ആഫ്രിക്കൻ പന്നിപ്പനി; സാവകാശമില്ല, ദയാവധവുമായി മുന്നോട്ട്
text_fieldsമാനന്തവാടി: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച തവിഞ്ഞാലിലെ ഫാമിലെ പന്നികളെ കൊന്നൊടുക്കുന്നതിന് 10 ദിവസത്തെ സാവകാശം നൽകണമെന്ന കർഷകരുടെ ആവശ്യം പരിഗണിക്കാതെ ഞായറാഴ്ച രാത്രി വൈകി പന്നികളെ കൊന്നൊടുക്കാൻ തുടങ്ങി. രോഗ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെ കർഷകരെ ഇക്കാര്യം ബോധ്യപ്പെടുത്തിയാണ് അധികൃതർ കൊന്നൊടുക്കലുമായി മുന്നോട്ടുപോയത്. കൃത്യമായ സജ്ജീകരണങ്ങളോടെയാണ് പന്നികളെ കൊന്നൊടുക്കുന്ന നടപടി ആരംഭിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന അവലോകന യോഗത്തിലും രോഗം സ്ഥിരീകരിച്ച ഫാമിന്‍റെ ഒരു കി.മീറ്ററിലുള്ള മറ്റു ഫാമുകളിലെ പന്നികളെ ഉൾപ്പെടെ കൊന്നൊടുക്കുന്നതിന് സാവകാശം തേടിയിരുന്നു. എന്നാൽ, രോഗം സ്ഥിരീകരിച്ചതിനാൽ കൂടുതൽ വൈകുന്നത് മറ്റു ഫാമുകളിലെ പന്നികളിലേക്ക് വ്യാപനമുണ്ടാകുന്ന സാഹചര്യമുണ്ടാകുമെന്നും ഇതൊഴിവാക്കാൻ കൊന്നൊടുക്കൽ അല്ലാതെ മറ്റു മാർഗമില്ലെന്നുമാണ് അധികൃതർ വ്യക്തമാക്കിയത്.
കൃത്യമായ പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് പന്നികളെ കൊന്നൊടുക്കുന്നതിനുള്ള നടപടികളാരംഭിച്ചത്. പന്നികളെ കൊന്നൊടുക്കുന്ന സ്ഥലത്ത് വലിയ ലൈറ്റ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ചെയ്തിട്ടുണ്ട്. കൊന്നൊടുക്കലിനായി ഇൻഫെക്ടീവ് സോൺ റാപിഡ് റെസ്പോൺസ് ടീം അംഗങ്ങളും തവിഞ്ഞാൽ സോണിലെ സർവെലൻസ് ടീം അംഗങ്ങളുമാണ് ക്യാമ്പ് ചെയ്യുന്നത്.
പ്രദേശത്ത് ആവശ്യമായ ബോധവത്കരണവും നടത്തിവരുന്നുണ്ട്. സർവെലൻസ് ടീം അംഗങ്ങൾക്ക് ആവശ്യമായ പി.പി.ഇ കിറ്റ്, ഗ്ലൗസ്, ഏപ്രൺ, മാസ്ക്, ഗം ബൂട്ട്സ്, അണുനാശിനികൾ ഇവയെല്ലാം ലഭ്യമാക്കിയിട്ടുണ്ട്. സർവെലൻസ് സോണിൽ വരുന്ന വാഹനങ്ങൾ അണുനശീകരണം ചെയ്യുന്നുണ്ട്. മാനന്തവാടി നഗരസഭയിലെ രോഗബാധിത പ്രദേശങ്ങളിൽ രോഗ നിരീക്ഷണം നടത്തുന്നതിന് സർവെലൻസ് ടീം ഇവിടെയും രൂപവത്കരിച്ചിട്ടുണ്ട്.
