ഇടതുകാറ്റിൽ ഉലയാതെ വയനാട്
text_fieldsകൽപറ്റ: സംസ്ഥാനമൊട്ടാകെ ആഞ്ഞുവീശിയ ഇടതുതരംഗത്തിലും വയനാട് യു.ഡി.എഫിനൊപ്പം.
•ജില്ലയിലെ ആകെയുള്ള മൂന്നു മണ്ഡലങ്ങളിൽ രണ്ടെണ്ണത്തിലും വിജയിച്ച് യു.ഡി.എഫ് കോട്ടയാണെന്ന് വയനാട് ഒരിക്കൽകൂടി തെളിയിച്ചു.
•കഴിഞ്ഞ ഇടതുതരംഗത്തിൽ നഷ്ടപ്പെട്ട കൽപറ്റ പിടിച്ചെടുത്തതിനു പുറമെ, സിറ്റിങ് സീറ്റായ സുൽത്താൻ ബത്തേരി നിലനിർത്താനുമായി.
•മാനന്തവാടി മണ്ഡലം വൻഭൂരിപക്ഷത്തിൽ നിലനിർത്താനായത് എൽ.ഡി.എഫിന് ആശ്വാസമായി. പൊരിഞ്ഞ പോരിനൊടുവിൽ കൽപറ്റ തിരിച്ചുപിടിക്കാൻ കഴിഞ്ഞതിെൻറ ആഹ്ലാദത്തിലാണ് യു.ഡി.എഫ് ക്യാമ്പ്. ചുരുക്കം ചില അപവാദങ്ങൾ ഒഴിച്ചുനിർത്തിയാൽ, വയനാട് എന്നും യു.ഡി.എഫിനൊപ്പമായിരുന്നു.
•2006ൽ ജില്ലയിലെ മൂന്നു മണ്ഡലവും ഒപ്പം നിന്ന് എൽ.ഡി.എഫിന് മികച്ച വിജയം നൽകി.
•2011ൽ മൂന്നു മണ്ഡലവും തിരിച്ചുപിടിച്ച്
യു.ഡി.എഫ് കോട്ടയാണെന്ന് തെളിയിച്ചു
•2016ലെ ഇടതുതരംഗത്തിൽ സുൽത്താൽ ബത്തേരി ഒഴികെ, രണ്ടു മണ്ഡലവും
യു.ഡി.എഫിനെ കൈവിട്ടു.
•തുടർച്ചയായ രണ്ടാംതവണയും വീശിയ ഇടതുതരംഗത്തിൽ ജില്ല യു.ഡി.എഫിനൊപ്പം നിന്നു.
കേളു മാജിക്
മാനന്തവാടിയുടെ മാനസപുത്രനായി വീണ്ടും കേളു നിയമസഭയിലേക്ക്. ആദ്യ റൗണ്ടുകളിൽ മാനന്തവാടിയിൽ യു.ഡി.എഫ് സ്ഥാനാർഥി പി.കെ. ജയലക്ഷ്മിക്ക് കുറഞ്ഞ മാർജിനിൽ ലീഡ് ലഭിച്ചിരുന്നെങ്കിലും തുടർന്നുള്ള ഓരോ റൗണ്ടിലും എൽ.ഡി.എഫിെൻറ ഒ.ആർ. കേളു ഭൂരിപക്ഷം വർധിപ്പിക്കുന്നതാണ് കണ്ടത്. വോട്ടെണ്ണൽ അവസാന റൗണ്ടിൽ എത്തുന്നതിന് മുമ്പുതന്നെ ജയലക്ഷ്മി, പിടിച്ചുകയറാനാവാത്തവിധം പിന്നിലായി. ഒ.ആർ. കേളു 9282 വോട്ടിെൻറ ഭൂരിപക്ഷത്തോടെ വീണ്ടും മാനന്തവാടിയുടെ ജനനായകനായി. കേളുവിന് 72,536 വോട്ട് ലഭിച്ചപ്പോൾ എതിരാളി പി.കെ. ജയലക്ഷ്മിക്ക് 63,254 വോട്ടാണ് ലഭിച്ചത്. എൻ.ഡി.എ വോട്ടുകൾ കുറഞ്ഞു. ബി.ജെ.പിയുടെ മുകുന്ദൻ പള്ളിയറക്ക് 13,142 വോട്ടുകളാണ് നേടാനായത്. കഴിഞ്ഞ തവണത്തേക്കാൾ 3,088 വോട്ടുകളുടെ കുറവ്.
