ടൂറിസം മന്ത്രിയും വയനാട് കലക്ടറും അറിയാൻ...ഇവിടെ കുറേ മനുഷ്യർ ജീവിക്കുന്നുണ്ട്
text_fieldsകൽപറ്റ: നിലവിൽ ഇന്ത്യാ മഹാരാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള ജില്ലകളിലൊന്നാണ് വയനാട്. രാജ്യത്തും സംസ്ഥാനത്തും കോവിഡ് അതിദ്രുതം വ്യാപിക്കുന്ന ജില്ല. എന്നാൽ, അധികൃതർക്ക് അങ്ങനെയൊരു ആധിേയയില്ല. ഇവിടെ കോവിഡ് വ്യാപനം ഭീതിദമാംവിധം കുതിച്ചുയരുേമ്പാഴും അവർക്ക് പരിഭ്രാന്തിയോ ആശങ്കയോ തരിമ്പുമില്ല. ഈ മണ്ണിൽ ജീവിക്കുന്ന പരശ്ശതം പാവങ്ങളെക്കുറിച്ചോ രോഗം ഈ നാടിനെ അത്രമേൽ കടന്നാക്രമിക്കുന്നതിനെക്കുറിച്ചോ ചിന്തിച്ച് സമയം കളയാൻ അവർക്ക് നേരമില്ല. പകരം ഈ നാടിെൻറ മുഴുവൻ വാതിലുകളും മലർക്കെ തുറന്നിട്ട് രോഗാതുര കാലത്ത് സഞ്ചാരികളെ മാടിവിളിക്കുന്ന തിരക്കിലാണവർ. നിയന്ത്രണങ്ങൾ അതീവ കർശനമാക്കേണ്ട സമയത്ത് ടൂറിസം വകുപ്പും ജില്ല ഭരണകൂടവും, അവശേഷിക്കുന്ന സഞ്ചാരകേന്ദ്രങ്ങൾ കൂടി സന്ദർശകർക്കായി തുറന്നിട്ട് പണം വാരാനുള്ള തന്ത്രങ്ങളിലാണ്.
കേരളത്തിലെ ഏഴു ജില്ലകളിൽ കോവിഡ് വ്യാപനം കൂടുതലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജൂലൈ അവസാന വാരം കർശന മുന്നറിയിപ്പ് നൽകിയിരുന്നു. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, മലപ്പുറം, വയനാട് എന്നിവയായിരുന്നു ആ ജില്ലകൾ.
അന്ന് ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്തിനു മുകളിലുണ്ടായിരുന്ന ജില്ലകളാണിവ. ഈ ജില്ലകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ കേരളത്തെ അറിയിച്ചിട്ടും വയനാട്ടിൽ ഒരുവിധ നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ അധികൃതർ തയാറായില്ല. ഇപ്പോൾ സംസ്ഥാനത്തു മാത്രമല്ല, രാജ്യത്തുതന്നെ ഏറ്റവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളിൽ ഒന്നാണ് വയനാട്. കഴിഞ്ഞ ഒരാഴ്ചക്കിടെ അഞ്ചു ദിവസങ്ങളിൽ 20ന് മുകളിലാണ് ടി.പി.ആർ. ആഗസ്റ്റ് 19 ന് 20.35, 21ന് 22.29, 23ന് 24.15, 24ന് 24.1, 25ന് 22.9 എന്നിങ്ങനെയാണ് വയനാട്ടിലെ ടി.പി.ആർ നിരക്ക്.
ഇത്രമാത്രം ഗുരുതരമായി രോഗം പടർന്നുപിടിക്കുന്നതിനിടയിലും അടഞ്ഞുകിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങൾ തുറന്നുനൽകാനായിരുന്നു അധികൃതർക്ക് തിടുക്കം. രോഗം പടരുന്നതിനിടയിലാണ് ഇന്നലെ മുതൽ സൂചിപ്പാറയിലേക്ക് പ്രവേശനം അനുവദിച്ചത്. ചെമ്പ്ര പീക്ക് ഉൾപ്പെടെ ജില്ലയിലെ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും തുറന്നുകഴിഞ്ഞു. ജില്ലയിലെ രോഗവ്യാപനം കോവിഡ് കാലത്തെ ഏറ്റവുമയർന്ന ഘട്ടത്തിലെത്തിയ കഴിഞ്ഞ അഞ്ചു ദിവസങ്ങളിൽ പതിനായിരക്കണക്കിന് സന്ദർശകരാണ് ചുരം കയറിയെത്തിയത്. അരലക്ഷത്തോളം പേർ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ടിക്കറ്റെടുത്ത് സന്ദർശനത്തിനെത്തി. ഇതിനിടെ, ടി.പി.ആർ ഉയർന്നു നിൽക്കുന്ന വയനാടിനെ കണ്ടില്ലെന്ന് നടിച്ച് രോഗികളുടെ എണ്ണത്തിൽ കൂടുതലുള്ള അഞ്ചു ജില്ലകളിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനമാണ് കഴിഞ്ഞ ദിവസം സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായത്.