രോഗ പ്രഭവകേന്ദ്രത്തിന്റെ ഒരുകി.മീ ചുറ്റളവ് രോഗബാധിത പ്രദേശമായി കണക്കാക്കി കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലാണ് പന്നികളെ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഉന്മൂലം ചെയ്യുന്നത്. 10 കി.മീ പരിധി രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, പന്നികളെ കൊന്നൊടുക്കുന്നതിന് തവിഞ്ഞാലിലെ ഫാം ഉടമ കൊളങ്ങോട് മുല്ലപ്പറമ്പിൽ എം.വി. വിൻസെന്റിന് അർഹമായ നഷ്ടപരിഹാരവും അടിയന്തര സഹായവും വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതർ ഉറപ്പുനൽകി. വിൻസെന്റിന്റെ വീട്ടിലെത്തിയ, പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള വയനാട് സബ് കലക്ടർ ആർ. ശ്രീലക്ഷ്മി, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, തഹസിൽദാർ എം.ജെ. അഗസ്റ്റ്യൻ എന്നിവരാണ് ഉറപ്പ് നൽകിയത്.
ജില്ല കലക്ടറുമായി ഞായറാഴ്ച തന്നെ സംസാരിച്ച് ഓൺലൈൻ വഴി ജില്ല ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന് സംസ്ഥാന സർക്കാറിന് നിർദേശം സമർപ്പിക്കാനാണ് തീരുമാനിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയിൽനിന്ന് അടിയന്തര സഹായം ലഭ്യമാക്കും.
രോഗത്തിന്റെ പ്രത്യേകത പരിഗണിച്ച് ആദ്യസംഭവമായതിനാൽ നഷ്ടപരിഹാര തുക ഉയർത്താൻ സംസ്ഥാന സർക്കാറിനോട് ശിപാർശ ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി. വീണ്ടും പന്നി കൃഷി ചെയ്യുന്നതിനായി പഞ്ചായത്ത് പദ്ധതിയിൽ രോഗമില്ലാത്ത പന്നികുഞ്ഞുങ്ങളെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.
പന്നികളുടെ രോഗകാര്യത്തിൽ ഉയർന്ന സംശയങ്ങൾ ദുരീകരിക്കണമെന്ന് ഫാം ഉടമ വിൻസെൻറ് ഇവർക്ക് മുന്നിൽ ആവശ്യപ്പെട്ടു. അടിയന്തര നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ഗ്രാമപഞ്ചായത്തംഗം എം.ജി. ബിജുവും ആവശ്യപ്പെട്ടു. തുടർന്ന് ആർ.ആർ.ടി അംഗങ്ങളായ ഡോ. വി. ജയേഷ്, ഡോ. കെ. ജവഹർ എന്നിവർ പന്നികളെ കൊല്ലുന്ന നടപടിക്രമങ്ങൾ വിശദീകരിച്ചു. ഉച്ചയോടെയാണ് കൊല്ലാനുള്ള നടപടികളാരംഭിച്ചത്. ഫാമിലേക്ക് പൊതുജനങ്ങൾ പ്രവേശിക്കാതിരിക്കാൻ തലപ്പുഴ എസ്.ഐ പി.പി. റോയിയുടെ നേതൃത്വത്തിൽ പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു. നഷ്ടപരിഹാരം സംബന്ധിച്ച് കേന്ദ്ര നിയമത്തിൽ മാറ്റം വരുത്താനായി സമ്മർദം ചെലുത്താൻ രാഹുൽ ഗാന്ധി എം.പിക്ക് ജില്ല മൃഗസംരക്ഷണ വകുപ്പ് കത്ത് നൽകി.
നഷ്ടപരിഹാര തുക വർധിപ്പിക്കണം -സംഷാദ് മരക്കാർ
കൽപറ്റ: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ പന്നികളെ കൊന്നൊടുക്കുന്നത് മൂലം കർഷകർക്ക് ഭീമമായ തുകയാണ് നഷ്ടം സംഭവിക്കുന്നതെന്നും അതിനാൽ നഷ്ടപരിഹാര തുക വർധിപ്പിക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ആവശ്യപ്പെട്ടു. വിവിധ ബാങ്കുകളിൽ നിന്നും വായ്പ എടുത്താണ് കർഷകർ ഫാം തുടങ്ങിയത്.
