കൽപറ്റയിൽ സൈനിക കാന്റീൻ പ്രവർത്തനമാരംഭിച്ചു
text_fieldsകൽപറ്റ: ജില്ലയിലെയും അതിർത്തി പ്രദേശങ്ങളിലെയും ആയിരക്കണക്കിന് വിമുക്ത ഭടന്മാർക്കും കുടുംബങ്ങൾക്കും ആശ്വാസം പകർന്ന് കൽപറ്റയിൽ സൈനിക കാന്റീൻ (സി.എസ്.ഡി) പ്രവർത്തനമാരംഭിച്ചു. ഒക്ടോബർ അവസാനവാരമാണ് കാന്റീൻ ജില്ലയിൽ കാന്റീൻ പൂർണതോതിൽ പ്രവർത്തനമാരംഭിച്ചത്.
കാന്റീൻ സൗകര്യമില്ലാത്തതിനാൽ കോഴിക്കോട്, കണ്ണൂർ, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിലേക്ക് 100 കിലോമീറ്ററോളം സഞ്ചരിച്ചാൽ മാത്രമാണ് ഉത്പന്നങ്ങൾ വാങ്ങാൻ കഴിഞ്ഞിരുന്നത്. ഇതിന് അവസാനമായതിന്റെ ആശ്വാസത്തിലാണ് ഉപഭോക്താക്കൾ. നിരവധി വർഷങ്ങളായുള്ള വിമുക്ത ഭടന്മാരുടെ ആവശ്യമാണ് ഇപ്പോൾ പൂവണിഞ്ഞത്. എന്.സി.സി 5 കേരള ബറ്റാലിയനാണ് ജില്ലയിൽ കാന്റീൻ ചുമതല. നായക് സുബേദാർ രാജേഷാണ് ജില്ലയിലെ കാൻറീൻ മേൽനോട്ടം വഹിക്കുന്നത്. കൽപറ്റ ബൈപാസിലെ വാടകക്കെട്ടിടത്തിലാണ് കാൻറീൻ പ്രവർത്തനമാരംഭിച്ചത്. സൈനികർ, വിമുക്തഭടന്മാർ, വിമുക്തഭട ആശ്രിതർ, എൻ.സി.സി ഉദ്യോഗസ്ഥർ എന്നിവർക്കാണ് സി.എസ്.ഡിയുടെ പ്രയോജനം ലഭിക്കുക. ജില്ലയിലെ 5000ത്തോളം പേർക്ക് ഉപകാരപ്രദമാവും.
എരുമാട്, ഗൂഡല്ലൂർ, പന്തല്ലൂർ പ്രദേശങ്ങളിലുള്ള ഉപഭോക്താക്കൾ കൽപറ്റയിലെ സി.എസ്.ഡി സൗകര്യം ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. നിലവിൽ കോഴിക്കോട് എൻ.സി.സി ബറ്റാലിയനിൽനിന്നുള്ള മൂന്ന് ജീവനക്കാരാണ് ഇവിടെയുള്ളത്. മൂന്ന് മാസം അവർ ഇവിടെ ജോലിയിലുണ്ടാവും. ഇക്കാലയളവിൽ ജില്ലയിൽനിന്നുള്ള യോഗ്യരായ മൂന്നുപേരെ നിയമിക്കും. ജില്ല സൈനിക ക്ഷേമ ഓഫിസ് അതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. നിയമിക്കപ്പെടുന്നവർക്ക് കോഴിക്കോട്ട് പരിശീലനം നൽകും. നിലവിൽ സാധനങ്ങൾ സ്റ്റോക് ചെയ്യാനുള്ള സൗകര്യം കുറവാണ്. കൂടുതൽ മുറികൾ വാടകക്കെടുത്ത് ഈ കുറവ് പരിഹരിക്കാനുള്ള നീക്കം അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നാണ് അറിയുന്നത്. കാന്റീനിലെത്തുന്നവർക്കുള്ള ഇരിപ്പിട സൗകര്യം പരിമിതമാണ്. കുടിവെള്ള സൗകര്യവും ചെറിയ തോതിലെങ്കിലുമുള്ള ഭക്ഷണശാലയും ഇവിടെ ഒരുക്കേണ്ടതായിട്ടുണ്ട്. ഭക്ഷണശാല ഒരുക്കാനുള്ള ശ്രമം എക്സ് സർവിസ് ലീഗിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ചിട്ടുണ്ട്.
നേരത്തേ, മൊബൈൽ കാന്റീനായിരുന്നു ജില്ലയിൽ പ്രവർത്തിച്ചിരുന്നത്. രണ്ടു മാസത്തിൽ ഒരിക്കലാണ് ഇതിന്റെ സേവനം ലഭ്യമായിരുന്നത്. ഇത് നാലു വർഷം മുമ്പ് നിർത്തലാക്കിയത് ജില്ലയിലുള്ളവർക്ക് തിരിച്ചടിയായി. പ്രായമായവർ, വിമുക്തഭടന്മാരുടെ വിധവകൾ എന്നിവർക്ക് കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും ചുരമിറങ്ങി പോയി വിലക്കുറവിൽ സാധനങ്ങൾ വാങ്ങാൻ വൻ പ്രയാസമനുഭവിച്ചിരുന്നു. അതിനാൽ അർഹതയുണ്ടായിട്ടും കാന്റീൻ സൗകര്യം ഉപയോഗപ്പെടുത്താത്ത നിരവധി പേരുണ്ടായിരുന്നു. പെൻഷൻ മാത്രം ആശ്രയിച്ചു ജീവിക്കുന്നവർക്ക് വലിയ ആശ്വാസമാണ് കുറഞ്ഞ വിലയിൽ ലഭിക്കുന്ന നിത്യോപയോഗ സാധനങ്ങൾ അടക്കമുള്ളവ. ഇത് ജില്ലയിൽതന്നെ ലഭിച്ചുതുടങ്ങിയതിന്റെ സന്തോഷത്തിലാണിവർ. കേരള സ്റ്റേറ്റ് എക്സ് സർവിസ് ലീഗിന്റെ ശ്രമഫലമായാണ് സൈനിക കാന്റീൻ ജില്ലയിൽ യാഥാർഥ്യമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.