വയനാട് വന്യജീവി സങ്കേതത്തിൽ മുളങ്കാടുകൾ തണലിടും
text_fieldsപുൽപള്ളി: വയനാട് വന്യജീവി സങ്കേതത്തിൽ മുളങ്കാടുകൾ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുമായി വനംവകുപ്പ്. ഹരിതകവചമായി നിലകൊള്ളുന്ന മുളങ്കാടുകൾ സമീപകാലത്ത് കൂട്ടത്തോടെ നശിച്ചിരുന്നു. കാട്ടാനകളടക്കം തീറ്റതേടി നാട്ടിലിറങ്ങാനും ഇത് കാരണമായി.
ഇതേത്തുടർന്നാണ് മുളങ്കാടുകൾ പുനഃസ്ഥാപിക്കാനുള്ള പദ്ധതിയുമായി വനപാലകർ രംഗത്തിറങ്ങിയത്. പദ്ധതിയുടെ ഭാഗമായി മുളവിത്തുകൾ നിക്ഷേപിക്കുന്നതിന് തുടക്കമായി. മുളവിത്തുകൾ ശേഖരിച്ച് വനത്തിെൻറ വിവിധ ഭാഗങ്ങളിൽ നിക്ഷേപിക്കുകയാണിപ്പോൾ. ഇതിനായി മുളവിത്തുകൾ മണ്ണും മണലും ചാണകവുമടങ്ങിയ മിശ്രിതമാക്കിയശേഷം ചെറു ഉരുളകളാക്കിയാണ് വനത്തിെൻറ പല ഭാഗങ്ങളിൽ നിക്ഷേപിക്കുന്നത്.
ഇത്തരത്തിൽ 25,000ഓളം ഉരുളകളാണ് വയനാട് വന്യജീവി സങ്കേതത്തിെൻറ വിവിധ ഭാഗങ്ങളിലായി നിക്ഷേപിക്കുക. ഇത്തവണ പരീക്ഷണാടിസ്ഥാനത്തിലാണ് മുളവിത്തുകൾ ഇത്തരത്തിൽ നിക്ഷേപിക്കുന്നത്. ഇത് വിജയിച്ചാൽ വരും വർഷം പദ്ധതി വിജയകരമായി നടപ്പാക്കും.
പദ്ധതിയുടെ ഉദ്ഘാടനം വയനാട് വൈൽഡ് ലൈഫ് വാർഡൻ എസ്. നരേന്ദ്രബാബു വണ്ടിക്കടവിൽ നിർവഹിച്ചു. വണ്ടിക്കടവ് സെക്ഷൻ റേഞ്ച് ഓഫിസർ എൻ. രൂപേഷ്, ഡെപ്യൂട്ടി റേഞ്ചർ വി. ശശികുമാർ തുടങ്ങിയവർ നേതൃത്വം നൽകി. നാലു പതിറ്റാണ്ട് ദൈർഘ്യമുള്ള ആയുഷ്കാലം തീർന്നതോടെയാണ് മുളങ്കാടുകൾ കൂട്ടത്തോടെ നശിച്ചത്. വർഷങ്ങൾക്ക് മുമ്പ് വയനാടൻ കാടുകളിൽ നിറയെ മുളങ്കൂട്ടങ്ങൾ കാഴ്ചയായിരുന്നു. മുളങ്കാടുകൾ മരങ്ങളേക്കാൾ 35 ശതമാനം ഓക്സിജൻ പുറത്തുവിടുന്നുണ്ട് എന്നാണ് കണക്ക്. മണ്ണൊലിപ്പടക്കം തടയുന്നതിനും വലിയ പങ്ക് വഹിക്കുന്നു. കൂടാതെ, ആനകളുടെ ഇഷ്ട ഭക്ഷണമാണ് മുളയില. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ മുള ഉൽപാദിപ്പിക്കുന്നത് ചൈനയിലാണ്. രണ്ടാം സ്ഥാനമാണ് ഇന്ത്യക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.