ആദ്യ റൗണ്ടിൽ സ്വന്തം പഞ്ചായത്തായ തവിഞ്ഞാലിൽ ജയലക്ഷ്മി 311 വോട്ടിെൻറ ലീഡ് നേടി. എന്നാൽ, രണ്ടാം റൗണ്ടിൽ കേളു 337 വോട്ടോടെ മുന്നിലെത്തി. മൂന്നാം റൗണ്ടിൽ 2514ഉം നാലാം റൗണ്ടിൽ 5120ഉം അഞ്ചിൽ 7452ഉം വോട്ടിെൻറ ലീഡ് നേടി കേളു ബഹുദൂരം മുന്നേറി. പത്താം റൗണ്ടിൽ 9742ഉം പതിനൊന്നിൽ 10005മായി ലീഡ് ഉയർത്തി. പിന്നീട്, പന്ത്രണ്ടാം റൗണ്ടിൽ 9558 ആയി ലീഡ്നില താഴ്ന്നു. പതിമൂന്നാം റൗണ്ടിൽ 9541 ആയും പതിനാലിൽ 8747ആയും കുറഞ്ഞുവെങ്കിലും അവസാന റൗണ്ടിൽ ലീഡ് ഉയർത്തി.
തിരുനെല്ലി, എടവക, തൊണ്ടർനാട്, പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും കേളുവിനൊപ്പം നിലയുറപ്പിച്ചപ്പോൾ തവിഞ്ഞാലും വെള്ളമുണ്ടയും പനമരവും ജയലക്ഷ്മിക്കൊപ്പം നിന്നു. തിരുനെല്ലി 4891ഉം മാനന്തവാടി 3199ഉം ഭൂരിപക്ഷം നൽകിയതാണ് വലിയ മാർജിനിൽ വിജയിക്കാൻ കാരണം. കഴിഞ്ഞ തവണ 1307 വോട്ടിെൻറ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. ഇത്തവണ ആകെയുള്ള 195048 വോട്ടിൽ 149086 വോട്ടാണ് പോൾ ചെയ്തത്. 76.43 ശതമാനമായിരുന്നു പോളിങ്. എസ്.ഡി.പി.ഐയുടെ ബബിത ശ്രീനു 1992 വോട്ടുകൾ നേടി.
ഹാട്രിക് െഎ.സി
തുടർച്ചയായ മൂന്നാം അങ്കത്തിലും ഭൂരിപക്ഷം വർധിപ്പിച്ച് ഐ.സി. ബാലകൃഷ്ണൻ. ഔദ്യോഗിക സ്ഥാനാർഥി പ്രാഖ്യാപനത്തിന് മുമ്പുതന്നെ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ നിശ്ശബ്ദ പ്രചാരണം തുടങ്ങിയ സിറ്റിങ് എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ തുടക്കംമുതലേ ആത്മവിശ്വാസത്തിലായിരുന്നു. പ്രചാരണകാലത്തെ ആധിപത്യം ഫലത്തിലും നിലനിർത്താൻ വോട്ടർമാർ ഐ.സിയെ സഹായിച്ചപ്പോൾ 81,077 വോട്ടുകൾ നേടാനായി. 11,822 വോട്ടുകളുടെ ആധികാരിക വിജയം.
എൽ.ഡി.എഫിലെ എം.എസ്. വിശ്വനാഥൻ 69,255 വോട്ടുകൾ നേടി. തുടക്കം മുതൽ ഓരോ റൗണ്ടിലും ഐ.സിക്ക് വ്യക്തമായ ലീഡ് നിലനിർത്താനായി. ആദ്യ റൗണ്ട് പൂർത്തിയായപ്പോൾ 1162 വോട്ടുകളുടെ ലീഡ് എം.എസ്. വിശ്വനാഥനേക്കാളും ഐ.സിക്ക് ലഭിച്ചു. രണ്ടാം റൗണ്ടിൽ അത് 2802 ആയി. ഓരോ റൗണ്ട് പൂർത്തിയാകുമ്പോഴും ഒരിക്കൽ പോലും ഒപ്പത്തിനൊപ്പമെത്താൻ എൽ.ഡി.എഫ് സ്ഥാനാർഥിക്കായില്ല. എന്നാൽ, എൻ.ഡി.എയുടെ വോട്ടുകളിൽ ഇത്തവണ വലിയ രീതിയിൽ ചോർച്ചയുണ്ടായി.
