ആനക്കാംപൊയില്‍- കള്ളാടി-മേപ്പാടി തുരങ്കപാത: വയനാട്ടിൽ പ്രതീക്ഷക്കൊപ്പം ആശങ്കയും
text_fieldsകൽപറ്റ: വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചതോടെ ചുരത്തിന് മുകളിൽ പ്രതീക്ഷക്കൊപ്പം ആശങ്കയും ഉയരുന്നു. പദ്ധതിക്കായി ഉപയോഗിക്കുന്ന വനഭൂമിക്കു പകരം 17.263 ഹെക്ടർ ഭൂമിയിൽ വനം വെച്ചു പിടിപ്പിക്കണമെന്ന നിർദേശമാണ് മന്ത്രാലയം നൽകിയിട്ടുള്ളത്.
സൗത്ത് വയനാട് ഡിവിഷനിൽ പെട്ട ചുള്ളിക്കാട്, കൊള്ളിവയൽ, മടപ്പറമ്പ്, മണൽവയൽ വില്ലേജുകളിൽ വനം വകുപ്പ് ഏറ്റെടുത്ത ഭൂമിയിൽ മരം വെച്ചുപിടിപ്പിക്കാനാണ് സാധ്യത. സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന പരിസ്ഥിതി ആഘാത പഠനം ജൂലൈ മാസം പൂർത്തിയാവും. ഇതിനു ശേഷം തുരങ്കപാതയുടെ പ്രവൃത്തി ആരംഭിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഡംപിങ് യാർഡ്, സ്വകാര്യ ഭൂമി എന്നിവയുടെ സ്ഥലമേറ്റെടുപ്പ് നടപടികൾ പുരോഗമിക്കുകയാണ്.
പദ്ധതി നടപ്പായാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ തുരങ്കപാതയാവും ആനക്കാംപൊയില്‍-കാള്ളാടി-മേപ്പാടി പാത. രാജ്യത്തെതന്നെ ഏറ്റവും വലിയ തുരങ്കപാതകളില്‍ ഒന്നായി ഇത് മാറുകയും ചെയ്യും. 6.8 കിലോ മീറ്ററാണ് തുരങ്കത്തിന്റെ ദൈര്‍ഘ്യം. തുരങ്കത്തിലേക്കുള്ള അപ്രോച് റോഡുകളും ചേര്‍ത്താൽ 7.826 കിലോ മീറ്ററാവും.
ആനക്കാംപൊയിലില്‍നിന്ന് മറിപ്പുഴ വരെ 6.6 കിലോ മീറ്റര്‍ റോഡും ഇതുകഴിഞ്ഞ് ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ 70 മീറ്റര്‍ നീളത്തില്‍ രണ്ടുവരിപ്പാതയുടെ സൗകര്യത്തോടെ പാലവും നിർമിക്കും. പാലം കഴിഞ്ഞ് രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ സ്വര്‍ഗംകുന്ന് വരെയും റോഡു നിർമിക്കും. സ്വര്‍ഗംകുന്ന് മുതല്‍ മലതുരന്ന് കള്ളാടി വരെ രണ്ടു വരിപ്പാതയുടെ വീതിയിലാവും നിർമാണം. കള്ളാടിയില്‍നിന്ന് മേപ്പാടിയിലേക്ക് ഒമ്പതു കിലോമീറ്റര്‍ നീളത്തില്‍ റോഡും നിർമിക്കും.
തുരങ്കപാത നിർമാണോദ്ഘാടനം 2020 ഒക്ടോബർ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന് ഓൺലൈനായി നിര്‍വഹിച്ചിരുന്നു. മേപ്പാടി കോട്ടപ്പടി വില്ലേജിൽ വിവിധ സർവേ നമ്പറുകളിലായി 4.82 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ചുമതല കോഴിക്കോട്, വയനാട് ജില്ല കലക്ടർക്കാണ്. 2134.50 കോടി ചെലവു പ്രതീക്ഷിക്കുന്ന വൻ പദ്ധതിക്ക് 2022 ഫെബ്രുവരിയിൽ കിഫ്ബി അംഗീകാരം നൽകി. നേരത്തെ തുരങ്കപാതക്ക് 658 കോടിയുടെ ഭരണാനുമതി ലഭിച്ചിരുന്നു. പിന്നീട് കൊങ്കൺ റെയിൽവേ കോർപറേഷൻ തയാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട് പ്രകാരമാണ് 2134.50 കോടി രൂപയുടെ ചെലവു വരുമെന്ന് കണക്കാക്കിയത്.
