അമ്പലവയൽ ഹോംസ്റ്റേയിലെ പീഡനം, കവർച്ച: പ്രതികൾ റിമാൻഡിൽ
text_fieldsകൽപറ്റ: അമ്പലവയലിലെ ഹോംസ്റ്റേയിൽ യുവതിയെ പീഡിപ്പിക്കുകയും കൂട്ടക്കവർച്ച നടത്തുകയും ചെയ്ത കേസിലെ മുഴുവൻ പ്രതികളും റിമാൻഡിൽ. കേസിലെ പ്രധാന പ്രതികളായ കൊയിലാണ്ടി താഴെ പന്തലായിനി അമ്പ്രമോളി അഖിൽ രവി, വട്ടക്കണ്ടി വീട്ടിൽ വി.കെ. രാഹുൽ എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. കൊയിലാണ്ടി സ്വദേശികളായ ഒമ്പത് പേരുൾപ്പെടെ 15 പേരാണ് കേസുമായി ബന്ധപ്പെട്ട് ഇതുവരെ പിടിയിലായത്.
ഏപ്രിൽ 20ന് രാത്രി 11.30ന് ഹോംസ്റ്റേയിൽ മുഖംമൂടി ധരിച്ചെത്തിയ സംഘം താമസത്തിനെത്തിയവരെ ആക്രമിക്കുകയും റൂമിൽ പൂട്ടിയിടുകയും വസ്തുക്കൾ അപഹരിക്കുകയുമായിരുന്നു. ഇവിടെയുണ്ടായിരുന്ന സ്ത്രീയെ പീഡിപ്പിക്കുകയും ചെയ്തു. സി.സി.ടി.വി ഉപകരണങ്ങൾ നശിപ്പിച്ച പ്രതികൾ വാടകക്ക് എടുത്ത വാഹനവുമായി രക്ഷപ്പെടുകയായിരുന്നു.
സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി അബ്ദുൽ ഷരീഫിന്റെ നേതൃത്വത്തിൽ 21ഓളം പൊലീസുകാർ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. ആദ്യം ഹോംസ്റ്റേ നടത്തിപ്പുകാരാണ് പിടിയിലായത്. പിന്നീട് ഇടനിലക്കാരെയും കൊയിലാണ്ടി സ്വദേശികളായ അഞ്ചുപേരെയും അറസ്റ്റ് ചെയ്തു.
ഗുരുതര കുറ്റകൃത്യങ്ങളിൽ മുമ്പും പങ്കെടുത്തവരാണ് പല പ്രതികളും. ഹോംസ്റ്റേ മേഖലയിൽ നടന്നുവരുന്ന വഴിവിട്ട സെക്സ്, മയക്കുമരുന്ന് ബിസിനസുമായി ബന്ധപ്പെട്ട കുടിപ്പകയാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി.
ദരിദ്രരായ സ്ത്രീകളെ ഉയർന്നശമ്പളം വാഗ്ദാനം ചെയ്ത് ഹോംസ്റ്റേകളിൽ എത്തിച്ച് ഭീഷണിപ്പെടുത്തിയും മാരക മയക്കുമരുന്നുകൾ നൽകിയും അടിമപ്പെടുത്തി വളരെ തുച്ഛമായ തുക നൽകി അനാശാസ്യപ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുകയും ഇടനിലക്കാർ ലക്ഷങ്ങൾ സമ്പാദിക്കുകയും ചെയ്തുവരുന്നതായി സൂചനയുണ്ട്. ഹണി ട്രാപ്പിൽ ഉൾപ്പെടുത്തി പലരുടെയും പണം നഷ്ടമായോ എന്നുകൂടി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.