15,198 വോട്ടുകൾ മാത്രമാണ് നേടാനായത്. 2016ൽ സി.കെ. ജാനു 27920 വോട്ട് നേടിയിരുന്നു. പിന്നീട് മുന്നണി വിട്ട്, തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പു മാത്രമാണ് വീണ്ടും സഖ്യകക്ഷിയായി താമര ചിഹ്നത്തിൽ മത്സരിച്ചത്. ജാനുവിെൻറ സ്ഥാനാർഥിത്വത്തിനെതിരെ ബി.ജെ.പി ജില്ല നേതൃത്വം രംഗത്തുവന്നിരുന്നെങ്കിലും സംസ്ഥാന നേതാക്കൾ ഇടെപട്ട് പ്രതിഷേധം തണുപ്പിക്കുകയായിരുന്നു. ബി.ജെ.പി നേതാക്കൾ പ്രചാരണത്തിൽ സഹകരിച്ചില്ലെന്ന ആരോപണം നിലനിൽക്കെയാണ് വോട്ടുവിഹിതത്തിൽ ചോർച്ചയുണ്ടായത്.
കോട്ടപിടിച്ച് സിദ്ദീഖ്
ചുരംകയറിയെത്തിയ സിദ്ദീഖ്, കൽപറ്റയിൽ നേടിയ വിജയത്തിന് തിളക്കമേറെ. പ്രതികൂല ഘടകങ്ങളോടെല്ലാം പൊരുതിയാണ് ആദ്യമായി നിയമസഭാംഗമാകുന്നത്. എൽ.ഡി.എഫിലെ എം.വി. ശ്രേയാംസ് കുമാറിനെ 5,470 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. സിദ്ദീഖ് 70,252 വോട്ടുകൾ നേടി. എൽ.ഡി.എഫിന് 64,782 വോട്ടുകളും.
ഇത്തവണ മുന്നണി മാറി പരീക്ഷിച്ചെങ്കിലും കൽപറ്റ ശ്രേയാംസിനെ തുണച്ചില്ല. 2016ൽ ശ്രേയാംസിനെതിരെ 13,083 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് സി.കെ. ശശീന്ദ്രൻ ചരിത്ര വിജയം കുറിച്ചത്. അപ്രതീക്ഷിത തോൽവി എൽ.ഡി.എഫിന് തിരിച്ചടിയായി. എൻ.ഡി.എ വോട്ടു വിഹിതം വർധിപ്പിക്കുകയും ചെയ്തു. ബി.ജെ.പിയിലെ ടി.എം. സുബീഷ് 14,133 വോട്ടുകൾ നേടി. കഴിഞ്ഞ തവണ 12,938 വോട്ടുകളാണ് നേടിയത്.
ആദ്യ റൗണ്ടിൽ നേടിയ ലീഡ് സിദ്ദീഖിന് അവസാന റൗണ്ടുവരെ നിലനിർത്താനായി. ഒരുഘട്ടത്തിൽ പോലും പിന്നിലേക്ക് പോയില്ല. യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ പടിഞ്ഞാറത്തറ, കണിയാമ്പറ്റ, മുട്ടിൽ എന്നിവിടങ്ങളിലെല്ലാം സിദ്ദീഖ് മികച്ച ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നെങ്കിലും പകുതിയായി കുറഞ്ഞു. അതേസമയം, എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽനിന്ന് അപ്രതീക്ഷിത നേട്ടമുണ്ടാക്കാനായി.
കൽപറ്റ, വെങ്ങപ്പള്ളി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളിൽനിന്ന് ലഭിക്കുന്ന മികച്ച ഭൂരിപക്ഷത്തിലൂടെ സിദ്ദീഖിനെ മറികടക്കാനാകുമെന്ന കണക്കൂകൂട്ടലിലായിരുന്നു എൽ.ഡി.എഫ്. എന്നാൽ, ഈ പഞ്ചായത്തുകളിൽനിന്ന് കാര്യമായ വോട്ടുനേടാൻ ശ്രേയംസ് കുമാറിനായില്ല. എൽ.ജെ.ഡിക്ക് സീറ്റ് കൊടുക്കുന്നതിൽ സി.പി.എമ്മിൽ നേരത്തെ തന്നെ വലിയ അമർഷമുണ്ടായിരുന്നു. ഇത് പരമ്പരാഗത ഇടതുവോട്ടുകളിൽ വിള്ളലുണ്ടാക്കിയെന്നുവേണം കരുതാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.