ചേപ്പിലയിൽ വീണ്ടും കടുവ ആക്രമണം
text_fieldsപുൽപള്ളി: പ്രദേശത്ത് വീണ്ടും പശുക്കിടാവിനെ കടുവ കൊന്നു. പുൽപള്ളി ചേപ്പില ശങ്കരമംഗലം നന്ദനന്റെ ആറു മാസം പ്രായമായ പശുക്കിടാവിനെയാണ് കടുവ കൊന്നത്.
കഴിഞ്ഞ രണ്ടു ദിവസത്തിനകം പ്രദേശത്തെ രണ്ടിടങ്ങളിൽ നിന്നായി കടുവ രണ്ടു പശുക്കിടാങ്ങളെ കൊന്നതോടെ പ്രദേശവാസികൾ ഭീതിയിലായി. കടുവയെ പിടികൂടുന്നതിന് വനപാലകർ കൂട് സ്ഥാപിച്ചു. കഴിഞ്ഞ കുറേ നാളുകളായി പുൽപള്ളി പഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെട്ട പ്രദേശങ്ങൾ കടുവ ഭീതിയിലാണ്.
കഴിഞ്ഞ ദിവസം എരിയപ്പള്ളി പൊയ്കയിൽ മോഹനന്റെ പശുക്കിടാവിനെ കടുവ കൊന്നിരുന്നു. കടുവയെ നിരീക്ഷിക്കുന്നതിനായി വനപാലകർ കാമറ സ്ഥാപിച്ചിരുന്നു.
ഇതിനിടെയാണ് തിങ്കളാഴ്ച രാത്രി പത്തോടെ ചേപ്പിലയിലെ നന്ദനന്റെ വീടിനോട് ചേർന്നുള്ള തൊഴുത്തിനടുത്ത് കെട്ടിയിട്ടിരുന്ന പശുക്കിടാവിനെ കടുവ ആക്രമിച്ചുകൊന്നത്. പശുക്കൾ കരഞ്ഞതിനെ തുടർന്ന് ശബ്ദംകേട്ട് പുറത്തിറങ്ങിയ വീട്ടുകാർ കടുവ പശുക്കിടാവിനെ കൊണ്ടുപോകുന്നതാണ് കണ്ടത്. പടക്കം പൊട്ടിച്ചതോടെ കടുവ പശുക്കിടാവിനെ ഉപേക്ഷിച്ച് പോവുകയായിരുന്നു. കഴിഞ്ഞ ദിവസം കടുവ പശുക്കിടാവിനെ കൊന്ന സ്ഥലത്ത് നിന്ന് അരക്കിലോമീറ്റർ ദൂരെ മാറിയുള്ള സ്ഥലമാണ് ചേപ്പില. കഴിഞ്ഞ ഏതാനും മാസങ്ങളായി ഈ പ്രദേശത്ത് കടുവ സാന്നിധ്യം പലപ്പോഴായി ഉണ്ടായിട്ടുണ്ട്. ഇത് ആദ്യമായാണ് വളർത്തുമൃഗങ്ങളെ കടുവ കൊല്ലുന്നത്. ഈ സാഹചര്യത്തിലാണ് വനം വകുപ്പ് കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.