ഇളംപ്രായത്തിൽ ബാദുഷ പോയി; നൊമ്പരമടങ്ങാതെ നാട്
text_fieldsമുട്ടിൽ: നാട്ടുകാർക്കും കൂട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്ന പരിയാരം ചേലാമൽ സലീമിന്റെ മകൻ ഇബ്രാഹിം ബാദുഷയുടെ അപ്രതീക്ഷിത വിയോഗത്തിൽ തേങ്ങി പരിയാരം. പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിയായിരുന്ന 16കാരന്റെ മരണത്തിന്റെ ഞെട്ടലിൽനിന്ന് നാട് ഇനിയും മോചിതമായിട്ടില്ല. രണ്ടു ദിവസം മുമ്പ് സ്കൂളിൽ പോകാനുള്ള ഒരുക്കങ്ങൾക്കിടെ തലവേദനയെ തുടർന്ന് തളർന്നുവീണ ബാദുഷ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അത്യാസന്നനിലയിൽ വെന്റിലേറ്ററിലായിരുന്ന ബാദുഷ വ്യാഴാഴ്ച രാത്രിയാണ് നാടിന്റെ മുഴുവൻ പ്രാർഥനകൾക്കിടെ മരണത്തിന് കീഴടങ്ങിയത്.
പഠനത്തിലും പാഠ്യേതരപ്രവർത്തനങ്ങളിലും മികവു കാട്ടിയിരുന്ന ബാദുഷ അധ്യാപകർക്കും കൂട്ടുകാർക്കുമൊക്കെ പ്രിയങ്കരനായിരുന്നു. മദ്റസാപരിപാടികളിലൊക്കെ സജീവമായി പങ്കെടുത്തിരുന്ന ബാദുഷ എന്തു കാര്യത്തിനും ഊർജസ്വലനായി മുന്നിലുണ്ടായിരുന്നുവെന്ന് അധ്യാപകർ പറഞ്ഞു. മികച്ച ഗായകനുമായിരുന്നു.
പരിയാരം സ്കൂളിൽ ഏഴാം തരം വരെ പഠിച്ചശേഷം ഹൈസ്കൂൾ പഠനം എസ്.കെ.എം.ജെ സ്കൂളിലായിരുന്നു. തുടർന്നാണ് പ്ലസ്വണിന് പനങ്കണ്ടി സ്കൂളിൽ പ്രവേശനം നേടിയത്. മരണവിവരമറിഞ്ഞ് നിരവധി പേരാണ് പരിയാരത്തെ വീട്ടിലേക്കെത്തിയത്. രാവിലെ ഒമ്പതുമണിക്ക് പരിയാരം ജുമാമസ്ജിദിൽ നടന്ന മയ്യിത്ത് നമസ്കാരത്തിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. തുടർന്ന് പരിയാരം ദാറുസ്സമാൻ ഓഡിറ്റോറിയം അങ്കണത്തിൽ പൊതുദർശനത്തിനുവെച്ച മൃതദേഹം അവസാനമായി കാണാൻ സഹപാഠികളും അധ്യാപകരുമടക്കം വൻ ജനാവലിയെത്തി. കൂട്ടുകാർ നിറമിഴികളോടെയാണ് പ്രിയ സുഹൃത്തിന് വിടനൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.