ഡബ്ല്യു.സി.എസ് പട്ടയഭൂമിയിലെ നിർമാണ നിരോധനം; നെന്മേനിയിൽ ഉദ്യോഗസ്ഥ വിയോജിപ്പ് മറികടന്ന് അനുമതി നൽകാൻ ഭരണസമിതി തീരുമാനം
text_fieldsസുൽത്താൻ ബത്തേരി: വയനാട് കോളനൈസേഷൻ സ്കീം (ഡബ്ല്യു.സി.എസ്) പട്ടയ ഭൂമികളിലെ നിർമാണ നിരോധനം നീക്കുന്നതിന് ഉദ്യോഗസ്ഥരുടെ വിയോജിപ്പോടെ നെന്മേനിയിൽ ഭരണസമിതി തീരുമാനം. എൽ.എ പട്ടയങ്ങളെ ഉദ്ദേശിച്ച് പുറപ്പെടുവിച്ച വിധി ഡബ്ല്യു.സി.എസ് പട്ടയങ്ങൾക്ക് ബാധകമല്ലെന്ന് രണ്ടു തവണ ഹൈക്കോടതി വിധി വന്നിട്ടും ഉദ്യോഗസ്ഥർ തടസ്സവാദം ഉന്നയിക്കുന്നതിനെ തുടർന്നാണ് അടിയന്തര ബോർഡ് ചേർന്ന് ഭരണസമിതി നിർമാണ അനുമതി നൽകാൻ തീരുമാനമെടുത്തത്. നിർമാണ അനുമതി തേടിയ ഗ്രാമ പഞ്ചായത്തിലെ രണ്ട് കക്ഷികൾക്ക് അനുകൂലമായി ഹൈകോടതി പുറപ്പെടുവിച്ച വിധി സ്വാഭാവികമായും എല്ലാ അപേക്ഷകൾക്കും ബാധകമാണെന്ന് ഭരണസമിതി യോഗം വിലയിരുത്തി. അതേസമയം, ഭരണസമിതിയും ഉദ്യോഗസ്ഥരും രണ്ട് തട്ടിലായതോടെ പഞ്ചായത്തിലെ ഡബ്ല്യൂ.സി.എസ് പട്ടയ ഭൂവുടമകൾ വീണ്ടും ആശങ്കയിലായി. ഹൈകോടതി വിധി വന്നതോടെ, കാലങ്ങളായുള്ള തങ്ങളുടെ പ്രശ്നത്തിന് പരിഹാരമായി എന്ന് ആശ്വസിച്ചിരിക്കുമ്പോഴാണ് ഉദ്യോഗസ്ഥരുടെ നിലപാട് പ്രദേശവാസികൾക്ക് തിരിച്ചടിയാവുന്നത്.
ജനങ്ങൾക്ക് ആശ്വാസകരമാവുന്ന കോടതി വിധികൾ നടപ്പാക്കാൻ ഉദ്യോഗസ്ഥർ വിമുഖത കാട്ടുമ്പോൾ പ്രതികൂല വിധികൾ മണിക്കൂറുകൾക്കുള്ളിൽ നടപ്പാകുന്ന കാഴ്ചയാണ് കേരളത്തിലെന്നും ഭരണസമിതി യോഗത്തിൽ വിമർശനമുയർന്നു. ബന്ധപ്പെട്ട കക്ഷികൾക്ക് നിർമാണ അനുമതി നൽകി കോടതി ഉത്തരവുണ്ടായപ്പോൾ തന്നെ തുടർ നടപടികളിൽ വ്യക്തത തേടി വിവിധതലങ്ങളിൽ പഞ്ചായത്ത് കത്ത് നൽകിയതാണ്. ഒരുമാസം കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ ഔദ്യോഗിക നിർദേശം മേലധികാരികൾ രേഖാമൂലം നൽകാൻ തയാറാവാത്ത സാഹചര്യത്തിലാണ് ഭരണസമിതി അടിയന്തര യോഗം വിളിച്ച് തീരുമാനം എടുത്തത്.
എന്നാൽ, കോടതി നിർദേശിച്ച ആളുകൾക്ക് മാത്രമേ നിർമാണാനുമതി നൽകാനാവൂ എന്നും ബാക്കി അപേക്ഷകളുടെ കാര്യത്തിൽ അനുമതി നിഷേധിക്കുന്ന ഉത്തരവ് നിലനിൽക്കുന്നുവെന്നുമാണ് സെക്രട്ടറിക്ക് വേണ്ടി യോഗത്തിൽ പങ്കെടുത്ത അസി. സെക്രട്ടറി അഭിപ്രായം രേഖപ്പെടുത്തിയത്. ഇതോടെ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രതിനിധിയും രണ്ട് തട്ടിലായെങ്കിലും എല്ലാ ജനപ്രതിനിധികളും അനുകൂല നിലപാടെടുത്ത് നിർമാണാനുമതി നൽകാൻ തീരുമാനമെടുക്കുകയായിരുന്നു.
വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ ജയ മുരളി, കെ.വി. ശശി, സുജാത ഹരിദാസ്, മെംബർമാരായ വി.ടി. ബേബി, ഷാജി കോട്ടയിൽ, കെ.വി. കൃഷ്ണൻകുട്ടി, അസി. സെക്രട്ടറി സി. പ്രമോദ് എന്നിവർ സംസാരിച്ചു.
ഉദ്യോഗസ്ഥരുടെ വാദം
എൽ.എ പട്ടയങ്ങളെ ഉദ്ദേശിച്ച് പുറപ്പെടുവിച്ച വിധി ഡബ്ല്യു.സി.എസ് പട്ടയങ്ങൾക്ക് ബാധകമല്ലെന്ന കോടതി ഉത്തരവ് വന്നതോടെ റവന്യു വകുപ്പിനും കലക്ടർക്കും നെൻമേനി പഞ്ചായത്തിൽനിന്ന് കത്ത് നൽകിയിട്ടുണ്ട്. അതിന്റെ മറുപടി ലഭിച്ചിട്ടില്ല. അതിൽ വ്യക്തത വരാത്തതിനാലാണ് അപേക്ഷകർക്ക് അനുമതി നൽകാത്തത്. കോടതി ഉത്തരവുള്ളവർക്ക് അനുമതി നൽകിയിട്ടുണ്ട്. ഭരണസമിതി അനുമതി നൽകാമെന്ന് തീരുമാനമെടുത്തെങ്കിലും കലക്ടറുടെ മറുപടി ലഭിച്ചാൽ മാത്രമേ ഉദ്യോഗസ്ഥർക്ക് നടപടിയെടുക്കാൻ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.