എ.സി. ആലിക്കുട്ടി; വിട പറഞ്ഞത് സർവസമ്മതനായ പൊതുപ്രവർത്തകൻ
text_fieldsപിണങ്ങോട്: എല്ലാവർക്കും സ്വീകാര്യനായ പൊതുപ്രവർത്തകനായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ പിണങ്ങോട് മണക്കോടൻ എ.സി. ആലിക്കുട്ടി. അവസാനം വരെ കർമമേഖലയിൽ സജീവമായിരുന്നു. ജമാഅത്തെ ഇസ്ലാമി കൽപറ്റ ഏരിയ പ്രസിഡന്റും മാധ്യമം മുൻ ജില്ല കോഓഡിനേറ്ററുമാണ്. പിണങ്ങോട്ടെയും സമീപപ്രദേശങ്ങളിലെയും ആറ് വ്യത്യസ്ത മഹല്ലുകളുടെ കൂട്ടായ്മയായ സംയുക്തമഹല്ല് കമ്മിറ്റി അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു രൂപവത്കരിച്ചത്.
വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തനങ്ങൾ ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്നതിന് കൺവീനർ എന്ന നിലയിൽ മുന്നിൽനിന്ന് പ്രവർത്തിച്ചു. നാട്ടിലെ വിവിധ പ്രശ്നങ്ങളിൽ മധ്യസ്ഥനായി അവ പരിഹരിച്ചിരുന്ന എ.സി. ആലിക്കുട്ടിക്ക് ജാതിമതഭേദമന്യേ വിപുലമായ സൗഹൃദമുണ്ടായിരുന്നു. വിവിധ കുടുംബപ്രശ്നങ്ങളിൽ ഇടപെട്ട് രമ്യമായി പരിഹരിച്ചു. എല്ലാവരുടെയും പ്രശ്നങ്ങൾ ക്ഷമയോടെ കേട്ട അദ്ദേഹം കുട്ടികളുടെയും ചെറുപ്പക്കാരുടേയുമടക്കം ഇഷ്ടക്കാരനായിരുന്നു. അവരിലെ കഴിവുകളെ പ്രോത്സാഹിപ്പിച്ച് വിവിധ മേഖലകളിലേക്ക് കൈപിടിച്ചുയർത്തി.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളെ വിവിധ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ചേർത്ത് പഠിപ്പിക്കാനും മുൻകൈയെടുത്തു. സംയുക്തമഹല്ല് കമ്മിറ്റി പിണങ്ങോട് നടത്തിയ അനുസ്മരണയോഗത്തിൽ ചെയർമാൻ ഇബ്രാഹിം പുനത്തിൽ അധ്യക്ഷതവഹിച്ചു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ടി.പി. യൂനുസ് അനുസ്മരണപ്രഭാഷണം നടത്തി. കെ. ഗഫൂർ, ഉസ്മാൻ പഞ്ചാര, കെ.കെ. റഫീഖ്, കെ.എച്ച്. അബൂബക്കർ, കെ.പി. അൻവർ, നജീബ് പിണങ്ങോട്, എ.പി. യൂനുസ്, അബൂബക്കർ ഹാജി തന്നാനി, സി.കെ. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. ഒ. അഷ്റഫ് സ്വാഗതവും എ.പി സാലിഹ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.