കുരുന്നുകൾക്ക് ഒരിടം; കലക്ടറേറ്റിൽ ശിശുപരിപാലന കേന്ദ്രം തുറന്നു
text_fieldsകൽപറ്റ: കളിപ്പാട്ടങ്ങളും കളിചിരികളുമായി കലക്ടറേറ്റിൽ 'പിച്ചാ പിച്ചാ' ശിശുപരിപാലന കേന്ദ്രം ഉണര്‍ന്നു. സംസ്ഥാനത്തെ പുതുതായി തുടങ്ങിയ 25 ശിശുപരിപാലനകേന്ദ്രങ്ങളില്‍ ഒന്നാണ് വയനാട്ടിലും തുടങ്ങിയത്. ശിശുസൗഹൃദമായി കുട്ടികളെ ആകര്‍ഷിക്കുന്ന വിധത്തിലാണ് തൊഴിലിടങ്ങളിലെ ശിശുപരിപാലന കേന്ദ്രം അണിയിച്ചൊരുക്കിയത്.
സര്‍ക്കാര്‍ ജീവനക്കാരുടെ ആറു മാസം മുതല്‍ ആറ് വയസ്സുവരെയുള്ള കുഞ്ഞുങ്ങളുടെ പരിപാലനവും പരിചരണവും സുരക്ഷിതത്വവും രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ ഈ കേന്ദ്രത്തില്‍ നിന്ന് ലഭിക്കും.
കുട്ടികള്‍ക്കായുള്ള കളിപ്പാട്ടങ്ങള്‍, നിരീക്ഷണ പഠന സാമഗ്രികള്‍, പാട്ടുപെട്ടി, ഉറങ്ങാന്‍ തൊട്ടിലുകളും ബേബി കട്ടിലുകളും, കുഞ്ഞുനാളിലെ ശുചിത്വ ബോധം വളര്‍ത്തുന്നതിനും മാലിന്യം നിക്ഷേപിക്കുന്നതിനുമായി ടോയ്ബിന്നുകള്‍, ബേബി സൗഹൃദ ഫര്‍ണിച്ചറുകള്‍, മുലയൂട്ടുന്ന അമ്മമാര്‍ക്കായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക സ്ഥലസൗകര്യങ്ങള്‍ എല്ലാം ഈ കേന്ദ്രത്തിലുണ്ട്.
വനിത ശിശുവികസന വകുപ്പിന് കീഴിലെ ജില്ല ശിശുക്ഷേമ സമിതിയാണ് ശിശുപരിപാലന കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍. രണ്ട് പരിപാലകരാണ് കേന്ദ്രത്തിലുള്ളത്. സംസ്ഥാന സര്‍ക്കാറിന്റെ 'തൊഴിലിടങ്ങളില്‍ ശിശുപരിപാലന കേന്ദ്രം പദ്ധതി'യുടെ ഭാഗമായാണ് സിവില്‍ സ്റ്റേഷനിലും കേന്ദ്രം ഒരുക്കിയത്.
നഗരസഭ ചെയര്‍മാന്‍ കേയംതൊടി മുജീബ് ശിശുപരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തു. എ.ഡി.എം എന്‍.ഐ. ഷാജു അധ്യക്ഷത വഹിച്ചു.
വനിത ശിശു വികസന വകുപ്പ് ഓഫിസര്‍ ടി. ഹഫ്‌സത്ത്, ജില്ല ശിശു സംരക്ഷണ ഓഫിസര്‍ ടി.യു. സ്മിത, ജില്ല ആര്‍.സി.എച്ച് ഓഫിസര്‍ ഡോ. ഷിജിന്‍ ജോണ്‍, ജില്ല ശിശുക്ഷേമ സമിതി ട്രഷറര്‍ ഷംസുദ്ദീന്‍, ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി കെ. സത്യന്‍, ജില്ലതല ഐ.സി.ഡി.എസ് സെല്‍ സീനിയര്‍ സൂപ്രണ്ട് വി.സി. സത്യന്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.