കാർഷിക വായ്പ: ജപ്തി നടപടിയുമായി ബാങ്കുകൾ, ആയിരത്തോളം കർഷകർക്ക് നോട്ടീസയച്ചു
text_fieldsപുൽപള്ളി: സർഫാസി നിയമം ഉപയോഗിച്ച് കർഷകരുടെ ഭൂമി പിടിച്ചെടുക്കാനുള്ള ജപ്തി നടപടിയുമായി ബാങ്കുകൾ. വയനാട്ടിൽ കാർഷിക മേഖലയായ പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലെ ആയിരത്തോളം കർഷകർക്ക് ഇതിനകം ബാങ്കുകളുടെ നോട്ടീസുകൾ ലഭിച്ചു. കാർഷിക, ദേശസാത്കൃത ബാങ്കുകൾ കാലാവധി തെറ്റിയ ലോണുകൾ തിരിച്ചടക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസുകൾ തുടർച്ചയായി അയക്കുകയാണ്.
കോവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ വായ്പാ കുടിശ്ശികയുടെ പേരിൽ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് കർഷകർ. ബാങ്കുകളുടെ ഇത്തരം നടപടി കാരണം പുരയിടം അടക്കം നഷ്ടപ്പെടുമോ എന്നതും ആശങ്കയിലാഴ്ത്തുന്നു.
കാലാവസ്ഥവ്യതിയാനം, വിളനാശം, വിലത്തകർച്ച, കോവിഡ് മഹാമാരി എന്നിവ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട കർഷകർക്കാണ് ബാങ്കുകളുടെ ഇരുട്ടടി. കുരുമുളക്, കാപ്പി, നേന്ത്രക്കായ, ചേന, ഇഞ്ചി, കപ്പ തുടങ്ങിയവയുടെ ഉൽപാദനം കുറഞ്ഞതും ഉള്ളവക്ക് ന്യായവില ലഭിക്കാത്തതുമെല്ലാമാണ് കർഷകരെ ദുരിതത്തിലാക്കിയത്. ഭൂരിഭാഗം കർഷകരും ബാങ്കിൽനിന്ന് വായ്പയെടുത്താണ് കൃഷിയിറക്കുന്നത്. പ്രതീക്ഷിച്ച വിളവും വിലയും ലഭിക്കാതെ വായ്പാതിരിച്ചടവ് മുടങ്ങുകയായിരുന്നു.
മക്കളുടെ വിവാഹം, ചികിത്സ, വിദ്യാഭ്യാസം, വീട് നിർമാണം, മറ്റു വിവിധ ആവശ്യങ്ങൾ എന്നിവക്കെല്ലാം വായ്പയെടുക്കുന്നത് കാർഷികവൃത്തിയിൽ പ്രതീക്ഷയർപ്പിച്ചാണ്. കാലാവസ്ഥ വ്യതിയാനമടക്കമുള്ള പ്രശ്നങ്ങൾ പ്രതീക്ഷകൾക്ക് മുകളിൽ കരിനിഴലാവുകയാണ്.
കോവിഡ് വ്യാപനത്തോടെ പ്രവാസികളും ഇതരസംസ്ഥാനങ്ങളിൽ തൊഴിലെടുത്തിരുന്നവരം മടങ്ങിയെത്തിയതോടെ സാമ്പത്തികപ്രതിസന്ധി ഇരട്ടിയായി. അപ്രതീക്ഷിതമായി തൊഴിൽ നഷ്ടപ്പെട്ടതോടെ കുടുംബത്തിന്റെ ലോൺ തിരിച്ചടവ് മുടങ്ങുന്ന അവസ്ഥ പലർക്കും വന്നുചേർന്നു. മൊറട്ടോറിയം പ്രഖ്യാപിക്കുമ്പോഴും പലിശ വർധിക്കുകയല്ലാതെ കർഷകർക്ക് കാര്യമായ ഗുണങ്ങളൊന്നുമുണ്ടാകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
കർഷകർക്ക് ആശ്വാസമായിരുന്ന കാർഷിക സ്വർണവായ്പ ക്രിസാൻ ക്രെഡിറ്റ് കാർഡുള്ളവർക്ക് മാത്രമായി നിജപ്പെടുത്തിയതോടെ വലിയ പലിശക്കാണ് പലരും പണയംവെച്ചിട്ടുള്ളത്. ഉരുപ്പടികൾ തിരിച്ചെടുക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ബാങ്കുകൾ സ്വർണം ലേലംചെയ്തു വിൽക്കുന്നതും പതിവായി. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്ത് സ്വന്തം ഭൂമി അന്യാധീനപ്പെടുമെന്ന ഭീതിയിൽ കഴിയുന്നവരും നിരവധിയാണ്.
സഹകരണബാങ്കുകളടക്കം വർഷത്തിലൊരിക്കൽ പിഴപ്പലിശ ഒഴിവാക്കുന്നതിനായി അദാലത്തുകളടക്കം സംഘടിപ്പിക്കാറുണ്ടെങ്കിലും അതൊന്നും കർഷകർക്ക് പ്രയോജനപ്പെടുന്നില്ല. കടാശ്വാസ കമീഷനും നോക്കുകുത്തിയായി മാറിയെന്ന ആരോപണമാണ് കർഷക സംഘടനകളടക്കം ഉയർത്തുന്നത്.
കാർഷിക കടം എഴുതിത്തള്ളുന്നതടക്കമുള്ള നടപടികളിലേക്ക് സർക്കാറുകൾ നീങ്ങണമെന്ന് കർഷകർ ആവശ്യപ്പെടുന്നു. ഒരുകാലത്ത് കടബാധ്യത മൂലം നിരവധി ആത്മഹത്യകൾ പുൽപള്ളി മേഖലയിൽ നടന്നിരുന്നു.
സമാന സാഹചര്യത്തിലേക്ക് നീങ്ങാതിരിക്കാൻ ശക്തവും പ്രായോഗികവുമായ ഇടപെടൽ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നാണ് കർഷകരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.