പ്രതീക്ഷകൾ
കൽപറ്റ, തിരുവമ്പാടി നിയോജകമണ്ഡലങ്ങളിലെ വികസനക്കുതിപ്പിന് തുരങ്കപാത വഴിവെക്കുമെന്നതും പ്രതീക്ഷയാണ്. കോഴിക്കോട് ജില്ലയിൽനിന്ന് വയനാട്ടിലേക്ക് എത്താനുള്ള പ്രധാനപാതയിലെ ഗതാഗത തടസ്സങ്ങൾക്ക് പരിഹാരമാവും. വലിയ ഭാരവാഹനങ്ങൾ തുരങ്കപാത വഴി തിരിച്ചുവിടാൻ സാധിച്ചാൽ വയനാട് ചുരത്തിലെ നിത്യസംഭവമായ ഗതാഗതക്കുരുക്ക് പരിഹരിക്കപെടുമെന്നതും പ്രതീക്ഷയാണ്. ഗതാഗത മേഖലയിൽ സമഗ്രമായ മാറ്റം വരുന്നതോടെ വയനാട് ചുരത്തിലെ കുരുക്ക് ഒഴിവാകുമെന്നും വിനോദസഞ്ചാരത്തിനായി ചുരം കൂടുതൽ ഉപയോഗപെടുത്താമെന്നും കരുതുന്നു. അടിവാരം-ലക്കിടി റോപ് വേ നിർമിച്ചാൽ വയനാട് ചുരത്തിലെ വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കും. ഈ സമയത്ത് ഇതര വാഹനങ്ങൾക്ക് തുരങ്കപാത ഉപയോഗപ്പെടുത്താമെന്നതും പ്രതീക്ഷയേകുന്നു.
12 കിലോമീറ്റർ വയനാട് ചുരത്തിലെ ഒമ്പതു ഹെയർപിന്‍ വളവുകളിൽ വാഹനങ്ങൾ കുരുങ്ങുന്നതുമൂലം മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് പതിവാണ്. മഴക്കാലത്തെ മണ്ണിടിച്ചിലും പ്രതിസന്ധിയാണ്. ഇവ പരിഹരിക്കപ്പെടും. പുതിയ പാത വരുന്നതോടെ വയനാട്ടിലേക്ക് ശരാശരി 40 കിലോമീറ്റർ ദൂരം കുറയും. തെക്കൻ ജില്ലകളിലുള്ളവർക്ക് കോഴിക്കോട് നഗരം പൂർണമായും ഒഴിവാക്കി നേരെ വയനാട്ടിലേക്കെത്താം. 30 വർഷങ്ങൾക്കപ്പുറത്ത് യാഥാർഥ്യമാവുമെന്ന് പ്രതീക്ഷിക്കുന്ന നിർദിഷ്ട കൊച്ചി-ബംഗളൂരു ചരക്കുപാതയുടെ ഭാഗമായി ഈ പാത മാറും.
തുരങ്കപാതയായതിനാൽ വനമേഖല നശിപ്പിക്കപ്പെടില്ലെന്നും ജൈവവ്യവസ്ഥയെ ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. പരിസ്ഥിതി സംരക്ഷിച്ച് വികസനം യാഥാര്‍ഥ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിന്റെ ഭാഗമായാണ് തുരങ്കപ്പാതയില്‍ എത്തിനില്ക്കുന്നതെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടന വേളയില്‍ പറഞ്ഞത്.
