സ്കൂൾ ഓൺലൈൻ ക്ലാസിൽ സാമൂഹിക വിരുദ്ധ അഴിഞ്ഞാട്ടം
text_fieldsമാനന്തവാടി: കുഞ്ഞോം ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍ ഗൂഗ്ള്‍ ക്ലാസില്‍ സാമൂഹിക വിരുദ്ധർ നുഴഞ്ഞു കയറി ക്ലാസ് തടസ്സപ്പെടുത്തിയതായി പരാതി. സ്കൂള്‍ പത്താം ക്ലാസിൽ വെള്ളിയാഴ്ച രാവിലെ 10ന് നടന്ന ഗൂഗ്ള്‍ മീറ്റിലാണ് സമൂഹികദ്രോഹികള് നുഴഞ്ഞുകയറി അധ്യാപികയെ അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തത്. രണ്ടു മാസമായി സ്കൂളിലെ എല്ലാ ക്ലാസുകളിലും ഗൂഗ്ള്‍ മീറ്റ് ക്ലാസുകള്‍ നടന്നുവരുന്നുണ്ട്. സംഭവ സമയത്ത് സോഷ്യല്‍ സയന്‍സ് ക്ലാസ് നടക്കുകയായിരുന്നു. സിയ, ആരോമല്‍, സുഭാഷ് തുടങ്ങിയ നിരവധി ഐഡികളില്‍ നിന്നാണ് സാമൂഹികവിരുദ്ധര്‍ നുഴഞ്ഞുകയറിയത്.
അതിക്രമിച്ചു കയറി അസഭ്യം പറഞ്ഞവരെ ക്ലാസില്‍ നിന്ന് നീക്കം ചെയ്തപ്പോള്‍ വ്യത്യസ്തമായ നിരവധി ഐഡികളില്‍ നിന്ന് ക്ലാസില്‍ പ്രവേശിക്കാന്‍ തുടര്‍ച്ചയായ ശ്രമം നടന്നു.ഇതോടെ അധ്യാപിക ക്ലാസ് അവസാനിപ്പിച്ചു. മേലധികാരികള്‍ക്ക് വിവരം നല്‍കുകയും സ്കൂള്‍ അധികൃതര്‍ ജില്ല പൊലീസ് മേധാവിക്ക് പരാതി അയക്കുകയും ചെയ്തു.കുട്ടികളുടെ ഓണ്‍ലൈന്‍ പഠനമുറികളില്‍ അതിക്രമം കാണിക്കുന്ന സാമൂഹികവിരുദ്ധരുടെ നടപടികളില്‍ സ്കൂള്‍ സ്റ്റാഫ് കൗണ്‍സിലും, പി.ടി.എ കമ്മിറ്റിയും പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.