ഇനി ചുരം കയറിയാൽ എളുപ്പം ഇറങ്ങാനാവില്ല
text_fieldsകൽപറ്റ: വയനാട് ജില്ലയിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ നിശ്ചിത കാലയളവിലേക്ക് ജില്ലയിൽ ജോലിചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും സ്ഥലം മാറ്റാൻ പാടില്ലെന്നുമുള്ള കർശന നിർദേശം ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നൽകിയതോടെ ജില്ലയുടെ വികസനകാര്യങ്ങളിൽ ഗുണപരമായി പ്രതിഫലിച്ചേക്കും. മാർച്ച് 14ന് അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. ആഷ തോമസ് പുറപ്പെടുവിച്ച ഉത്തരവ്, ഉന്നത വിദ്യാഭ്യാസ ഓഫിസർമാരുടെ തസ്തികകളിലടക്കം മാസങ്ങളായി ആളില്ലാത്ത വയനാട് ജില്ലയിൽ പല വകുപ്പുകളുടെയും കാര്യക്ഷമതക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇക്കഴിഞ്ഞ നവംബർ 21ന് ചേർന്ന യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്. വയനാടിനുപുറമെ കാസർകോട്, ഇടുക്കി ജില്ലകൾക്കും ഈ തീരുമാനം ബാധകമാണ്.
മൂന്നു ജില്ലകളുടെയും പ്രത്യേക സാഹചര്യം പരിഗണിച്ചാണ്, വികസനപ്രവൃത്തിയുടെ ഭാഗമായി പദ്ധതികൾ നടപ്പാക്കുന്നതിനും അവ വിജയകരമായി പൂർത്തിയാക്കുന്നതിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അതത് ജില്ലകളിൽ തുടരേണ്ടതുണ്ടെന്ന തീരുമാനം കൈക്കൊണ്ടത്. അടിക്കടിയുള്ള ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം പദ്ധതികളുടെ സുഗമമായ നടത്തിപ്പിനെ ഗുരുതരമായി ബാധിക്കുന്നുണ്ടെന്നാണ് സർക്കാറിന്റെ നിരീക്ഷണം.
പിന്നാക്ക ജില്ലകളിലെ വിവിധ വകുപ്പുകളിൽ നിയമനം ലഭിക്കുന്ന ജീവനക്കാർ ഉടനെ അവധിയിൽ പോകുന്നത് സർക്കാറിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. കാസർകോട്, ഇടുക്കി, വയനാട് പാക്കേജുകളുടെ അവലോകനം സംബന്ധിച്ച് നടന്ന യോഗത്തിൽ അവശ്യ തസ്തികകളിൽ ജീവനക്കാർ ഇല്ലാത്തതുമൂലം പദ്ധതികൾ നടപ്പാക്കാൻ വലിയ കാലതാമസം നേരിടേണ്ടിവരുന്നുവെന്ന് വിലയിരുത്തപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വയനാട്ടിൽ ഉൾപ്പെടെ മൂന്നു ജില്ലകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥർ നിശ്ചിത കാലയളവിലേക്ക് ആ ജില്ലകളിൽ ജോലിചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ കർശന നിർദേശം പുറപ്പെടുവിക്കണമെന്ന് തീരുമാനമെടുത്തത്. പദ്ധതി നിർവഹണത്തിന് അനുയോജ്യരായ ഉദ്യോഗസ്ഥരെ കണ്ടെത്തി ഓരോ പ്രോജക്ടിന്റെയും ആവശ്യകതയെ അടിസ്ഥാനമാക്കി നിർണയിക്കുന്ന നിശ്ചിത കാലാവധിയിലേക്ക് കാസർകോട്, ഇടുക്കി, വയനാട് ജില്ലകളിൽ പ്രസ്തുത ഉദ്യോഗസ്ഥർ ജോലിയിൽ തുടരണം എന്ന നിർദേശം അടങ്ങിയ നിയമന ഉത്തരവ് പുറപ്പെടുവിക്കാൻ ബന്ധപ്പെട്ട വകുപ്പ് തലവൻമാർക്ക് കർശന നിർദേശം നൽകുന്നതാണ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.
ജില്ലക്ക് ഗുണം ചെയ്യും -ജില്ല പഞ്ചായത്ത് പ്രസിഡന്റ്
കൽപറ്റ: ജില്ലയിലെത്തുന്ന ഉദ്യോഗസ്ഥർ നിശ്ചിത കാലയളവിൽ ഇവിടെ ജോലി ചെയ്യണമെന്ന ഉത്തരവ് നടപ്പാക്കുന്നത് ജില്ലക്ക് ഏറെ ഗുണം ചെയ്യുമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ. അതേസമയം, ഉന്നത തസ്തികകളിൽ വയനാട്ടിലേക്ക് നിയമിക്കപ്പെടുന്നവർ അധികവും റിട്ടയർമെന്റ് സമയത്താണ് ചുരം കയറിയെത്തുന്നത്. ഒരുപാട് അവധികൾ ബാക്കിയുള്ള അവർ അവധിയെടുത്ത് പോകുന്ന സാഹചര്യമാണുള്ളത്. ഇതിനും പരിഹാരമുണ്ടാകണം.
ജില്ലയിലെത്തിയാൽ മിക്ക ഉദ്യോഗസ്ഥരും ജോയിൻ ചെയ്ത ഉടനെ ട്രാൻസ്ഫറിന് ശ്രമിക്കുകയാണ്. ഇതാണ് ഇപ്പോൾ കണ്ടുവരുന്ന പ്രവണത. ഇവിടെയെത്തുന്ന ഉന്നത ഉദ്യോഗസ്ഥർ അധികവും ഇതര ജില്ലക്കാരാണ്. അവർ സ്വാധീനം ഉപയോഗിച്ച് സൗകര്യപ്രദമായ സ്ഥലത്തേക്ക് ട്രാൻസ്ഫർ വാങ്ങിക്കാനുള്ള നീക്കമാണ് നടത്തുന്നത്.
ഈ ഉത്തരവ് വഴി അത് അവസാനിപ്പിക്കാനായാൽ അതേറെ നല്ലത്. അപ്പോഴും ഡി.ഇ.ഒ അടക്കം പല ഉന്നത പോസ്റ്റുകളിലും ജില്ലയിൽ ആളില്ലാത്ത അവസ്ഥയാണ്. അതിനും ഉടനടി മാറ്റമുണ്ടാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.