ആശങ്കകൾ
പൊതുവെ അതിദുർബല മേഖലയായ വയനാടിന്റെ പാരിസ്ഥിതിക സന്തുലനത്തെ തുരങ്കപാപ്പാത തകിടംമറിക്കുമെന്ന ആക്ഷേപം ജില്ലയിലെ പരിസ്ഥിതി പ്രവർത്തകരടക്കം ഉന്നയിക്കുന്നു. കാമല്‍ ഹംപ് (ഒട്ടകത്തിന്റെ പൂഞ്ഞപോലെ) മലകളായ ചെമ്പ്ര മലക്കും വെള്ളരിമലക്കും ഇടയിലാണ് തുരങ്കപാതയുണ്ടാക്കുന്നത്. കോഴിക്കോട് ജില്ലയിലുള്ള വാവുല്‍മലയും ഇതില്‍പ്പെടും. തുരങ്കം നിര്‍മിക്കുമ്പോള്‍ മലകളുടെ നിലനില്പിനെ ബാധിക്കുമെന്ന ആശങ്കയുയരുന്നുണ്ട്.
വയനാട്, കോഴിക്കോട്, മലപ്പുറം അതിര്‍ത്തികള്‍ അതീവ പാരിസ്ഥിതിക ദുര്‍ബലമാണെന്നും വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുമ്പോള്‍ വളരെ അധികം ആലോചിക്കണമെന്നും മുമ്പ് പഠനം നടത്തിയ സമിതി നിർദേശിച്ചിരുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സോണ്‍ ഒന്നിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ നാച്ചുറല്‍ ലാന്‍ഡ്സ്കേപ്പിലും ഉള്‍പ്പെടുത്തിയ പ്രദേശം കൂടിയാണിത്. പാത കടന്നുപോകുന്നത് ദുരന്തപ്രദേശങ്ങളിലൂടെയാണെന്ന് പദ്ധതി പ്രഖ്യാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്നെ സൂചിപ്പിച്ചിരുന്നു.
വിവിധ വൻകിട പദ്ധതികള്‍ക്കാവശ്യമായ പ്രകൃതിവിഭവ ശേഖരമാണ് തുരങ്കപാത പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. വയനാട് ചുരത്തിലെ മൂന്ന്, ആറ്, ഏഴ്, എട്ട്, ഹെയര്‍പിന്‍ ഭാഗങ്ങളില്‍ റോഡിനായി വനംവകുപ്പ് ഭൂമി വിട്ടുനല്‍കിയിട്ടുണ്ട്. ഒന്നാം ഹെയര്‍പിന്‍ പ്രദേശത്തെ സ്വകാര്യവ്യക്തികളും ഭൂമി വിട്ടുനല്‍കാന്‍ തയാറാണ്.
ഇതെല്ലാം മറച്ചുവെച്ച് ഗതാഗത തടസ്സമെന്ന കാരണമുന്നയിച്ച് തുരങ്കപാതക്കനുകൂലമായ പിന്തുണ നേടുകയാണ് ഭരണകൂടമെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു. പദ്ധതി നടപടികൾ കോഴിക്കോട് പി.ഡബ്ല്യു.ഡിയെ ഏൽപിക്കുന്നത് വസ്തുതകൾ വയനാട്ടിലെ ജനം അറിയരുതെന്ന ഗൂഢോദ്ദേശ്യത്തോടെയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
തുരങ്കപാത അവസാനിക്കുന്ന മേപ്പാടിയിലാണ് പുത്തുമല. അതീവ പാരിസ്ഥിതിക ദുര്‍ബലമെന്ന് പഠനം നടത്തിയ ഏജന്‍സികളെല്ലാം ഒന്നടങ്കം പറഞ്ഞ പ്രദേശത്തുകൂടി മലതുരന്ന് തുരങ്കം നിര്‍മിക്കുന്നതിലെ അശാസ്ത്രീയതയാണ് പരിസ്ഥിതി പ്രവര്‍ത്തകരും പ്രദേശവാസികളും ഉള്‍പ്പെടെ ചോദ്യംചെയ്യുന്നത്. അനേകം ക്യുബിക് മീറ്റര്‍ കരിങ്കല്ല് തരപ്പെടുത്താനുള്ള ഗൂഢാലോചനയും ഇതിന്റെ പിന്നിലുണ്ടെന്നും പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.