പോളിയിലെ ലഹരി സ്വാധീനം; അധികൃതർ ജാഗ്രത കാണിക്കണം
text_fieldsമേപ്പാടി: മേപ്പാടി ഗവ. പോളിടെക്നിക് കോളജിലെ ലഹരിമരുന്ന് ഉപയോഗത്തിൽ വേണ്ട ഇടപെടലുകൾ നടത്താതെ കോളജ് അധികൃതർ.
രണ്ട് വർഷമായി വിദ്യാർഥികൾക്കിടയിൽ ലഹരി മരുന്നിന്റെ സ്വാധീനമുണ്ടെന്നാണ് വിവരം. കോളജ് അധികൃതരുടെ അലംഭാവം സ്ഥിതി മോശമാക്കിയെന്നും ആക്ഷേപമുണ്ട്.
560ൽ 500 വിദ്യാർഥികളും ഇതര ജില്ലക്കാരാണ്. 60ൽ താഴെയുള്ള പെൺകുട്ടികൾക്ക് മാത്രമാണ് ഹോസ്റ്റൽ സൗകര്യമുള്ളത്. ആൺകുട്ടികളുടെ ഹോസ്റ്റൽ ഇതുവരെ പ്രവർത്തനമാരംഭിച്ചിട്ടുമില്ല. മേപ്പാടിയിലും പരിസരങ്ങളിലുമായി വാടകക്കും മറ്റും താമസിക്കുകയാണ് ഇവർ.
ആൺകുട്ടികളുടെ ഹോസ്റ്റൽ പ്രവർത്തനമാരംഭിക്കാൻ അധികൃതർ അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യം ഇതിനോടകം ഉയർന്നിട്ടുണ്ട്.
ലഹരി ഉപയോഗം സംബന്ധിച്ച് മാസങ്ങൾക്ക് മുമ്പുതന്നെ പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. പരിശോധന നടത്തിയതിൽ കഞ്ചാവടക്കമുള്ള ചില ലഹരി വസ്തുക്കൾ കണ്ടെടുത്തിരുന്നു.
പാതിവഴിയിൽ നിലക്കരുത്
പൊലീസിനെയടക്കം ആക്രമിക്കുന്ന തലത്തിലേക്ക് ലഹരി ഉപയോഗം വളർന്നുകഴിഞ്ഞു. ഇതിനോടകം നിരവധി വിദ്യാർഥികൾ പ്രതികളുമായി.
ഡിസംബർ അഞ്ചിനായിരുന്നു വിദ്യാർഥികളുടെ താമസസ്ഥലങ്ങളിൽ പൊലീസ് റെയ്ഡ്. കോളജ് സയൻസ് ലാബിൽ നിന്ന് മാസങ്ങൾക്ക് മുമ്പ് കാണാതായ ഫംങ്ഷൻ ജനറേറ്റർ റെയ്ഡിനിടയിൽ കണ്ടെടുക്കുകയുണ്ടായി. ഇതിന് ശേഷമാണ് കോളജ് അധികൃതർ പൊലീസിൽ പരാതി നൽകിയത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കോളജ്, പി.ടി.എ, എക്സൈസ്-പൊലീസ് വിഭാഗം എടുത്ത തീരുമാനങ്ങൾ നടപ്പാക്കുന്നത് പാതിവഴിയിൽ നിലക്കരുതെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.