്. വിയർക്കാത്ത സാഹചര്യമുള്ളതിനാൽ ചൂട് ശരീരത്തിൽതന്നെ നിൽക്കും.
അപ്പോൾ കടുത്ത ചൂട് അനുഭവപ്പെടും. കോഴിക്കോട് പോലെ ഉയർന്ന പ്രദേശങ്ങളിലല്ലാത്ത സ്ഥലങ്ങളിൽ ഈർപ്പം കാരണം ഒരുതരം 'പുഴുങ്ങുന്ന' അനുഭവമാണെങ്കിൽ വയനാട്ടിൽ പൊള്ളുന്നതുപോലെ തോന്നുന്നത് അതുകൊണ്ടാണെന്നും സജീഷ് ജാൻ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.