ആദിവാസി യുവതിയെ മർദിച്ചെന്ന പരാതി അടിസ്ഥാനരഹിതം -പരക്കുനി കോളനിവാസികൾ
text_fieldsപനമരം: കർണാടകയിലെ കുടകിൽ കാപ്പി പറിക്കാനായി പോയ പനമരം പരക്കുനി കോളനിയിലെ സന്ധ്യ (20)യെ തൊഴിലുടമ ബാവ എന്ന ഷാനവാസ് മർദിച്ചെന്നത് അടിസ്ഥാനരഹിതമാണെന്ന് പരക്കുനി കോളനിക്കാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പരക്കുനി താമസിക്കുന്ന ബാവ സന്ധ്യയെ മർദിച്ചിട്ടില്ല. സന്ധ്യ മദ്യപിച്ച് ആറുവയസ്സുള്ള മകളെ മുറിയിലിട്ട് പൂട്ടി മർദിച്ചതിനെ ബാവ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. കഴിഞ്ഞവർഷം മുതൽ ബാവയോടൊപ്പം കുടകിൽ കാപ്പി പറിക്കാൻ പോവുന്നവരാണെന്നും ഇതുവരെ പ്രയാസം സൃഷ്ടിക്കുന്ന ഇടപെടൽ ബാവയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും കോളനിയിലെ ശമ്പ, സൗമ്യ, വെള്ളച്ചിയമ്മ, മൃദുല, അഖില, സരിത തുടങ്ങിയവർ പറഞ്ഞു.
കുടകിലെ തൊഴിലിടത്തിൽ തൊഴിലുടമയും പനമരം പരക്കുനി ശാഖ മുസ്ലിംലീഗ് കമ്മിറ്റി പ്രസിഡന്റ് കൂടിയായ ബാവയും ബന്ധുവായ ലീലയും ചേർന്ന് തന്നെ മർദിച്ചെന്നാരോപിച്ച് സന്ധ്യ പനമരം പൊലീസിൽ പരാതി നൽകിയിരുന്നു. രണ്ടാഴ്ചയോളം കുടകിൽ ജോലിസ്ഥലത്തെ മുറിയിൽ അവശനിലയിൽ കിടന്നതായും പറയുന്നു.
വയറ്റിലേറ്റ അടിയുടെ ആഘാതത്തിൽ രക്തസ്രാവമുണ്ടായെന്നും എങ്ങനെയോ നാട്ടിൽ എത്തുകയായിരുന്നെന്നും സന്ധ്യ പറഞ്ഞു. നാട്ടിലെത്തിയ ശേഷം പനമരം സി.എച്ച്.സിയിൽ മൂന്നുദിവസം കിടത്തി ചികിത്സ തേടി. വീട്ടിലേക്ക് മടങ്ങിയെങ്കിലും ആരോഗ്യനില മോശമായതോടെയാണ് മർദിച്ച കാര്യം പുറത്തറിയുന്നത്.
എം.എൽ.എ ഒ.ആർ കേളു ഉൾപ്പെടെ സ്ഥലത്തെത്തി. സന്ധ്യയുടെ പരാതിയിൽ പനമരം പൊലീസ് ബാവക്കെതിരെയും സന്ധ്യയുടെ ബന്ധു കൂടിയായ ലീലക്കെതിരെയും കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.