പ്രഥമ ജാഗ്രതാസമിതി പുരസ്കാരം: മികച്ച ഗ്രാമപഞ്ചായത്തായി മീനങ്ങാടി
text_fieldsമീനങ്ങാടി: ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേട്ടത്തിന് പിന്നാലെ വനിത കമീഷന്റെ മികച്ച ജാഗ്രതാസമിതിക്കുള്ള പ്രഥമ പുരസ്കാരത്തിന് അർഹമായി മീനങ്ങാടി ഗ്രാമപഞ്ചായത്ത്. അതാത് പ്രദേശത്തെ സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും ഉൾപ്പെടെ വാർഡുതലത്തിലും പഞ്ചായത്തുതലത്തിലും തന്നെ പരിഹരിച്ചു മുന്നോട്ടുപോകുന്ന ജാഗ്രത സമിതിക്കുള്ള സംസ്ഥാന തലത്തിൽ തന്നെ മികച്ച പഞ്ചായത്തിനുള്ള പുരസ്കാരമാണ് മീനങ്ങാടിയെ തേടിയെത്തിയത്.
സ്ത്രീകളുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളിൽ പഞ്ചായത്തിലെ ജാഗ്രത സമിതിയുടെ ഇടപെടലാണ് പുരസ്കാര നേട്ടത്തിന് അർഹമാക്കിയതെന്നും കൂട്ടായ പ്രവർത്തനത്തിനുള്ള അംഗീകാരമായി കാണുന്നുവെന്നും മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. നുസ്റത്ത് പറഞ്ഞു.
സ്ത്രീകളുടെ പ്രശ്നങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിനും അവർക്കാവശ്യമായ പിന്തുണയും നിയമസഹായവും ഉൾപ്പെടെ നൽകുന്നതിനുമായി പഞ്ചായത്തിൽ പ്രത്യേകമായി കൗൺസലിങ് സെന്റർ ഉൾപ്പെടെ പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്തിലെ കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്ററുടെ മേൽനോട്ടത്തിലാണ് ജാഗ്രത സമിതി പ്രവർത്തിക്കുന്നത്.
വാർഡ് തലത്തിൽനിന്നുതന്നെ പരമാവധി പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും അല്ലാത്ത പ്രശ്നങ്ങളിൽ ആവശ്യമായ തുടർനടപടിക്കുള്ള പിന്തുണയും പഞ്ചായത്തിലെ ജാഗ്രത സമിതി ഉറപ്പാക്കുന്നുണ്ട്.
ജാഗ്രത സമിതിയുടെ കാര്യക്ഷമമായ പ്രവർത്തനത്തിലൂടെ വനിത കമീഷൻ അദാലത്തിലേക്കോ മറ്റും പരാതികൾ എത്താതെ പഞ്ചായത്ത് തലത്തിൽ തന്നെ പരിഹരിക്കാനാകുന്നു. പല പഞ്ചായത്തുകളിലും ജാഗ്രത സമിതി പേരിൽ മാത്രമൊതുങ്ങുമ്പോഴാണ് മീനങ്ങാടി വേറിട്ടുനിൽക്കുന്നത്. വനിത കമീഷന്റെ സെമിനാർ ഉൾപ്പെടെ പഞ്ചായത്തിൽ നടന്നിരുന്നു.
സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങൾ തിരിച്ചറിയുന്ന രീതിയിലാണ് ജാഗ്രത സമിതിയുടെ പ്രവർത്തനം. ജെൻഡർ ബോധവത്കരണ ക്ലാസുകൾ വാർഡുതലത്തിൽ നടത്തിയും ആശാവർക്കർമാർക്കും ഹരിതകർമ സേന പ്രവർത്തകർക്കും മറ്റു മേഖലയിലുള്ളവർക്കും പ്രത്യേകമായി ബോധവത്കരണ ക്ലാസുകളെടുത്തും പ്രവർത്തനം ഊർജിതമാക്കി.
സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ബൈക്ക് റാലി, മുതിർന്ന സ്ത്രീകൾക്കായി സ്വയം പ്രതിരോധ ക്ലാസുകൾ, സ്കൂളുകളിൽ ജെൻഡർ ബോധവത്കരണ ക്ലാസുകൾ തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ പഞ്ചായത്തിൽ നടത്താനായത് നേട്ടമായിട്ടുണ്ടെന്ന് കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ മുഫീദ തസ്നി പറഞ്ഞു.
ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലെ ചതിക്കുഴികളിൽ പെൺകുട്ടികൾ പെട്ടുപോകുന്ന സംഭവങ്ങൾ, കുടുംബ പ്രശ്നങ്ങൾ തുടങ്ങിയ വിവിധ പരാതികളാണ് ജാഗ്രത സമിതി മുഖേന ആവശ്യമായ ഇടപെടൽ നടത്തി പരിഹരിച്ചിട്ടുള്ളത്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ അവർക്കുള്ള നിയമസുരക്ഷയും മറ്റു കാര്യങ്ങളിലും അവരെ ബോധവാന്മാരാക്കുന്നതിനൊപ്പം നിയമവിദഗ്ധരുടെ സഹായമുൾപ്പെടെ പഞ്ചായത്തിലെ ജാഗ്രത സമിതി ഉറപ്പാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.