നിലവിലെ മാനദണ്ഡ പ്രകാരം പന്നികളുടെ തൂക്കത്തിന് അനുസരിച്ചാണ് നഷ്ടപരിഹാര തുക അനുവദിക്കുന്നത്. ഇത് പ്രകാരം ഒരു പന്നിക്ക് ലഭിക്കുന്ന പരമാവധി തുക 15,000 രൂപയാണ്. ഇത്രയും തുക ഫാമിലെ എല്ലാ പന്നികൾക്കും ലഭിക്കാനുള്ള സാധ്യതയുമില്ല.
നിലവിലെ നിയമപ്രകാരം കേന്ദ്ര -സംസ്ഥാന സർക്കാറുകൾ ആനുപാതികമായിട്ടാണ് നഷ്ടപരിഹാര തുക അനുവദിക്കേണ്ടത്.
സംസ്ഥാന സർക്കാർ ആനുപാതികമായി തുക വർധിപ്പിക്കുകയും നഷ്ടപരിഹാര തുക വർധിപ്പിക്കാൻ കേന്ദ്ര സർക്കാറിൽ സമർദം ചെലുത്തുകയും ചെയ്യണം. ഫാം പ്രവർത്തനം പുനഃരാരംഭിക്കൻ കർഷകർക്ക് പലിശരഹിത വായ്പ അനുവദിക്കണമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപെട്ടു.
കർഷകർക്ക് അടിയന്തര സഹായം നൽകണം -യൂത്ത് കോൺഗ്രസ്
മാനന്തവാടി: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച തവിഞ്ഞാൽ പഞ്ചായത്തിലെ വെണ്മണിയുള്ള കർഷകന് അടിയന്തര സഹായം നൽകണമെന്ന് യൂത്ത് കോൺഗ്രസ് തലപ്പുഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള പനികൾ സ്ഥിരീകരിച്ചാൽ ഗവ. പ്രോട്ടോകോൾ പ്രകാരം പന്നികളെ കൊന്നൊടുക്കുകയല്ലാതെ മറ്റൊരു പോംവഴി ഇല്ല. തവിഞ്ഞാലിലെ കർഷകൻ ബാങ്കുകളിൽനിന്ന് ലോണെടുത്താണ് ഫാം നടത്തിവരുന്നത്. സർക്കാർ നിശ്ചയിച്ച തുച്ഛമായ നഷ്ടപരിഹാരം ലഭിക്കാൻ ഏറെ താമസമുണ്ടെന്നിരിക്കെ കർഷകന് അടിയന്തര സഹായം നൽകാൻ തയാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.
ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.ജി. ബിജു, എം.ജി. ബാബു, അസീസ് വാളാട്, നിധിൻ തലപ്പുഴ, ജിജോ വരായാൽ, ജിനേഷ് തുടങ്ങിയവർ സംബന്ധിച്ചു.
കർഷക ആശങ്ക പരിഗണിക്കണം -കർഷക കോൺഗ്രസ്
കല്പറ്റ: പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്കയിലും ഭയപ്പാടിലുമായ കര്‍ഷകര്‍ അനുഭവിക്കുന്ന സങ്കടം ബന്ധപ്പെട്ട അധികൃതര്‍ കാണാതെ പോകരുതെന്നും അവരുടെ സംശയങ്ങള്‍ മുഖവിലക്കെടുത്ത് വീണ്ടും സാമ്പിൾ പരിശോധന നടത്തി രോഗനിര്‍ണയം ഉറപ്പുവരുത്തി കൊല്ലുന്നതിന് സാവകാശം നല്‍കണമെന്ന് കർഷക കോൺഗ്രസ് ജില്ല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ല പ്രസിഡന്റ് പി.എന്‍. ശശീന്ദ്രന് അധ്യക്ഷത വഹിച്ചു. പി.എം. ബെന്നി, വി. തോമസ്, വി.ഡി. ജോസ്, പി. ടോമി തേക്കമല, കെ.എം. കുര്യാക്കോസ്, പി. ജോണ്സണ് ഇലവുങ്കല്‍, എ. വിജയന് തോമ്മാട്ടുകുടി, കെ.ജെ. ജോണ്‍, പി. ബാബു പന്നിക്കുഴി, എ. സുലൈമാന്‍, പി. റോയി, എ. ബൈജു ചാക്കോ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.