വയനാട്ടിൽ 850 കോടിയുടെ ടൂറിസം പദ്ധതികൾ
text_fieldsകൽപറ്റ: വയനാട് റോപ്വേ ഉൾപ്പെടെ ജില്ലയിലെ ടൂറിസം പദ്ധതികൾ വേഗത്തിലാക്കാൻ മന്ത്രിതല യോഗംചേരും. സെപ്റ്റംബറിലാകും റവന്യൂ, വനം, കൃഷിവകുപ്പ് മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും എം.എൽ.എമാരും പങ്കെടുക്കുന്ന യോഗം. പദ്ധതികൾ വേഗത്തിൽ നടപ്പാക്കാനുള്ള മാർഗങ്ങളാണ് യോഗം ചർച്ചചെയ്യുക. വയനാട് ചേംബർ ഓഫ് കോമേഴ്സ് പ്രതിനിധിസംഘവുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് വയനാടിെൻറ ചുമതല വഹിക്കുന്ന ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യം അറിയിച്ചത്.
കോഴിക്കോട്- വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന വയനാട് റോപ്വേ, ബൊട്ടാണിക്കൽ ഗാർഡൻ, ഹോപ് ഓൺ ഹോപ് ഓഫ് ബസ് സർവിസുകൾ തുടങ്ങി 850 കോടിയുടെ ടൂറിസം പദ്ധതികളാണ് വരുംവർഷങ്ങളിൽ ജില്ലയിൽ നടപ്പാക്കാൻ പോകുന്നത്. ആഗോള ടൂറിസ്റ്റുകൾക്കും ആഭ്യന്തര ടൂറിസ്റ്റുകൾക്കും ഉപകാരപ്രദമാകുന്നവിധത്തിൽ വയനാട്ടിൽ എയർസ്ട്രിപ് നിർമാണത്തിനും ശ്രമിക്കുമെന്ന് ടൂറിസം മന്ത്രി പറഞ്ഞു. കണ്ണൂർ, കോഴിക്കോട്, കൊച്ചി, ബംഗളൂരു വിമാനത്താവളങ്ങളെ ബന്ധിപ്പിച്ചുള്ള ചെറിയ വിമാന സർവിസുകളും ഹെലികോപ്ടർ സർവിസും നടത്താൻ നിർദിഷ്ട എയർ സ്ട്രിപ് വഴി സാധിക്കും.
ചേംബർ ഡയറക്ടർമാരായ ജോണി പാറ്റാനി, ഇ.പി. മോഹൻദാസ്, മിൽട്ടൺ ഫ്രാൻസിസ്, അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
റോപ്േവ 2023ൽ പൂർത്തിയാക്കും
അടിവാരത്തുനിന്ന് ലക്കിടിവരെ 3.2 കിലോമീറ്റർ ദൂരത്തിൽ നിർമിക്കുന്ന റോപ്േവ പദ്ധതി 2023ഓടെ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. താമരശ്ശേരി ചുരത്തിെൻറ മുഴുവൻ സൗന്ദര്യവും ആസ്വദിക്കാൻ കഴിയുംവിധം ആധുനിക സജ്ജീകരണങ്ങളാണ് ലോകോത്തര മാതൃകയിൽ നടപ്പാക്കുന്നത്. ദിനംപ്രതി 5000ഓളം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. സന്ദർശകർക്കായി വിദേശ രാജ്യങ്ങളിൽ പ്രചാരമുള്ള ഹോപ് ഓൺ ഹോപ് ഓഫ് മാതൃകയിൽ ആധുനിക ഡബിൾ ഡെക്കർ ഇലക്ട്രിക് ബസുകളും ഏർപ്പെടുത്തും. ഇതിനുള്ള പ്രത്യേക ബസുകൾ സ്പെയിനിൽനിന്നാണ് വയനാട്ടിൽ എത്തുക.
റോപ്വേ പദ്ധതിയുടെ ഭാഗമായി തന്നെ ആഡംബര ഹോട്ടലും വില്ലകളും ഗോൾഫ് ക്ലബും സ്ഥാപിക്കും. വയനാട്ടിൽ ഉടനീളം ബ്രേക് എ കോഫീ ഷോപ്പുകളുടെ ശൃഖലയും ആവിഷ്കരിച്ച് നടപ്പാക്കും. വയനാട്ടിലേക്ക് കൂടുതൽ ആഭ്യന്തര, വിദേശസഞ്ചാരികളെ ആകർഷിക്കാൻ ഉദ്ദേശിച്ചാണ് എയർ സ്ട്രിപ് നിർമാണത്തിനുള്ള ശ്രമങ്ങൾ നടക്കുന്നത്. ചെറിയ വിമാനങ്ങളും ഹെലികോപ്ടറുകളും സർവിസ് നടത്താൻ കഴിയുന്നവിധത്തിലാണ് എയർ സ്ട്രിപ് നിർമിക്കുന്നത്. വയനാട് ചേംബർ ഏറ്റെടുത്തുനടത്തുന്ന പ്രോജക്ട് യാഥാർഥ്യമാകാനുള്ള മാർഗങ്ങൾ ഉന്നതതല യോഗം ചർച്ചചെയ്യും. ടൂറിസം മേഖലക്കൊപ്പം ദുരന്തനിവാരണ സേനക്കും ചികിത്സാകാര്യങ്ങൾക്കും എയർസ്ട്രിപ് നിലവിൽ വരുന്നത് സഹായകരമാകും.
വയനാട്ടിലെ വികസനപദ്ധതികൾക്ക് സഹായം അഭ്യർഥിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായും ചേംബർ പ്രതിനിധിസംഘം ചർച്ച നടത്തി. വയനാടിെൻറ വികസനക്കുതിപ്പിന് ആക്കംകൂട്ടുന്ന പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷ നേതാവ് പിന്തുണ അറിയിച്ചു. റവന്യൂമന്ത്രി കെ. രാജൻ, വനംമന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവരുമായും ചർച്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.