വയനാട്ടിലെ പരിസ്ഥിതി സംരക്ഷണ പോരാട്ടങ്ങൾക്ക് പിന്തുണ നൽകിയ കവയിത്രി
text_fieldsകൽപറ്റ: വയനാടൻ മലനിരകളും പച്ചപ്പും വെള്ളവും ചരിത്രശേഷിപ്പുകളും സംരക്ഷിക്കാൻ പരിസ്ഥിതി പ്രവർത്തകർ നടത്തിയ എല്ലാ പോരാട്ടങ്ങൾക്കും പിന്തുണ നൽകിയ കവയിത്രി സുഗതകുമാരി മൂന്നു നാലു തവണ ചുരത്തിനു മുകളിൽ വരുകയും പൊതുയോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.
മാവൂർ ഗ്വാളിയോർ റയോൺസിനുവേണ്ടി വയനാട്ടിൽനിന്നുള്ള മുളമുറിക്കെതിരെ വയനാട് പ്രകൃതി സംരക്ഷണസമിതി നടത്തിയ സമരങ്ങളുടെ മുൻനിരയിൽ സുഗതകുമാരി ഉണ്ടായിരുന്നു. സമരമുഖത്ത് അവർ എത്തി. ഏറ്റവുമൊടുവിൽ മലനിരകൾ തുരന്ന് ആനക്കാംപൊയിൽ- കള്ളാടി തുരങ്കപാത ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളിൽ അവർ ആശങ്ക പ്രകടിപ്പിച്ചു.
വയനാട് പ്രകൃതി സംരക്ഷണസമിതിയുടെ നിലപാടിനൊപ്പമാണ് ടീച്ചർ നിലകൊണ്ടത്. വയനാടുമായി ബന്ധപ്പെട്ട പല പരിസ്ഥിതി പ്രശ്നങ്ങളിലും സാമൂഹിക -സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയിൽ ആദ്യം ഒപ്പുവെച്ച കവയിത്രി, പരിസ്ഥിതി പ്രവർത്തകർക്ക് നൽകിയ ഊർജം മറക്കാനാവില്ലെന്ന് വയനാട് പ്രകൃതി സംരക്ഷണസമിതി പ്രസിഡൻറ് എൻ. ബാദുഷ പറഞ്ഞു.
എടക്കൽ ഗുഹ സംരക്ഷണം, മരം വെട്ടിനെതിരായ സമരം, നെൽവയലുകളും കൃഷിയും നിലനിർത്താനുള്ള ശ്രമങ്ങൾ, കാട്ടുതീക്കെതിരായ പ്രതിരോധം, എസ്റ്റേറ്റുകളിലെ അനധികൃത മരംമുറി തടയൽ തുടങ്ങിയ സമരങ്ങൾ നയിക്കാനും പിന്തുണക്കാനും സുഗതകുമാരി ടീച്ചർ വയനാട്ടിൽ എത്തിയിട്ടുണ്ട്.
വയനാട്ടിലെ ആദിവാസികളിൽ '90കളിൽ കുഷ്ഠരോഗം പടർന്നുപിടിക്കുന്നു എന്ന മുന്നറിയിപ്പിനോട് കേരളത്തിൽ ആദ്യം പ്രതികരിച്ചത് ടീച്ചറാണ്. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരനെ കണ്ട് അവർ പ്രശ്നം അവതരിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലിൽ പരിശോധനയും ചികിത്സയും ക്യാമ്പുകളും നിരവധി ആദിവാസി കോളനികളിലെത്തി. മൂന്നര പതിറ്റാണ്ടു മുമ്പ്, മുത്തങ്ങയിൽ വനംവകുപ്പ് വാരിക്കുഴിയിൽ ആനകുട്ടിയെ വീഴ്ത്തി, പിടികൂടിയപ്പോൾ അതിനെ കാട്ടിൽ വിട്ടയക്കണമെന്ന് സുഗതകുമാരി ആവശ്യപ്പെട്ടത് കേരളമാകെ ശ്രദ്ധിക്കുകയും ചർച്ചചെയ്യപ്പെടുകയും ചെയ്തു. വയനാട്ടിലെ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് പുതിയ ദിശാബോധം നൽകിയ പക്ഷിനിരീക്ഷകൻ പി.കെ. ഉത്തമൻ, എൻ. ബാദുഷ, ഗംഗാധരൻ മാസ്റ്റർ, തോമസ് അമ്പലവയൽ, ബാബു മൈലമ്പാടി തുടങ്ങിയവർക്കൊപ്പം സുഗതകുമാരി ടീച്ചറും ഉണ്ടായിരുന്നു. വയനാടിെൻറ പരിസ്ഥിതി സംരക്ഷണ പോരാട്ടങ്ങൾക്ക് അവർ നിർലോഭം പിന്തുണ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.