വോട്ടർ ബോധവത്കരണം: നടൻ അബൂസലീം വയനാട് ജില്ലയിലെ ഐക്കൺ
text_fieldsകൽപറ്റ: ജില്ലയിലെ തെരഞ്ഞെടുപ്പ്- വോട്ടർ ബോധവത്കരണ (സ്വീപ്) പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 2022ലെ ഐക്കണായി സിനിമ നടൻ അബൂസലീമിനെ ജില്ല കലക്ടർ എ. ഗീത നിയമിച്ചു. ജനുവരി 25ന് മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളജിൽ നടക്കുന്ന ദേശീയ സമ്മതിദായക ദിനാഘോഷ പരിപാടിയിൽ അബൂസലീം പങ്കെടുക്കും.
ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി ജില്ലയിലെ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന എട്ടുമുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്കായി ജില്ലാതല പോസ്റ്റർ ഡിസൈൻ മത്സരം ജനുവരി 12ന് ഉച്ച രണ്ടിന് കൽപറ്റ എസ്.കെ.എം.ജെ ഹൈസ്കൂളിൽ നടക്കും. 'ഇൻക്ലൂസിവ് ആൻഡ് പാർട്ടിസിപേറ്ററി ഇലക്ഷൻ' എന്നതാണ് വിഷയം.
സ്കൂൾതല മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ടവരാണ് ജില്ലതല മത്സരത്തിൽ പങ്കെടുക്കുക. കോളജ് വിദ്യാർഥികൾക്കായി ടെലിഫിലിം മത്സരവും സംഘടിപ്പിക്കുന്നുണ്ട്. രണ്ടു മത്സരങ്ങളിലെയും മികച്ച സൃഷ്ടികൾ സംസ്ഥാനതലത്തിലേക്ക് അയച്ചുനൽകും. വിജയികൾക്ക് ജനുവരി 25ന് മുട്ടിലിൽ നടക്കുന്ന ദേശീയ സമ്മതിദായക ദിന പരിപാടിയിൽ സമ്മാനങ്ങൾ നൽകും.
സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം- 2022ന്റെ ഭാഗമായി ജില്ലയിലെ അന്തിമ വോട്ടർപട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ പേരുണ്ടോ എന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്ന് ജില്ല കലക്ടർ അറിയിച്ചു. വോട്ടർ പട്ടികകൾ ബൂത്ത് ലെവൽ ഓഫിസർമാർ, രാഷ്ട്രീയ പാർട്ടികൾ, താലൂക്ക്/ വില്ലേജ് ഓഫിസുകൾ എന്നിവിടങ്ങളിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.