ആഫ്രിക്കൻ പന്നിപ്പനി; എം.എൽ.എയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം
text_fieldsആഫ്രിക്കൻ പന്നിപ്പനി സംബന്ധിച്ച് നെന്മേനി പഞ്ചായത്ത് ഓഫിസിൽ ചേർന്ന പ്രത്യേക യോഗം
സുൽത്താൻ ബത്തേരി: പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച നെന്മേനി പഞ്ചായത്തിൽ എം.എൽ.എ ഐ.സി. ബാലകൃഷ്ണന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു.
മൃഗ സംരക്ഷണ വകുപ്പുദ്യോഗസ്ഥർ, റവന്യു, പൊലീസ് ഉദ്യോഗസ്ഥർ, ഭരണ സമിതിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
രോഗ ബാധ കണ്ടെത്തിയ ഫാമിലെയും ഒരു കി.മീ. ആകാശ ദൂരത്തുള്ള മറ്റ് ഫാമുകളിലേയും പന്നികളെ കൊന്നൊടുക്കാനാണ് തീരുമാനം.
കർഷകരെ മുഖവിലക്കെടുത്താവണം തീരുമാനങ്ങൾ നടപ്പാക്കേണ്ടതെന്നും കൊല്ലുന്ന പന്നികൾക്ക് നൽകുന്ന നഷ്ട പരിഹാര തുക ഉയർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ, സ്ഥിരം സമിതി അധ്യക്ഷരായ ജയ മുരളി, കെ.വി. ശശി, സുജാത ഹരിദാസ്, പഞ്ചായത്ത് സെക്രട്ടറി സുരേഷ് ബാബു, ഡോ. കെ. ജയരാജ്, ഡോ. സുമിത ജോൺ, വില്ലേജ് ഓഫിസർമാരായ കെ.ബി. വിനോദ്, ഷൈൻ ജോൺ, നൂൽപ്പുഴ എസ്. ഐ. കെ. രാജു തുടങ്ങിയവർ പങ്കെടുത്തു.
ഏകോപനച്ചുമതല ഡോ. സജി ജോസഫിന്
സുൽത്താൻ ബത്തേരി: ആർ.ആർ.ടി രൂപവത്കരണവും ദൗത്യ നിർവഹണം സംബന്ധിച്ച പ്രശ്നങ്ങളും ചർച്ച ചെയ്യാൻ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം സുൽത്താൻബത്തേരി പ്രാദേശിക മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടന്നു. ജില്ല മൃഗസംരക്ഷണ ഓഫിസർ ഡോ. വി.ആർ. രാജേഷ് പദ്ധതി വിശദീകരിച്ചു. ചീഫ് വെറ്ററിനറി ഓഫിസർ ഡോ. കെ. ജയരാജ് മാനന്തവാടി താലൂക്കിൽ നടത്തിയ ആഫ്രിക്കൻ പന്നിപ്പനി ഉന്മൂലന പരിപാടി വിവരിച്ചു. സുൽത്താൻബത്തേരി വെറ്ററിനറി പോളി ക്ലിനിക്കിലെ സീനിയർ വെറ്ററിനറി സർജൻ ഡോ. സജി ജോസഫിനായിരിക്കും നെൻമേനി പഞ്ചായത്തിലെ ഏകോപന ചുമതല. നൂൽപ്പുഴ വെറ്ററിനറി സർജൻ ഡോ. കെ. അസൈനാർ, അമ്പലവയൽ വെറ്ററിനറി സർജൻ ഡോ. വിഷ്ണു സോമൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരിക്കും കൊന്നൊടുക്കൽ. പത്തു കി.മീ. ചുറ്റളവിലെ നിരീക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾ നെൻമേനി വെറ്ററിനറി സർജൻ ഡോ. സിമിതാ ജോണിന്റെ നേതൃത്വത്തിൽ നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.