സംസ്ഥാന ടൂറിസം വകുപ്പിെൻറ താൽപര്യം മുൻനിർത്തിയാണ് ജില്ലയിൽ നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയുള്ള നീക്കങ്ങൾ. കേന്ദ്ര മുന്നറിയിപ്പിെൻറ കൂടി പശ്ചാത്തലത്തിൽ മുമ്പ് വാരാന്ത്യ ലോക്ഡൗൺ ദിനങ്ങളിൽ ജില്ലയിലേക്കുള്ള പ്രവേശന കവാടത്തിൽ പൊലീസും ജില്ല അധികൃതരും നിയന്ത്രണം കർക്കശമാക്കിയപ്പോൾ അതിനെ ദുർബലപ്പെടുത്തി മന്ത്രിതല ഇടപെടലുണ്ടായി.
എന്നാൽ, ടൂറിസം മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലും ജില്ലയിലുമുള്ള ബീച്ചുകെളാക്കെ കോവിഡിനെ മുൻനിർത്തി അടഞ്ഞുകിടക്കുകയാണെന്നതാണ് വിരോധാഭാസം. കോഴിക്കോട് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വയനാട്ടിലേതിനേക്കാൾ ഏറെ കുറവായിട്ടും വിശാലമായ ബീച്ചുകളടക്കം അടച്ചിട്ട് കാണിക്കുന്ന ജാഗ്രത, ആദിവാസികളും തോട്ടംതൊഴിലാളികളും ചെറുകിട കർഷകരുമടക്കം പാവപ്പെട്ട ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വയനാടിെൻറ കാര്യത്തിൽ ഒട്ടുമില്ലെന്നത് കടുത്ത വിമർശനത്തിന് ഇടയാക്കുകയാണ്.
പുര കത്തുേമ്പാൾ തിരക്കിട്ട് വാഴ വെട്ടുന്ന ഈ പ്രവണതക്കെതിരെ ജില്ലയിൽ കടുത്ത അമർഷം ഉയർന്നുകഴിഞ്ഞു. നേരത്തേ, കോവിഡ് മഹാമാരിയുടെ തുടക്കത്തിൽ ഫലപ്രദമായ നിയന്ത്രണങ്ങളിലൂടെ ജില്ലയിൽ രോഗം വ്യാപിക്കുന്നത് ചെറുക്കാൻ മുന്നണിയിൽനിന്ന കലക്ടറെ പോലും നോക്കുകുത്തിയാക്കിയാണ് ഇതരജില്ലകളിൽനിന്നുള്ള ചില ലോബികൾക്കുവേണ്ടി വയനാട്ടിൽ നിയന്ത്രണങ്ങളൊന്നുമേർപ്പെടുത്താതെ ഉന്നത അധികൃതർ ഇറങ്ങിക്കളിക്കുന്നത്. നിലവിൽ അനുവർത്തിച്ചുവരുന്ന ടൂറിസം മാതൃക കൊണ്ട് വയനാടിന് ഗുണത്തേക്കാളേറെ ദോഷമാണുള്ളതെന്ന് പൊതുജനം അഭിപ്രായപ്പെടുന്നതിനിടയിലാണ് വയനാടൻ ജനതയുടെ ജീവനുനേരെ മഹാമാരി ഭീഷണി ഉയർത്തുേമ്പാഴും പണത്തിൽമാത്രം കണ്ണുനട്ടുന്ന അധികൃതരുടെ 'ഉല്ലാസ താൽപര്യങ്ങൾ'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.